സാം എബ്രഹാം വധക്കേസിൽ സാമിന്റെ ഭാര്യ സോഫിയ സാമിനെ 22 വർഷത്തേക്കും സുഹൃത്ത് അരുൺ കമലാസനനെ 27 വർഷത്തേക്കുമാണ് വിക്ടോറിയൻ സുപ്രീം കോടതി ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ അരുണ്‍ കമലാസനന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച അപ്പീല്‍ കോടതി, ശിക്ഷ 24 വര്‍ഷമായും പരോള്‍ ലഭിക്കാനുള്ള കാലാവധി 23ല്‍ നിന്ന് 20 വര്‍ഷമായും കുറച്ചിരുന്നു.

കുറ്റക്കാരനല്ല എന്ന അരുണ്‍ കമലാസനന്റെ വാദം തള്ളിക്കൊണ്ടായിരുന്നു മൂന്നംഗ ബഞ്ചിന്റെ ഉത്തരവ്. ഈ വിധിക്കെതിരെയാണ് അരുണ്‍ കമലാസനന്‍ ഓസ്‌ട്രേലിയയിലെ പരമോന്നത അപ്പീല്‍ കോടതിയായ ഹൈക്കോടതിയെ സമീപിച്ചത്.

സുപ്രീം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രത്യേകാനുമതി അപേക്ഷയാണ് അരുണ്‍ കമലാസനന്‍ സമര്‍പ്പിച്ചത്. മൂന്നംഗ ബഞ്ചിന്റെ വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ അനുവദനീയമായ സമയപരിധിയായ 28 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഈ പ്രത്യേകാനുമതി അപേക്ഷ സമര്‍പ്പിച്ചത്.

എന്നാല്‍ അപേക്ഷ പരിഗണിച്ച ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ജെ.ജെ.ഏഡല്‍മാനും, ജസ്റ്റിസ് പി.എ.കീനും അപ്പീല്‍ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി.

വിക്ടോറിയന്‍ സുപ്രീം കോടതിയിലെ മൂന്നംഗ അപ്പീല്‍ കോടതി വിധിയുടെ സാധുതയെ ചോദ്യം ചെയ്യാവുന്ന വാദങ്ങളൊന്നും ഈ അപേക്ഷയില്‍ ഇല്ലെന്ന് കോടതി വ്യക്തമാക്കി.

അപ്പീല്‍ അനുവദിക്കാന്‍ മതിയായ കാരണങ്ങളൊന്നും പ്രതി ഉന്നയിക്കാത്തതിനാല്‍, അപ്പീല്‍ നല്‍കാന്‍ അനുവദിക്കണമെന്ന അപേക്ഷ തള്ളുകയാണെന്നും കോടതി ഉത്തരവിട്ടു.

ഇതോടെ സാം വധക്കേസിൽ അരുൺ കുറ്റക്കാരനാണെന്നുള്ള വിധി മേൽ കോടതിയും ശരിവച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ നിയമവ്യവസ്ഥ പ്രകാരം ഈ വിധിയെ ചോദ്യം ചെയ്യാന്‍ പ്രതിക്ക് ഇനി അവസരങ്ങളൊന്നുമില്ല.

സാമിന്റെ ഭാര്യ സോഫിയ സാമിന്റെ അപ്പീൽ അപേക്ഷ സുപ്രീം കോടതി കഴിഞ്ഞ ഓഗസ്റ്റിൽ തള്ളിയിരുന്നു. കേസുകളിൽ ഒരുമിച്ച് വിചാരണ നടന്നത് നീതി നിഷേധമാണെന്നും, അതിനാൽ കുറ്റക്കാരിയെന്നുള്ള ജൂറി കണ്ടെത്തൽ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സോഫിയ സാം അപ്പീല്‍ നൽകിയിരുന്നത്.

എന്നാൽ ഇതിനെതിരെ സോഫിയ മേൽ കോടതിയെ സമീപിച്ചിട്ടില്ല എന്ന് ഹൈക്കോടതി മാധ്യമവിഭാഗം എസ് ബി എസ് മലയാളത്തെ അറിയിച്ചു. 22 വര്ഷത്തേക്ക് ശിക്ഷിച്ചിരിക്കുന്ന സോഫിയയ്ക്ക്, 18 വർഷം കഴിഞ്ഞു മാത്രമേ പരോളിന് അർഹതയുള്ളൂ.

2015 ഒക്ടോബർ 14നായിരുന്നു കൊല്ലം പുനലൂർ സ്വദേശിയായ സാം എബ്രഹാമിനെ മെൽബൺ എപ്പിംഗിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യ സോഫിയയ്ക്കും ആറു വയസുള്ള മകനുമൊപ്പം ഉറങ്ങിക്കിടന്ന സാമിനെ രാവിലെ മരിച്ച നിലയിൽ കാണുകയായിരുന്നു എന്നാണ് സോഫിയ പൊലീസിനെ അറിയിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം എന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാൽ സയനൈഡ് ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ മാസങ്ങൾ നീണ്ട രഹസ്യാന്വേഷണത്തിലൂടെയാണ് പൊലീസ് സോഫിയയെയും അരുണിനെയും അറസ്റ്റ് ചെയ്തത്.