സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി കോവിഡ് ബാധിച്ചു മരിച്ച 88കാരന്റെ മകൾ. ഡോ. കാത്തി ഗാർഡ്നറുടെ പിതാവ് മൈക്കൽ ഗിബ്സൺ ഓക്സ്ഫോർഡ്ഷയറിലെ ഒരു കെയർ ഹോമിൽ വച്ച് മരണപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് “കെയർ ഹോമുകൾക്ക് ചുറ്റും ഒരു സംരക്ഷണ വലയം ഒരുക്കിയിട്ടുണ്ടെന്ന” ആരോഗ്യ സെക്രട്ടറിയുടെ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം കാത്തി ഒരു കത്തയക്കുകയുണ്ടായി. എന്നാൽ മതിയായ പ്രതികരണം ലഭിക്കാത്തതിനെത്തുടർന്നാണ് ആരോഗ്യ സെക്രട്ടറി, എൻ‌എച്ച്എസ് ഇംഗ്ലണ്ട്, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് എന്നിവർക്കെതിരെ നിയമപോരാട്ടം നടത്താൻ കാത്തി ഒരുങ്ങുന്നത്. കെയർ ഹോമിൽ കഴിയുന്ന ആയിരക്കണക്കിന് ആളുകളുടെയും സ്റ്റാഫിന്റെയും ജീവൻ നഷ്ടപ്പെട്ടിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടി തൃപ്തികരമല്ല എന്ന് കാത്തി വെളിപ്പെടുത്തി. ഡോ. ഗാർഡ്നറുടെ പിതാവ് മൈക്കൽ ഗിബ്സൺ ഏപ്രിൽ 3 നാണ് ഓക്സ്ഫോർഡ്ഷയറിലെ കെയർ ഹോമിൽ വച്ച് മരിച്ചത്. അദ്ദേഹത്തിന്റെ മരണ സർട്ടിഫിക്കറ്റിൽ ‘കോവിഡ് ബാധിതനായി’ മരിച്ചുവെന്ന് പറയുന്നു.

കൊറോണ വൈറസ് രോഗികളെ ആശുപത്രികളിൽ നിന്ന് കെയർ ഹോമുകളിലേക്ക് ഡിസ്ചാർജ് ചെയ്യാൻ അനുവദിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നിയമവിരുദ്ധമാണെന്ന് അവർ പറഞ്ഞു. പ്രവർത്തനങ്ങളുടെയെല്ലാം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ജൂൺ 3 ന് ഹെൽത്ത് സെക്രട്ടറിയ്ക്കും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിനും എൻ‌എച്ച്എസ് ഇംഗ്ലണ്ടിനും തന്റെ അഭിഭാഷകർ കത്തെഴുതിയെന്ന് ഡോ. ഗാർഡ്നർ വെളിപ്പെടുത്തി. കെയർ ഹോമുകളിലെ താമസക്കാരെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടു, പരിശോധനയില്ലാതെ ആശുപത്രികളിൽ നിന്ന് രോഗികളെ കെയർ ഹോമുകളിലേക്ക് ഡിസ്ചാർജ് ചെയ്തു, പിപിഇയും പരിശോധനയും നൽകുന്നതിൽ പരാജയപ്പെട്ടു എന്നീ കുറ്റങ്ങളാണ് കത്തിൽ പരാമർശിച്ചിട്ടുള്ളത്. തന്റെ കേസിന് പൊതുജന പിന്തുണ നേടാനും കാത്തി ശ്രമിക്കുന്നുണ്ട്. “ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവർ ഒരുക്കമല്ല. മാത്രമല്ല പരിശോധന കൂടാതെ രോഗികളെ കെയർ ഹോമുകളിലേക്ക് ഡിസ്ചാർജ് ചെയ്യാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയതിന് വിശദീകരണവും അയച്ചിട്ടില്ല.” കാത്തി വെളിപ്പെടുത്തി.

കെയർ ഹോമുകൾക്ക് ചുറ്റും ഒരു സംരക്ഷണ വലയം ഒരുക്കിയിട്ടുണ്ടെന്ന് ആദ്യം മുതൽ തന്നെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറയുന്നുണ്ടായിരുന്നു. ഇത് ഉറപ്പുവരുത്തുന്നതിനായി കാത്തിയുടെ അഭിഭാഷകൻ മതിയായ രേഖകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭ്യമായില്ല. “പരിശോധന കൂടാതെ രോഗികളെ കെയർ ഹോമുകളിലേക്ക് ഡിസ്ചാർജ് ചെയ്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ആരോഗ്യ സെക്രട്ടറി, എൻഎച്ച്എസ് ഇംഗ്ലണ്ട്, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് എന്നിവർക്കായിട്ടില്ല. ഇത് നിരാശജനകമായ വസ്തുതയാണ്.” അഭിഭാഷകൻ പോൾ കോൺറാത്ത് പറഞ്ഞു. ആശുപത്രികളിൽ നിന്ന് കെയർ ഹോമുകളിലേക്ക് ഡിസ്ചാർജ് ചെയ്യുമ്പോൾ എല്ലാ ആളുകളെയും പരിശോധിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് വക്താവ് മെയ് അവസാനം പറഞ്ഞിരുന്നു. ഇതിനായി കൂടുതൽ ധനസഹായവും പ്രഖ്യാപിച്ചിരുന്നു. എങ്കിലും യുകെയിലെ കെയർ ഹോമുകളിൽ മരണപ്പെട്ടവർക്കുവേണ്ടിയാണ് കാത്തി നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്.