വേഷം മാറിയുള്ള ആ രാത്രി സഞ്ചാരം പോലീസുകാർ പോലും തിരിച്ചറിഞ്ഞില്ല; ഈ യാത്ര ആരും വായിക്കാതെ പോകരുതേ, അത് അവർ തന്നെ ആയിരുന്നു !

by News Desk 6 | December 6, 2017 8:19 am

കഴിഞ്ഞ രാത്രി 9.40 കോഴിക്കോട് കണ്ടംകുളം ജൂബിലിഹാളിനു സമീപത്ത് നിന്ന് ആളുകൾ ഒഴിഞ്ഞുപോയി തുടങ്ങിയിരുന്നില്ല. സമീപത്തെ ഹോട്ടലിൽനിന്ന് ആളുകൾ ഭക്ഷണം കഴിച്ച് ഇറങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. സിവിൽ പോലീസ് ഓഫീസർമാരായ സബിതയും സൗമ്യയും ഹോട്ടലിനു പുറത്ത് അല്പം നേരം നിന്നപ്പോൾ തന്നെ തൊട്ടടുത്തുള്ള വാഹനത്തിൽനിന്ന് പാളിനോട്ടങ്ങൾ, എന്താണ് രണ്ട് സ്ത്രീകൾ ഇങ്ങനെ ഇവിടെ ഒറ്റയ്ക്ക് നിൽക്കുന്നതെന്ന മുഖഭാവവുമായിരുന്നു അവർക്ക്.
അവരുടെ നിൽപ്പിലും എന്തോ പന്തികേടുള്ളപോലെ തോന്നി. നോട്ടമല്ലാതെ അവർ ഒന്നും ചോദിച്ചതേയില്ല. പക്ഷേ, സബിതയും സൗമ്യയും മാറുന്നതുവരെ, തളിയിലൂടെ നടന്നുനീങ്ങുന്നതുവരെ വാഹനം അവിടെനിന്ന് പോയതേയില്ല. തളിയും പിന്നിട്ട് പുതിയപാലത്ത് എത്തിയപ്പോൾ സമയം 10.30 ആയിക്കാണും. ബൈക്കുകളിൽ ചീറിപ്പായുന്ന യുവാക്കളുടെ ബഹളങ്ങൾക്കിടെ ഒരാൾ തൊട്ടുമുൻപിൽ വാഹനം നിർത്തിയപ്പോൾ സബിത ഒരടി പുറകോട്ടുനിന്നു. ഒരു സ്ത്രീ ഒറ്റയ്ക്ക് നിൽക്കുന്നതുകണ്ട് നിർത്തിയതാണെന്ന് തോന്നി. പക്ഷേ, വഴിചോദിച്ച് അയാൾ ഓടിച്ചുപോയി.
സബിതയുടെ ഒപ്പമുണ്ടായിരുന്ന സൗമ്യ ബസ് യാത്രക്കാരിയായി എം.സി.സി. ബാങ്ക് ബസ് സ്റ്റോപ്പിൽ കയറിനിന്നു. അപ്പോൾ സമയം പതിനൊന്നുമണി കഴിഞ്ഞിട്ടുണ്ടായിരുന്നു. അല്പനേരം കഴിഞ്ഞ് ഓട്ടോറിക്ഷ തൊട്ടടുത്ത് നിർത്തി എവിടേക്കാണെന്നു ചോദിച്ചു. പോവുന്നില്ലെന്ന് പറഞ്ഞപ്പോൾ അയാളും ഓട്ടോ ‌‌ഓടിച്ചുപോയി. പിന്നീട് പിന്നിട്ട വഴികളിലൊന്നും വലിയ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ലിങ്ക് റോഡിന് സമീപത്ത് ഇറങ്ങി നടക്കാൻ നോക്കിയപ്പോൾ പർദയണിഞ്ഞ് എതിർദിശയിൽ മൂന്ന് സ്ത്രീകൾ നടന്നുപോവുന്നതു കണ്ടു; ഒട്ടും പേടിയില്ലാതെ. തുടർന്ന് പതിനൊന്നേ മുക്കാലോടെ കോഴിക്കോട് ബീച്ചിലെത്തിയപ്പോൾ സിറ്റിപോലീസ് ഡെപ്യൂട്ടി കമ്മിഷണർ മെറിൻ ജോസഫും ഇവർക്കൊപ്പം ചേർന്നു.
കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം
വനിതാപോലീസുകാരെ വാഹനത്തിലിരുത്തി അവർ ബീച്ച് ആസ്പത്രിക്കുമുന്നിൽ ഇറങ്ങിനടന്നു. ബീച്ചിന്റെ വിളക്കുകാലിനുമുന്നിൽ അല്പനേരം ഇരുന്നു. പക്ഷേ, അതുവഴി വന്നവരൊക്കെ ഒട്ടും അലോസരമുണ്ടാക്കാതെ മെറിൻജോസഫിനെ മറികടന്നുപോയി. പിന്നീട് കൂരാക്കൂരിരുട്ടിൽ വാഹനങ്ങളുടെ വെളിച്ചം മാത്രമുള്ള വഴിയിലൂടെ ഗാന്ധിറോഡ് ജങ്ഷൻവരെ തനിച്ച് നടന്നെങ്കിലും ഒരു തുറിച്ചുനോട്ടംപോലും നേരിടേണ്ടി വന്നില്ല. അതിനിടെ രണ്ട് തവണ ഡെപ്യൂട്ടി കമാൻഡന്റ്‌ ഉൾപ്പെടെയുള്ളവരുടെ പോലീസ്‌പട്രോൾ വാഹനങ്ങൾ ഡെപ്യൂട്ടി കമ്മിഷണറെ മറികടന്നുപോയി.
പക്ഷേ, 12 മണി കഴിഞ്ഞ്‌ ബീച്ചിൽനിന്ന് കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിൽ വന്നിറങ്ങിയപ്പോൾ തുറിച്ചു നോട്ടങ്ങൾക്കിടയിലൂടെയാണ് മെറിൻജോസഫ് നടന്നുപോയത്.

ബീച്ച് ഓപ്പണ്‍ സ്റ്റേജിന് സമീപം……….ഓട്ടോക്കാരിൽപലർക്കും പരിചിതമായതുകൊണ്ട് ചുമലിൽ ബാഗും തൂക്കി നടന്നുപോവുന്ന മെറിൻ ജോസഫിനെക്കണ്ട് ചിലർക്ക് കൗതുകമായി. എന്താണ് ഡെപ്യൂട്ടി കമ്മിഷണർ ഇങ്ങനെ തനിയെ നടന്നുപോവുന്നതെന്നായി ‌ഓട്ടോ തൊഴിലാളികൾ. ഒരു യാത്രക്കാരി പരിചയപ്പെടാനുള്ള ശ്രമങ്ങൾ നടത്തി. അൽപം കഴിഞ്ഞ്‌ കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിൽ നിന്നിറങ്ങി മാവൂർ റോഡ്‌ ജങ്ഷനിലേക്ക് നടന്നുതുടങ്ങിയപ്പോൾത്തന്നെ നല്ല രീതിയിൽ വസ്ത്രം ധരിച്ച യുവാവ് എത്തി.
മെറിൻ പോവുന്നിടത്തും നിൽക്കുന്നിടത്തുമൊക്കെ ചുറ്റിപ്പറ്റി നിന്നു. പോലീസ് വാഹനം വന്നുതൊട്ടടുത്ത് നിർത്തി ഓടിച്ചുപോയതോടെ അയാളുടെ മട്ട് മാറി. ഒന്നുപേടിച്ചു. തൊട്ടപ്പുറത്തുനിന്ന് ഞങ്ങൾ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടെന്ന് തോന്നുന്നു അയാൾ വാഹനത്തിന്റെ നന്പർ കുറിച്ചെടുത്ത് ഫോണിൽ ആരെയോ വിളിച്ചുപറയുന്നുണ്ടായിരുന്നു.

ഒടുവിൽ ദൂരെ നിർത്തിയിട്ട ഔദ്യോഗികവാഹനം തിരികെ വന്ന് അതിൽ ഡെപ്യൂട്ടി കമ്മിഷണർ കയറിയതോടെ പിന്നെ അയാളെ കണ്ടതേയില്ല. ഒറ്റയ്ക്ക് നിൽക്കുന്ന സ്ത്രീ യാത്രക്കാരെ ശല്യപ്പെടുത്തുന്നത് കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻഡിൽ പതിവാണെങ്കിലും ഇത്തവണ വലിയ ബുദ്ധിമുട്ടുകളൊന്നുമുണ്ടായില്ല.
ബൈക്കുകളിൽ റോന്തുചുറ്റുന്നവർ മെറിൻ ജോസഫ് പോയതോടെ കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിൽ വി.കെ. സൗമ്യ അല്പം മാറിനിന്നപ്പോൾ സൗമ്യയെ നോക്കി ബൈക്കുകളിൽ റോന്തുചുറ്റുന്ന സംഘമെത്തി. നിൽപ്പ് അഞ്ചുമിനിറ്റുനീണ്ടപ്പോൾ തന്നെ നിരീക്ഷണ ചുറ്റലുകാരുടെ എണ്ണംകൂടി. തൊട്ട് എതിർവശത്തുള്ള റോഡിലും അല്പം മാറിയുമൊക്കെയായി അവർ നിന്നു. തൊട്ടുചേർന്ന് ചിലർ ബൈക്കുകൾ ഓടിച്ചുപോയി.
ഒരു യുവാവ് സൗമ്യയുടെ സമീപത്തുകൂടെ അങ്ങോട്ടുമിങ്ങോട്ടും പലതവണ നടന്ന് അല്പം ദൂരെ മാറിനിന്ന് നിരീക്ഷണം നടത്തി. ഒടുവിൽ അടുത്തുവന്ന്‌ ഇത് അത്ര നല്ലസ്ഥലമല്ലെന്ന് പറഞ്ഞ് കുറച്ച് ദൂരേക്കുപോയിനിന്നു. അല്പം സമയം കൂടെ കഴിഞ്ഞപ്പോൾ നാലഞ്ച് ഓട്ടോത്തൊഴിലാളികൾ അടുത്തുവന്നു. ഭർത്താവിനെ കാത്തുനിൽക്കുകയാണെന്ന് പറഞ്ഞപ്പോൾ ഇവിടെ മോശം സ്ഥലമാണ് നിൽക്കരുതെന്നും സ്റ്റാൻഡിനുള്ളിലേക്ക് മാറിക്കോളൂ എന്ന്‌ കരുതലോടെ പറഞ്ഞു. പോവാൻ അല്പം സമയമെടുത്തതു കൊണ്ടാണോ എന്നറിയില്ല. സ്റ്റാൻഡിനുള്ളിലേക്ക് നടക്കുന്നതുവരെ നിരീക്ഷണക്കണ്ണുകൾ നീണ്ടു. ഒറ്റയ്ക്കൊരു പെൺകുട്ടി അല്പം മാറി നിന്നതുകൊണ്ടുള്ള അദ്‌ഭുതം കൊണ്ടാണോ എന്നറിയില്ല സൗമ്യ വാഹനത്തിൽ കയറി തിരികെ പോവുന്നതുവരെ പിന്നാലെ കൂടിയവരുമെല്ലാം നോക്കിനിൽക്കുന്നുണ്ടായിരുന്നു.

മാവൂര്‍ റോഡില്‍……..ഡി.സി.പി.യാണെന്ന് മനസ്സിലായില്ല; സഹായം വാഗ്ദാനം ചെയ്ത് പോലീസ്ഗാന്ധി റോഡിലെ കൂരിരുട്ടിൽ യൂണിഫോമിലല്ലാതെ നിൽക്കുന്ന ഡെപ്യൂട്ടി കമ്മിഷണറെ കണ്ടപ്പോൾ അതുവഴി വന്ന പോലീസിന്റെ ബൈക്ക് പട്രോളുകാർക്ക് ആളെ മനസ്സിലായില്ല. എങ്കിലും ബൈക്ക് നിർത്തി വളരെ വളരെ ഭവ്യതയോടെ അവർ ചോദിച്ചു, ഫ്ളാറ്റിലേക്ക് പോവുകയാണോ പോലീസിന്റെ സഹായംവേണമോ എന്ന്. വേണമെങ്കിൽ പോലീസ് വാഹനത്തിൽ ഫ്ളാറ്റിൽ വിടാമെന്ന് പറഞ്ഞെങ്കിലും ആവശ്യമില്ല ഒറ്റയ്ക്കു പോയ്‌ക്കൊള്ളാമെന്ന് പറഞ്ഞതോടെ അവർ ബൈക്ക് ഓടിച്ചുപോയി. എന്നിട്ടും ആരാണെന്ന് അവർക്ക് പിടികിട്ടിയിരുന്നില്ല. മേലുദ്യോഗസ്ഥയാണെന്ന് മനസ്സിലാവാതിരിന്നിട്ടുപോലും ഒറ്റയ്ക്ക് ഒരു സ്ത്രീ നിൽക്കുന്നത് കണ്ടപ്പോൾ പോലീസ് കാണിച്ച കരുതൽ വളരെ നല്ലകാര്യമായെന്ന് മെറിൻജോസഫ്.
അവന്‍ രണ്ടുതവണ പിന്നാലെയെത്തി ചോദിച്ചു ”കൂടെപ്പോരുന്നോ”
സമയം പുലര്‍ച്ചെ ഒന്നരയോടെയാണ് മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിലേക്ക് ആളുകള്‍ കൂടിനില്‍ക്കുന്ന മില്‍മാബൂത്തിനു സമീപത്തേക്ക് ബേപ്പൂര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം. സബിത നടന്നുപോയത്. രാജാജി റോഡിലേക്ക് കടന്നപ്പോള്‍ത്തന്നെ അപ്പുറത്തുള്ള ചിലര്‍ അശ്ലീല കമന്റുകള്‍ പാസാക്കിത്തുടങ്ങിയിരുന്നു. ചിലര്‍ ആയിരം രൂപവരെ ബെറ്റുവെക്കുന്നതും കേട്ടു. എന്തിനാണ് നില്‍ക്കുന്നതെന്നുറപ്പിക്കാന്‍ അതില്‍ ഒരാള്‍ ഒന്നുമറിയാത്ത രീതിയില്‍ തൊട്ടടുത്തുവന്ന് മടങ്ങിപ്പോയി. സബിത മില്‍മ ബൂത്തിനടുത്ത് ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ടതോടെ അതുവഴി പോയ ബൈക്ക് യാത്രക്കാര്‍ ചവിട്ടി നിര്‍ത്തി. അല്പം മാറിനിന്ന് നിരീക്ഷണമായിരുന്നു പിന്നെ. അതിനിടെ മറ്റ് രണ്ട് ചെറുപ്പക്കാര്‍ വന്നു ഓട്ടോ കയറ്റിവിടണോയെന്ന് ചോദിച്ചു. കൂടെ നല്ല ഉദ്ദേശ്യത്തോടെയാണ് ചോദിക്കുന്നതെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. വേണ്ട ഭര്‍ത്താവ് വരുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ ഓടിച്ചു പോയി. പക്ഷേ, നിരീക്ഷണക്കാര്‍ പിന്മാറിയില്ല. അതുവഴി നടന്ന് സബിത സ്റ്റാന്‍ഡിന്റെ കിഴക്കുഭാഗത്തേക്കു നീങ്ങിത്തുടങ്ങിയപ്പോള്‍ ‘എടാ നമ്മള്‍ ഇനി എന്തുചെയ്യുമെന്ന്’ ബൈക്കിലിരിക്കുന്നവന്‍ കൂട്ടുകാരോട് ചോദിക്കുന്നത് ഞങ്ങള്‍ക്ക്‌ േകള്‍ക്കാമായിരുന്നു. അമൃത ബാറിനടത്തു ഒരു മിനിറ്റ് നിന്നപ്പോള്‍ തന്നെ മറ്റ് രണ്ട് ചെറുപ്പക്കാര്‍ വന്ന് അല്പം മര്യാദയോടെ ചോദിച്ചു. ‘മാഡം ഞങ്ങള്‍ എന്തെങ്കിലും ഹെല്‍പ്പ് ചെയ്യണമോ’ എന്ന്. പക്ഷേ, അതും കഴിഞ്ഞ് ബേബി മെമ്മോറിയല്‍ ആസ്പത്രിക്ക് സമീപത്തേക്ക് നടന്നപ്പോഴാണ് രണ്ടു ബൈക്കുകാര്‍ പിന്നാലെ വരുന്നത് കണ്ടത്. അതില്‍ ഒരാള്‍ രണ്ടുതവണ സബിതയുടെ അടുത്തുവന്ന് ചോദിച്ചു: ”കൂടെ പോരുന്നോ?”
എവിടേക്കാണെന്ന് ചോദിച്ചപ്പോള്‍ എവിടെവേണമെങ്കിലും പോവാമെന്നായിരുന്നു മറുപടി. സബിതയുടെ സംസാരത്തില്‍നിന്ന് അടുത്ത പ്രതികരണം കടുത്ത രീതിയിലാവുമോ എന്ന് ഭയന്ന് അവന്‍ പിന്മാറി. സ്വയംപ്രതി?രോധത്തിനുള്ള കായിക പരിശീലനം ലഭിച്ചതിന്റെ ആത്മവിശ്വാസമുണ്ടായിരുന്നു സബിതയ്ക്ക്. അരയിടത്ത് പാലത്തിനുസമീപം സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട് അവന്‍ ആരെയോ ഫോണില്‍ വിളിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ അരയിടത്തുപാലത്ത് നിര്‍ത്തിയിട്ട ഓട്ടോയിലെ ൈഡ്രവര്‍മാരോട് പോയി എന്തോ പറഞ്ഞു. അതോടെ അതിലൊരാള്‍ വന്ന് സബിതയോട് ഇങ്ങനെ ഒറ്റയ്ക്കുനടക്കുന്നത് അത്ര പന്തിയല്ലെന്ന് ഉപദേശിച്ചു. രാത്രി രണ്ടേകാല്‍ വരെ ഞങ്ങള്‍ നഗരത്തില്‍ പലയിടത്തും പോയെങ്കിലും കഴിഞ്ഞ തവണ ഇങ്ങനെയൊരു യാത്ര നടത്തിയപ്പോഴുണ്ടായിരുന്ന അത്ര പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നില്ല. പോലീസുകാര്‍ അധികം ഇടവേളകളില്ലാതെ പട്രോളിങ് നടത്തുന്നത് കൊണ്ടാണോ എന്നറിയില്ല ഇത്തരം സംഘങ്ങള്‍ ചെറുതായി പിന്മാറിയ പോലെ തോന്നി.

Endnotes:
  1. “താമരശ്ശേരി, ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. ശവമഞ്ചം വഹിച്ചുകൊണ്ട്  അതിന്റെ പിറകില്‍ കുന്തിരിക്കം വീശി, പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി എന്‍റെ ശവസംസ്‌ക്കാരം  ചെയ്തു. ഗാഡ് ഗില്‍ റിപ്പോർട്ടിനെ അനുകൂലിച്ചതിനാൽ…: http://malayalamuk.com/p-t-thomas-mla-shares-the-bitter-experiences-he-faced-for-supporting-gadgil-report/
  2. പൂർണ്ണ നഗ്‌നയായി അവൾ നടന്നു, പക്ഷെ ആരും തിരിച്ചറിഞ്ഞില്ല; ബോഡി പെയിന്റിങ് എന്ന വിദ്യയിലൂടെ ഏവരെയും പറ്റിച്ചു മരിയ, വീഡിയോ കാണാം: http://malayalamuk.com/naked-girl-walks-around-mall-does-she-get-kicked-out/
  3. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ അദ്ധ്യായം 11 റാഞ്ചിയിലേക്കുള്ള ട്രെയിന്‍ യാത്ര: http://malayalamuk.com/auto-biography-of-karoor-soman-part-11/
  4. കഥാകാരന്റെ കനല്‍വഴികള്‍, കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 17 കള്ള ട്രെയിന്‍ യാത്ര: http://malayalamuk.com/autobiography-of-karoor-soman-part-17/
  5. ‘ഹൃദയം നഷ്ടപ്പെടുന്ന ഹാലോവീന്‍!’; ഞായറാഴ്ചയുടെ സങ്കീര്‍ത്തനം: http://malayalamuk.com/sunday-psalms-21/
  6. നോ പാന്റ്സ് സബ് വേ റൈഡ് ആഘോഷമാക്കി ആയിരങ്ങള്‍; ബ്രിട്ടനിലും നൂറു കണക്കിന് പേര്‍ പാന്റില്ലാതെ യാത്ര ചെയ്തു: http://malayalamuk.com/no-pants-subway-ride/

Source URL: http://malayalamuk.com/dcp-merin-joseph-avenger-night-waking/