അമേരിക്കയിലെ മെഷിഗണിലെ ഡാം തകര്‍ന്നു. സംഭവത്തിന്റെ ആകാശ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം. കനത്ത മഴയെ തുടര്‍ന്ന് ടിറ്റബാവസ്സി നദിയോട് ചേര്‍ന്ന ഈഡന്‍വില്ലെ ഡാം ചൊവ്വാഴ്ച വൈകുന്നേരമാണ് തകര്‍ന്നത്. മിഷിഗണിലെ രണ്ട് ഡാം അപകടങ്ങളില്‍ ഒന്നായിരുന്നു ഇത്.

ഡാമുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് മിഷിഗണിലെ മിഡ്‌ലാന്റില്‍ ചില ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. ആയിരക്കണക്കിന് ആളുകളെയാണ് ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ചത്. ഈഡന്‍വില്ലെ ഡാം തകര്‍ന്ന് വെള്ളം കുതിച്ച് പായുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ചെറുവിമാനങ്ങള്‍ പറത്തുന്ന പൈലറ്റായ റയാന്‍ കലേറ്റൊ എന്നയാളാണ്.

ഭ്രാന്തമായ വെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങള്‍ ഇദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. ആ ദൃശ്യങ്ങള്‍ 10 ലക്ഷത്തിന് മുകളിലാണ് ആളുകള്‍ കണ്ടത്. അതേസമയം, നദിയിലെ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കുന്നത്.