ദക്ഷിണാര്‍ദ്ധ ഗോളം നേരിട്ട ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ഇഡൈ ചുഴലിക്കാറ്റ് ആഫ്രിക്കയിൽ വിതച്ചതെന്ന് ഐക്യരാഷ്ട്രസഭ. മൊസാംബിക്കും സിംബാവെയും മലാവിയും കുറച്ച് ദിവസങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന വൻ ദുരന്തങ്ങൾ കണക്കിലെടുത്തതാണ് ഐക്യരാഷ്ട്രസഭ ഇങ്ങനെ ഒരു പ്രസ്താവന ഇറക്കുന്നത്.

ചുഴലിക്കാറ്റിനെ തുടർന്ന് മഹാപ്രളയം കൂടി വന്നതോടെ ഈ രാജ്യങ്ങളിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നഗരങ്ങൾ പലതും ചുറ്റിനും വെള്ളം കയറി ഒറ്റപ്പെട്ടു. വിവരവിനിമയ ശൃംഖലകളും ഗതാഗത സംവിധാനങ്ങളും ആകെ തകർന്നു. ദിവസങ്ങൾ കൊണ്ട് ആയിരക്കണക്കിനാളുകളാണ് മൂന്നു രാജ്യങ്ങളിലായി മരിച്ച് വീണത്. 2.6 മില്യൺ പേരെ ദുരന്തം ബാധിച്ചിട്ടുണ്ടെന്നാണ് ഐക്യരാഷ്ടട്രസഭയുടെ കണക്കുകൾ. 500000 വീടുകൾ പൂർണ്ണമായി തന്നെ വെള്ളത്തിനടിയിലായിട്ടുണ്ട്.

മൊസാംബിക്കിലാണ് കാര്യങ്ങൾ കൂടുതൽ രൂക്ഷം. അവിടുത്തെ പ്രധാന തുറമുഖ നഗരമായ ബെയ്‌റ ചുറ്റുപാടും വെള്ളം പൊങ്ങി ഒറ്റപ്പെട്ട ദ്വീപായി മാറി. പ്രളയം നിയന്ത്രണാതീതമായപ്പോൾ തന്നെ മൊസാംബിക്ക് പ്രെസിഡെന്റ്റ് ഫിലിപ് ന്യൂസി ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് 1000 പേര് മരിച്ചിരിക്കാനിടയുണ്ടെന്നാണ് അദ്ദേഹം കണക്കുകൂട്ടുന്നത്. സിംബാവെയിൽ 200 ൽ അധികം പേർ മരണപ്പെട്ടു. എങ്കിലും ആകെ എത്ര പേർ മരിച്ചു എത്ര പേരെ കാണാതായി എന്ന കൃത്യമായ കണക്കുകൾ പുറത്ത് വന്നിട്ടില്ല. പ്രാണരക്ഷാർത്ഥം പലരും വെള്ളത്തിൽ ഉയർന്നു നിൽക്കുന്ന മരച്ചില്ലയിലും മറ്റും രക്ഷാപ്രവർത്തകർക്കായി കത്ത് കഴിയുകയാണ്.

പ്രളയം നിയന്ത്രണാതീതമായതിനാലും മറ്റ് പരിമിതികൾ ഉള്ളതിനാലും ഒരു ഗ്രൂപ്പിലെ എല്ലാവരെയും കൂടി രക്ഷിക്കാൻ സാധിക്കുന്നില്ല എന്നാണ് ചില രക്ഷാപ്രവർത്തകർ ദി ഗാർഡിയനോട് വെളിപ്പെടുത്തുന്നത്. ‘ചില സമയത്ത് ചില ആളുകൾക്ക് ഭക്ഷണം എറിഞ്ഞ് കൊടുത്തിട്ട് അടുത്തയാളിലേക്ക് നീങ്ങേണ്ടി വന്നിട്ടുണ്ട്’. വേദനയോടെ രക്ഷ പ്രവർത്തകനായ ഇവാൻ ഷേർ പറയുന്നു.

ആഫ്രിക്കൻ മേഖലയിൽ ചുഴലിക്കാറ്റും പ്രളയവും ആദ്യമായി ഉണ്ടാകുന്നതല്ല. 2000 ൽ ഉണ്ടായ ചുഴലിക്കാറ്റും പ്രളയവും അതി ഭയങ്കരമാണെങ്കിലും ഇപ്പോൾ കാര്യങ്ങൾ അതിനേക്കാൾ രൂക്ഷമാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണം.