കോഴിക്കോട് രണ്ടിടങ്ങളില്‍ നിന്ന് മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ കൊല്ലപ്പെട്ട ആളോട് സാമ്യമുള്ള രേഖാചിത്രം ക്രൈംബ്രാഞ്ച് തയ്യാറാക്കി. തലയോട്ടി പരിശോധിച്ച്‌ കംപ്യൂട്ടര്‍ സഹായത്താലാണ് രേഖാചിത്രം തയ്യാറാക്കിയത്. മൂന്ന് രൂപത്തിലുള്ള ചിത്രങ്ങളാണ് വരച്ചിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രേഖാചിത്രവും പരിശോധിച്ച അന്വേഷണസംഘം കൊല്ലപ്പെട്ടത് ഇതരസംസ്ഥാനക്കാരനായിരിക്കുമെന്ന നിഗമനത്തിലാണ്.

ചാലിയത്തും മുക്കത്തുമാണ് മനുഷ്യശരീരങ്ങള്‍ കണ്ടെത്തിയത്. വെട്ടിമാറ്റിയ കൈകളും തലയും ഉടലും രണ്ടുവര്‍ഷംമുന്‍പാണ് വിവിധ ദിവസങ്ങളിലായി കണ്ടെത്തിയത്. കൊല്ലപ്പെട്ട ആളെകുറിച്ചോ കൊലപാതകം നടത്തിയവരെകുറിച്ചോ ഇതുവരെയും ഒരു വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. 2017, ജൂണ്‍ 28 നാണ് അറത്തുമാറ്റിയ ഇടതു കൈ ചാലിയം കടല്‍ തീരത്തുനിന്ന് ആദ്യം കണ്ടെത്തിയത്. വീണ്ടും അഞ്ച് ദിവസത്തിന് ശേഷം മലയോര മേഖലയായ മുക്കം എസ്‌റ്റേറ്റ് റോഡരികില്‍ നിന്ന് കൈകളും കാലും തലയും വെട്ടിമാറ്റിയ നിലയില്‍ ഉടല്‍ മാത്രം ചാക്കിനുള്ളില്‍ കണ്ടെത്തി.

ഒരാഴ്ച കഴിഞ്ഞതോടെ കൈകള്‍ ലഭിച്ച തീരത്തുനിന്ന് തലയോട്ടിയും ലഭിച്ചു. മൂന്ന് ദിവസത്തിനുശേഷം ഇതേ സ്ഥലത്തുനിന്ന് വലതുകൈയും ലഭിച്ചു. മൂര്‍ച്ചയേറിയ യന്ത്രം ഉപയോഗിച്ചാണ് ശരീരം മുറിച്ചതെന്നും സംശയിക്കുന്നു. ഏകദേശം ഇരുപത്തിയഞ്ചുവയസുള്ള യുവാവാണ് കൊല്ലപ്പെട്ടത്. സംസ്ഥാനത്തുനിന്ന് കാണാതയവരെകുറിച്ച്‌ അന്വേഷിച്ചെങ്കിലും ഈ കേസിലേക്ക് ഒരു സൂചനയും ലഭിച്ചില്ല. ഡിഎന്‍എ പരിശോധനയിലാണ് എല്ലാ ശരീര ഭാഗങ്ങളും ഒരാളുടേതാണെന്ന് കണ്ടെത്തിയത്. വിദഗ്ധ പരിശോധനയില്‍ കൊല്ലപ്പെട്ട ആളുടെ നാല് വിരലടയാളങ്ങള്‍ ശേഖരിച്ചു. കഴുത്തില്‍ ബലം പ്രയോഗിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.