വളർന്നാലും പിളർന്നാലും ഇന്നലെ കേരള കോൺഗ്രസുകാർ ഇതുവരെ ചവിട്ടിയിട്ട് പൊക്കിയെടുത്ത് നിലത്തിടിച്ചത് ഒരു പാവം സൈക്കിളിനെയാണ്. കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഒാഫിസിലാണ് സംഭവം. പി.ജെ ജോസഫിനെതിരായി മുദ്രാവാക്യം വിളിച്ചെത്തിയ ജോസ് കെ. മാണി അനുകൂല പ്രവർത്തകരാണ് ആവേശം സൈക്കിളിനോട് തീർത്തത്. സൈക്കിൾ തല്ലിത്തകർത്ത ശേഷം സമീപത്തെ പോസ്റ്റിൽ അണികൾ കെട്ടിത്തൂക്കി. പി.ജെ ജോസഫ് നേതൃത്വം നൽകിയിരുന്ന കേരള കോൺഗ്രസിന്റെ ചിഹ്നം സൈക്കിളായിരുന്നു എന്നതാണ് ഇൗ പ്രതിഷേധത്തിന് കാരണം.

അതേസമയം ജോസ് കെ മാണിയെ കേരള കോൺഗ്രസ് എം. ചെയർമാനായി തിരഞ്ഞെടുത്ത നടപടി തൊടുപുഴ മുൻസിഫ് കോടതി സ്റ്റേ ചെയ്തു. ജോസഫ് വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്റ്റേ. അതേസമയം ചെയർമാനെ തിരഞ്ഞെടുത്തതിന് എതിരെയുള്ള നടപടി തീരുമാനിക്കാൻ ജോസഫ് വിഭാഗം തിരുവനന്തപുരത്ത് യോഗം ചേരുകയാണ്. രണ്ടു തട്ടിലായെങ്കിലും നിയമസഭയിൽ ഇരുകൂട്ടരും ഇന്ന് ഒരുമിച്ചു നിന്നു.

ചട്ടം ലംഘിച്ചാണ് ചെയർമാനെ തിരഞ്ഞെടുത്തതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫൻ ,മനോഹർ നടുവിലേടത്ത് എന്നിവർ നൽകിയ ഹർജിയിലാണ് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്. ചെയർമാൻ എന്ന ഔദ്യോഗിക നാമ മോ ചെയർമാന്റ ഓഫീസോ ഉപയോഗിക്കാൻ പാടില്ല. ചെയർമാനെ തിരഞ്ഞെടുത്തതായി കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകുന്നതിലും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കോടതി വിധിയെ നിയമപരമായി നേരിടുമെന്ന് ജോസ് കെ മാണി വിഭാഗം പറഞ്ഞു.

ഏകപക്ഷീയമായി ചെയർമാനെ തിരഞ്ഞെടുത്തുവെന്ന് ആരോപിച്ച് ജോസ് കെ മാണി വിഭാഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ജോസഫ് പക്ഷത്തിന്റെ തീരുമാനം. ഇക്കാര്യത്തിൽ നിയമോപദേശം തേടും .ചെയർമാനെ തിരഞ്ഞെടുത്തതായി കാണിച്ച് ജോസ് കെ മാണി വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെത്തന്നെ കത്ത് നൽകിയിരുന്നു.

രണ്ടുവഴിക്കായെങ്കിലും സമവായത്തിന് ഇനിയും സമയമുണ്ടെന്ന നിലപാടിലാണ് ജോസ് െക മാണിവിഭാഗം. അതുകൊണ്ടാണ് നിയമസഭയില് ഇന്ന് പ്രത്യേക ബ്ലോക്കായി ഇരിക്കാനോ പി.ജെ ജോസഫിനെ പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുകയോ ചെയ്യാതിരുന്നത്. ശൂന്യവേളയിൽ പി.ജെ ജോസഫിനൊപ്പം റോഷി അഗസ്റ്റിനും എൻ ജയരാജും ഇറങ്ങിപ്പോകുകയും ചെയ്തു