സ്വന്തം ലേഖകൻ 

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ ട്രെയിനിന് കല്ലെറിഞ്ഞ ലുങ്കിയും തൊപ്പിയും ധരിച്ച ആറ് പേര്‍ അറസ്റ്റിലായി. സ്ഥലത്തെ ബിജെപി പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍. ഈ സംഘം ഫേക് വീഡിയോ റെക്കോഡ് ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തി.നേരത്തെ, വേഷം കണ്ട് പ്രതിഷേധിക്കുന്നവരെ തിരിച്ചറിയാമെന്നുള്ള വിവാദ പ്രസ്താവനയുമായി മോദി രംഗത്തെത്തിയിരുന്നു.

മുസ്ലിം വേഷം ധരിച്ച് ട്രെയിനിന് കല്ലെറിയുകയായിരുന്നു ഇവര്‍. ബിജെപി പ്രവര്‍ത്തകനായ അഭിഷേക് സര്‍ക്കാര്‍ എന്നയാളുള്‍പ്പെടെയാണ് അറസ്റ്റിലായത്. യു ടൂബ് ചാനലിനു വേണ്ടിയാണ് മുസ്ലിം വേഷം ധരിച്ച് വീഡിയോ ഉണ്ടാക്കിയതെന്ന് അറസ്റ്റിലായ യുവാക്കള്‍ പറഞ്ഞതായി ജില്ലാ പൊലീസ് മേധാവി മുകേഷ് പറഞ്ഞു. രാജ്യത്തുടനീളം ബിജെപി പ്രവര്‍ത്തകര്‍ ഫേക്ക് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സ്ഥിരം കാഴ്ച്ചയായി മാറിയിരിക്കുകയാണ്. ജാമിയ മില്ലിയ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നയാളും ബിജെപി പ്രവര്‍ത്തകനാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ബിജെപിക്കാര്‍ തൊപ്പികള്‍ വാങ്ങുന്നത് ഒരു സമുദായത്തെ ഉപദ്രവിക്കാനുള്ള ആയുധമാക്കാനാണെന്ന് സംഭവത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത പ്രതികരിച്ചിരുന്നു.

അതിനിടെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമാകെ പ്രതിഷേധക്കാറ്റ് അലയടിക്കുമ്പോള്‍ ഹിതപരിശോധന ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. ഹിതപരിശോധനയില്‍ പരാജയപ്പെടുകയാണെങ്കില്‍ മോദി സര്‍ക്കാര്‍ രാജിവച്ചൊഴിയണമെന്നും മമത പറഞ്ഞു. ഐക്യരാഷ്ട്രസഭ അല്ലെങ്കില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പോലുള്ള നിഷ്പക്ഷ സംഘടന വേണം ഹിതപരിശോധന നടത്താന്‍. അപ്പോള്‍ എത്രപേര്‍ ഈ നിയമത്തെ അനുകൂലിക്കുന്നുണ്ടെന്ന് മനസിലാക്കാമെന്നും മമത കൂട്ടിച്ചേര്‍ത്തു.

നേരത്തെ, പൗരത്വബില്ലിനെതിരെ നടക്കുന്ന പ്രതിഷേധ സംഭവങ്ങളില്‍ അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാമെന്ന മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മമത രംഗത്ത് വന്നിരുന്നു. ‘രാജ്യം മുഴുവനും കത്തുന്ന അവസ്ഥയിലാണ്. അപ്പോഴാണ് അവര്‍ വസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്നത്. ഞാന്‍ ആരാണെന്ന് എന്റെ വസ്ത്രം നോക്കി തീരുമാനിക്കാന്‍ അവര്‍ക്ക് സാധിക്കുമോ?’ മമത ബാനര്‍ജി രോഷത്തോടെ ചോദിച്ചു.

അതേസമയം, മമത ബാനര്‍ജിയുടെ റാലികള്‍ സത്യപ്രതിജ്ഞ ലംഘനമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഗാര്‍ അഭിപ്രായപ്പെട്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന പ്രതിഷേധ റാലികള്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലായികൂടി മാറുകയാണ്. ഗവര്‍ണറെ തള്ളി ഹൗറ മൈതാനിയില്‍ നിന്ന് ധര്‍മലത വരെ ഇന്നും മമതയുടെ കൂറ്റന്‍ റാലി നടന്നു. രാജ്യത്തെ സര്‍വ്വനാശത്തിലേക്ക് കൊണ്ടുപോവുകയാണ് പ്രധാനമന്ത്രിയെന്നായിരുന്നു മമതയുടെ ആരോപണം.

ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒരു നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം ഭരണഘടന വിരുദ്ധമാണെന്നാണ് ഗവര്‍ണറുടെ വാദം. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയുംവിളിച്ചുവരുത്തിയ ഗവര്‍ണര്‍ മൂര്‍ഷിദാബാദ്, മാള്‍ഡ മേഖലകളില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ ആശങ്കയും അറിയിച്ചു.