സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ രൂപീകരിച്ച് മയക്കുമരുന്ന് വില്‍പന സജീവം. രഹസ്യ വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ നിര്‍മിച്ച് ഫേസ്ബുക്ക് വഴി അവ പ്രചരിപ്പിക്കുകയും അംഗങ്ങളെ ചേര്‍ക്കുകയുമാണ് ചെയ്യുന്നത്. ഡോക്ടേഴ്‌സ് ഓര്‍ഡേഴ്‌സ് എന്ന പേരിലുള്ള ഓണ്‍ലൈന്‍ ഗ്രൂപ്പിലൂടെ മയക്കുമരുന്നുകള്‍ക്കായോ ആയുധങ്ങള്‍ക്കും കള്ളനോട്ടുകള്‍ എന്നിവയ്ക്കായോ ഓര്‍ഡറുകള്‍ നല്‍കാന്‍ സാധിക്കും. ലക്ഷക്കണക്കിനാളുകള്‍ സന്ദേശങ്ങള്‍ അയക്കാനും ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാനും ഉപയോഗിക്കുന്ന ഗ്രൂപ്പുകളുടെ അതേ മാതൃകയിലാണ് ഈ ഗ്രൂപ്പും തയ്യാറാക്കിയിരിക്കുന്നത്.

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്ന സുരക്ഷാ ഫീച്ചര്‍ ഉള്ളതിനാല്‍ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലെ സന്ദേശങ്ങള്‍ പുറത്തേക്ക് പോകില്ല. അതുകൊണ്ടുതന്നെ ക്രിമിനല്‍ സംഘങ്ങള്‍ സന്ദേശങ്ങള്‍ കൈമാറാന്‍ വാട്ട്‌സാപ്പിനെയാണ് വ്യാപകമായി ഉപയോഗിച്ചു വരുന്നത്. ഫേസ്ബുക്കിലൂടെ ലിങ്ക് കൈമാറിയാണ് ഡോക്ടേഴ്‌സ് ഓര്‍ഡേഴ്‌സ് എന്ന ഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ത്തതെന്ന് വ്യക്തമായിട്ടുണ്ട്. തീവ്രവാദാശയങ്ങള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഫേസ്ബുക്ക് ഇപ്പോള്‍ത്തന്നെ ചോദ്യങ്ങളെ അഭിമുഖീകരിക്കുകയാണ്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ട സംഭവത്തില്‍ യുഎസ് സെനറ്റ് മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ വിളിച്ചു വരുത്തിയിരുന്നു.

ഡോക്ടേഴ്‌സ് ഓര്‍ഡേഴ്‌സ് ഗ്രൂപ്പില്‍ ചേരുന്നതിന് കര്‍ശന നിബന്ധനകളാണ് നിലവിലുള്ളത്. അംഗങ്ങള്‍ക്കിടയില്‍ മാത്രം പ്രചാരത്തിലുള്ള ആക്ടിവേഷന്‍ കോഡ് പുതുതായി അംഗത്വം ആഗ്രഹിക്കുന്നവര്‍ നല്‍കണം. യുകെയില്‍ ഉടനീളമുള്ള മയക്കുമരുന്ന് വില്‍പനക്കാരും ഉപഭോക്താക്കളുമുള്ള ശൃംഖലയിലേക്കാണ് ഇതോടെ നിങ്ങള്‍ അംഗമാക്കപ്പെടുന്നത്. നിയമവിരുദ്ധവും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം നല്‍കേണ്ടതുമായ മരുന്നുകളുടെ വിതരണം ഈ ഗ്രൂപ്പിലൂടെ നടക്കുന്നതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിറ്റ്‌കോയിനിലൂടെ പണമടക്കാമെന്ന സൗകര്യവും ഗ്രൂപ്പ് നല്‍കുന്നുണ്ട്.