ലണ്ടന്‍: പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ബ്രിട്ടനെ സൗദി യെമനില്‍ നടത്തിയ യുദ്ധത്തിലേക്ക് നിശബ്ദമായി വലിച്ചിഴച്ചെന്ന് ആരോപണം. പാര്‍ലമെന്റിന്റെ അംഗീകാരമോ പൊതുസമ്മതമോ ഇല്ലാതെ ആയിരുന്നു കാമറൂണിന്റെ ഈ നടപടിയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. സൗദി അറേബ്യ യെമനില്‍ നടത്തിയ അധിനിവേശത്തില്‍ ബ്രിട്ടനുളള പങ്ക് കാമറൂണ്‍ അംഗീകരിക്കണമെന്ന് വെസ്റ്റ്മിനിസ്റ്ററില്‍ നിന്നുളള സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി നേതാവ് ഓന്‍ഗ്യൂസ് റോബര്‍ട്ട്‌സണ്‍ പറഞ്ഞു. യെമനിലെ യുദ്ധത്തിനായി ബ്രിട്ടന്‍ സൗദിക്ക് ആയുധവും പരിശീലനവും ഉപദേശവും നല്‍കിയതായും അദ്ദേഹം ആരോപിക്കുന്നു.
കഴിഞ്ഞ വര്‍ഷം അവസാന മൂന്ന് മാസങ്ങളില്‍ ബ്രിട്ടന്‍ സൗദി അറേബ്യയിലേക്ക് കയറ്റുമതി ചെയ്ത ആയുധങ്ങളില്‍ 11,000 ശതമാനം വര്‍ദ്ധന ഉണ്ടായെന്ന ഔദ്യോഗിക കണക്കുകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അവസാന മൂന്ന് മാസങ്ങളില്‍ ബ്രിട്ടനില്‍ നിന്ന് ഒരു ബില്യന്‍ പൗണ്ടിന്റെ ആയുധങ്ങള്‍ സൗദിയിലേക്ക് കയറ്റി അയച്ചു. ഒന്‍പത് മില്യന്‍ പൗണ്ടില്‍ നിന്നാണ് ഈ വര്‍ദ്ധന. യുദ്ധക്കുറ്റങ്ങളില്‍ സൗദി അറേബ്യ മനുഷ്യാവകാശ സംഘടനകളില്‍ നിന്ന് പഴി കേട്ട് കൊണ്ടിരിക്കുകയാണ്. ഇതില്‍ ബ്രിട്ടീഷ് സൈനിക സഹായങ്ങളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ആയിരക്കണക്കിന് സാധാരണക്കാരാണ് യെമനില്‍ കൊല്ലപ്പെട്ടത്. ഇക്കൂട്ടത്തില്‍ ബ്രിട്ടനില്‍ നിര്‍മിച്ച വിമാനം ഉപയോഗിച്ച് ആക്രമണം നടത്തിയ സൗദി വ്യോമസേനാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഇതിലെ വൈമാനികരെ പരിശീലിപ്പിച്ചതും ബ്രിട്ടീഷുകാരാണ്. ബ്രിട്ടനിലുണ്ടാക്കിയ ബോംബുകള്‍ യെമനില്‍ വര്‍ഷിച്ചതും ബ്രിട്ടീഷ് ഉപദേശകരുടെ സാനിധ്യത്തിലാണ്. യെമനിലെ യുദ്ധത്തില്‍ ബ്രിട്ടന്‍ സജീവമായി പങ്കെടുത്തു എന്ന കാര്യം പ്രധാന അംഗീകരിക്കേണ്ട സമയമാണിതെന്നും റോബെര്‍ട്ട്‌സണ്‍ പറഞ്ഞു.

ആയിരക്കണക്കിന് പേരുടെ ജീവനെടുത്ത ഈ യുദ്ധത്തില്‍ കാമറൂണ്‍ എന്ത് കൊണ്ട് പാര്‍ലമെന്റിന്റെ അനുമതി വാങ്ങിയില്ലെന്നും അദ്ദേഹം ചോദിച്ചു. യുദ്ധത്തില്‍ ബ്രിട്ടന്‍ പങ്കെടുത്തെന്ന ആരോപണങ്ങള്‍ കാമറൂണ്‍ നിഷേധിച്ചു. എന്നാല്‍ ബ്രിട്ടീഷ് ഉപദേശകര്‍ക്ക് സൗദിയില്‍ അറേബ്യയില്‍ പങ്കുണ്ടായിരുന്നു എന്ന കാര്യം അദ്ദേഹം അംഗീകരിച്ചു. സൗദിയുടെ സൈനിക സഖ്യത്തില്‍ നമ്മള്‍ പങ്കാളികളായിരുന്നില്ല. ബ്രിട്ടീഷ് സൈനികര്‍ നേരിട്ട് ആക്രമണങ്ങളിലും പങ്കെടുത്തിട്ടില്ല. മാനുഷിക നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി നിര്‍ദേശങ്ങള്‍ മാത്രമേ ബ്രിട്ടന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുളളൂവെന്നും അദ്ദേഹം പറഞ്ഞു.