ആരോരുമില്ലത്തവര്‍ക്ക് ഒരു നേരത്തെ ആഹാരം നല്‍കി ദയ ഫാമിലി വിയെന്ന സീബന്‍ ഹിര്‍ട്ടന്‍. ഈ ഉപവാസ കാലത്തില്‍ കുറച്ചു പണം നീക്കി വച്ച്, വെറുതെ വാക്കുകളില്‍ മാത്രം ഒതുക്കാതെ പ്രവൃത്തിയിലും വേണമെന്ന് കാണിച്ചു കൊടുത്തു കൊണ്ട്. അന്നം തരുന്ന രാജ്യത്തെ ആരോരുമില്ലാത്ത 20 അഗതികള്‍ക്ക് ഭക്ഷണം നല്‍കി പ്രവാസി മലയാളികള്‍ക്ക് മാത്യകയായിരിക്കുകയാണ് ഓസ്ട്രിയയിലെ രണ്ടു മലയാളി കുടുംബങ്ങള്‍. ഉപവാസ സമയമായ നോമ്പ് കാലത്തില്‍ ജീവിത രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തി അതിലൂടെ സമാഹരിച്ച ചെറിയ തുക കൊണ്ട് വിയെന്നയില്‍ സ്ഥിരതാമസം ചെയ്യുന്ന മേഴ്സി & ബാബു തട്ടില്‍ നടക്കലാന്‍ കുടുംബവും, മേഴ്സി & ജോര്‍ജ് കക്കാട്ട് കുടുംബവും ചേര്‍ന്ന് ഓസ്ട്രിയ, വിയെന്നയിലെ 23-ാമത് ജില്ലയിലെ സീബന്‍ ഹിര്‍ട്ടന്‍ പള്ളിയുടെ ഹാളില്‍ 20 അഗതികള്‍ക്ക് വിഭവസമൃദ്ധമായ ഒരു നേരത്തെ ഭക്ഷണം നല്‍കിയത്.

പള്ളി വികാരി ഡോക്ടര്‍ തദൂസ് പിയൂസ്‌തെക് കുടുംബത്തിന് നന്ദി പറയുകയും പിന്നീട് ഡീക്കണ്‍ എറിക് വെര്‍ബര്‍ അതീവ സന്തോഷപൂര്‍വ്വം കുടുംബാംഗങ്ങളോട് സംസാരിക്കുകയും ചെയ്തു. ക്രിസ്ത്യന്‍ മതത്തില്‍ നിന്നും പുറത്തേക്കു പോകുന്ന ഓസ്ട്രിയന്‍ ജനത ഇത് കണ്ടു പഠിക്കട്ടെയെന്നും ഡീക്കണ്‍ എറിക് പറഞ്ഞു. പലരും വാക്കുകള്‍ കൊണ്ട് പറയുകയല്ലാതെ പാവങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ ഒരാശയം ഉത്ഭവിച്ചതെവിടെനിന്നുള്ള ചോദ്യത്തിന് മറുപടി നല്‍കികൊണ്ട് ബാബു തട്ടില്‍ നടക്കലാന്‍ സംസാരിച്ചു. ജോര്‍ജ് മേഴ്സി ദമ്പതികള്‍ അവതരിപ്പിച്ച ഒരു ചെറു നാടകത്തില്‍ നിന്നും പ്രചോദനം ലഭിച്ചു. ജോര്‍ജുമായി കൂടിച്ചേര്‍ന്ന് ദയ ഫാമിലി വിയെന്ന എന്ന പേര് നിര്‍ദ്ദേശിക്കുകയും ചെയ്തു അങ്ങനെ ഇതുവരെ എത്തിച്ചേര്‍ന്നതെന്നും ബാബു പറഞ്ഞു നിര്‍ത്തി. ഇത് മറ്റു പ്രവാസി മലയാളികള്‍ക്കും ഒരു പ്രചോദനമാകട്ടേയെന്നും ദയ ഫാമിലി വിയെന്ന അറിയിച്ചു.