ഒട്ടേറെ സംഘടനകള്‍ രൂപംകൊണ്ടു വളരെ ഭംഗിയായി മുന്നോട്ടു പോകുന്ന ക്രോയ്‌ഡോനില്‍ ഈ വിഷു ദിനത്തില്‍ മറ്റൊരു പേരുകൂടി ചേര്‍ക്കപ്പെട്ടു, ക്രോയ്‌ഡോന്‍ ഹിന്ദു സമാജം. കഴിഞ്ഞ വിഷു ദിനത്തില്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ ഉടമസ്ഥതയില്‍ ക്രോയിഡോണില്‍ ഉള്ള സ്വാമി വിവേകാനന്ദ സെന്ററില്‍ നടന്ന ലളിതമായ ചടങ്ങില്‍ മുന്‍ ക്രോയ്‌ഡോന്‍ മേയറും, കൗണ്‍സിലറുമായ ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ് ഭദ്രദീപം തെളിയിച്ച് ക്രോയ്‌ഡോന്‍ ഹിന്ദു സമാജത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ക്രോയ്‌ഡോനിലെയും സമീപ പ്രദേശങ്ങളിലെയും ഹൈന്ദവരെ കൂടാതെ ഈസ്റ്റ് ഹാമില്‍ നിന്നും ഉള്ളവരും പരിപാടിയില്‍ പങ്കെടുത്തു.

ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ച ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ് അസംഖ്യം സംഘടനകള്‍ പ്രവര്‍ത്തിച്ചു വരുന്ന ക്രോയ്‌ഡോനില്‍ ഹൈന്ദവ കൂടായ്മ ലക്ഷ്യമാക്കി വളരെ ലളിതമായ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ഉദ്ദേശിക്കുന്ന ക്രോയ്‌ഡോന്‍ ഹിന്ദു സമാജം എല്ലാവര്‍ക്കും മാതൃക നല്‍കുന്ന ഒന്നാകട്ടെ എന്ന് ആശംസിച്ചു. ചടങ്ങിന് മുന്‍പു നടന്ന ഭജനയില്‍ പാടിയ പുതിയ തലമുറയിലെ കുട്ടികളെ പ്രത്യേകം അഭിനന്ദിക്കുന്നതായും ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ് പറഞ്ഞു. തന്റെ ബാല്യകാല വിഷുദിന ഓര്‍മകള്‍ പങ്കുവെച്ചതിനുശേഷം പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും വിഷുകൈനീട്ടം നല്‍കി. തുടര്‍ന്ന് ചടങ്ങില്‍ സംസാരിച്ച ക്രോയ്‌ഡോന്‍ ഹിന്ദു സമാജം അധ്യക്ഷന്‍ ശ്രീ ഹര്‍ഷകുമാര്‍ തികച്ചും വ്യത്യസ്തമായ രീതിയില്‍ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തിയും ഉള്‍കൊണ്ടുകൊണ്ടും ആയിരിക്കും ക്രോയ്‌ഡോന്‍ ഹിന്ദു സമാജം പ്രവര്‍ത്തിക്കുക എന്ന് പ്രസ്താവിച്ചു.

ക്രോയ്‌ഡോന്‍ ഹിന്ദു സമാജം നടത്തുന്ന പരിപാടികള്‍ എങ്ങനെയായിരിക്കും എന്നതിന്റെ ഉദാഹരണം കൂടിയായി ആദ്യത്തെ വിഷു സത്സംഗം. പങ്കെടുത്ത എല്ലാവരുടെയും കണ്ടതില്‍ നിന്നും മൂന്ന് പ്രാവശ്യം ഉയര്‍ന്നു കേട്ട ഓംകാരം ധ്വനി ക്രോയ്‌ഡോന്‍ ഹിന്ദു സമാജത്തെ വ്യത്യസ്തമാക്കി. ഇനിയുള്ള സത്സംഗങ്ങള്‍ ആദ്ധ്യാത്മികവും ശാരീരികവുമായ പദ്ധതികള്‍ ആസൂത്രണം ചെയ്തും ഹൈന്ദവ മൂല്യങ്ങളുടെ ശ്രേഷ്ഠതയെ ജനങ്ങള്‍ക്ക് കൂടുതല്‍ തെളിമയോടെ മനസിലാക്കി കൊടുക്കുവാനും ഉള്ള വേദിയായി മാറ്റുകയാണ് വേണ്ടത് എന്നും അതിനുവേണ്ടിയുള്ള പരിശ്രമമാകും ക്രോയ്‌ഡോന്‍ ഹിന്ദു സമാജം നടത്തുക എന്നും ശ്രീ ഹര്‍ഷ കുമാര്‍ പറഞ്ഞു.

ക്രോയ്‌ഡോന്‍ ഹിന്ദു സമാജത്തിന്റെ വിഷു ആഘോഷങ്ങളില്‍ യുകെയിലെ ഹൈന്ദവ വേദികളില്‍ സ്ഥിരസാന്നിധ്യമായി ഭജന ആലപിച്ചു കൊണ്ടിരിക്കുന്ന രാധാകൃഷ്ണനും ജയലക്ഷ്മിയും സംഘവും അവതരിപ്പിച്ച ഭജന ഹൃദ്യമായിരുന്നു. ഭഗവദ്ദര്‍ശനം നല്‍കിയ വിഷുക്കണിയും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് ശേഷം വിപുലമായ വിഷുസദ്യയും കഴിച്ചാണ് ജനങ്ങള്‍ മടങ്ങിയത്.

വരുന്ന മെയ് മാസം ഒഴികെയുള്ള എല്ലാ മാസങ്ങളിലും തുടര്‍ച്ചയായി സത്സംഗം നടത്താനും ക്രോയ്‌ഡോന്‍ ഹിന്ദു സമാജം തീരുമാനിച്ചിട്ടുണ്ട്. വളരെ സൗഹാര്‍ദപരമായി എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് മാത്രം ആയിരിക്കും ക്രോയ്‌ഡോന്‍ ഹിന്ദു സമാജം പ്രവര്‍ത്തിക്കുക എന്ന് സമാജം സെക്രട്ടറി പ്രേംകുമാര്‍ പറഞ്ഞു. കൂടാതെ പരസ്പര സഹകരണവും സമൂഹ സഹവര്‍ത്തിത്വവും ആയിരിക്കും ക്രോയ്‌ഡോന്‍ ഹിന്ദു സമാജത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ഉദ്ദേശം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഹര്‍ഷന്‍: 07469737163 – President
പ്രേംകുമാര്‍: 07551995663 – Secretary
ഇമെയില്‍: [email protected]