യു.കെയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശൃഖലയായ ടെസ്‌കോയില്‍ നേന്ത്രപ്പഴത്തിന്റെ വില ഇരട്ടിയാക്കി. യു.കെയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന പഴത്തിന് യാതൊരു മുന്നറിയിപ്പുമില്ലാതെ വില വര്‍ദ്ധിപ്പിച്ച നടപടിക്കെതിരെ ഉപഭോക്താക്കള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. യു.കെയിലെ സ്റ്റോറുകളില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള പഴങ്ങളിലൊന്നാണ് നേന്ത്രപ്പഴം, ഇതിന്റെ വില വര്‍ദ്ധിപ്പിക്കുന്നതിലൂടെ മെട്രോ സ്‌റ്റോറുകളിലെ അധിക ചെലവുകള്‍ വഴി ഉണ്ടാകുന്ന നഷ്ടം നികത്താനാണ് കമ്പനി ശ്രമിക്കുന്നതെന്നാണ് സൂചന. എന്തായാലും വില വര്‍ദ്ധനവിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്.

വില വര്‍ദ്ധിപ്പിച്ചതിന് ശേഷം സ്റ്റോറുകളിലെത്തി പര്‍ച്ചേസ് ചെയ്തവര്‍ ബില്ല് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും കമ്പനിയുടെ ഔദ്യോഗിക പേജുകളെ ടാഗ് ചെയ്ത് വര്‍ദ്ധനവിന്റെ കാര്യം അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. വര്‍ദ്ധനവിന് മുന്‍പ് നേന്ത്രപ്പഴത്തിന്റെ വില തൂക്കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിര്‍ണയിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരോ നേന്ത്രപ്പഴത്തിനുമാണ് വില നല്‍കേണ്ടത്. അതായത് ശരാശരി ഇരട്ടിയോളം തുക അധികമായി ഉപഭോക്താവ് നല്‍കേണ്ടി വരും. 10 മുതല്‍ 15 പെന്‍സ് വരെ വിലയുള്ള സ്ഥാനത്ത് 25 മുതല്‍ 30 പെന്‍സ് വരെ നല്‍കേണ്ടി വരുമെന്ന് ചുരുക്കം.

മെട്രോ, എക്‌സ്പ്രസ് സ്റ്റോറുകളിലെ അധിക ചെലവാണ് വില വര്‍ദ്ധനവിന് കാരണമായിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ ട്വിറ്ററില്‍ വിശദീകരിച്ചിട്ടുണ്ട്. അതേസമയം ഉപഭോക്താക്കള്‍ കമ്പനിയുടെ വിശദീകരണത്തില്‍ തൃപ്തരല്ല. ടെസ്‌കോ വെബ്‌സൈറ്റില്‍ 14 പെന്‍സ് മാത്രം വിലയുള്ള നേന്ത്രപ്പഴത്തിന് സ്റ്റോറിലെത്തിയപ്പോള്‍ 24 പെന്‍സ് ചാര്‍ജ് ചെയ്യപ്പെട്ടതിന് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഒരു ഉപഭോക്താവ് രംഗത്ത് വന്നത്. വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളും ചില സ്‌റ്റോറുകളിലെ വിലയും തമ്മില്‍ അന്തരമുണ്ടെന്ന് മറ്റു ചിലരും വ്യക്തമാക്കി. തൂക്കത്തിന് പകരം എണ്ണത്തിന് വിലയിടുന്ന നടപടിയെ എതിര്‍ത്താണ് ഏറ്റവും കൂടുതല്‍ പേര്‍ രംഗത്ത് വന്നിരിക്കുന്നത്.