കൊച്ചി: നിര്‍ധനരായ പെണ്‍കുട്ടികളോട് കന്യാസ്ത്രീകളുടെ ക്രൂരത. പൊന്നുരുന്നിയിലെ ക്രൈസ്റ്റ് കിങ് കോണ്‍വെന്റിലെ ഇരുപതോളം പെണ്‍കുട്ടികളെയാണ് രാത്രി തെരുവിലിറക്കി വിട്ടത്. സംഭവത്തില്‍ രണ്ടു കന്യാസ്ത്രീകള്‍ക്കെതിരെ കേസെടുത്തു.

നിര്‍ധനരായ 24 വിദ്യാര്‍ത്ഥിനികളാണ് പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റിലുള്ളത്. ഇതില്‍ ആറു മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള 20 പെണ്‍കുട്ടികള്‍ രാത്രി റോഡരികില്‍ നില്‍ക്കുന്നതു കണ്ട നാട്ടുകാര്‍ കാര്യം അന്വേഷിച്ചു. കോണ്‍വെന്റില്‍ നിന്ന് ഇറക്കി വിട്ടതാണെന്ന് പറഞ്ഞതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ചെറിയ കാര്യങ്ങള്‍ക്ക് പോലും മര്‍ദിക്കുകയും പഴകിയ ഭക്ഷണമാണ് നല്‍കുന്നതെന്നും കുട്ടികള്‍ പറഞ്ഞു. ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ കിട്ടിയത് പറഞ്ഞപ്പോഴും അടിയും വഴക്കുമായിരുന്നു. കുട്ടികള്‍ ഛര്‍ദിച്ചതോടെ ഒരാഴ്ച മുഴുവന്‍ കഞ്ഞിയും അച്ചാറും മാത്രം നല്‍കിയെന്നും ഇവര്‍ പറഞ്ഞു.

കുട്ടികളെ നോക്കാന്‍ ചുമതലപെടുത്തിയിട്ടുള്ള സിസ്റ്റര്‍ അംബിക, സിസ്റ്റര്‍ ബിന്‍സി എന്നിവര്‍ക്കെതിരെയാണ് പരാതി. എന്നാല്‍ വഴക്ക് പറഞ്ഞതിലുള്ള ദേഷ്യത്തില്‍ കുട്ടികള്‍ ഇറങ്ങി പോയതാണെന്നാണ് കോണ്‍വെന്റ് അധികൃതരുടെ വിശദീകരണം. സിസ്റ്റര്‍ അംബികയെ കുട്ടികളുടെ പരിചരണത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. രണ്ട് കന്യാസ്ത്രീകള്‍ക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കടവന്ത്ര പോലീസ് കേസെടുത്തിട്ടുണ്ട്.

പെണ്‍കുട്ടികള്‍ നാട്ടുകാരോട് പരാതിപ്പെടുന്ന വീഡിയോ താഴെ

https://www.facebook.com/Sajeshps89/videos/1845642068841265/