മരണാനന്തരം തനിക്ക് ആദരവൊന്നും വേണ്ടെന്ന് വേണ്ടെന്ന് കവയത്രി സുഗതകുമാരി. ആദ്യമായാണ് കേരളത്തിലെ സാമുഹിക രംഗത്തെ നിറസാന്നിധ്യമായ വ്യക്തി ഇത്തരത്തില്‍ പ്രതികരിക്കുന്നത്. പലരും മതപരമായ ചടങ്ങുകള്‍ സംസ്‌കാരത്തിന് വേണ്ടെന്ന് ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞിട്ടുണ്ട്. അത് നടപ്പാക്കുകയും ചെയ്തു. എന്നാല്‍ സമൂഹത്തിന്റെ ആദരവോ ഔദ്യോഗിക ബഹുമതികളോ വേ്‌ണ്ടെന്ന് പറഞ്ഞ് പുതു മാതൃകയാവുകയാണ് സുഗതകുമാരി.

‘മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനില്‍ക്കാതെ എത്രയുംവേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം.’

”ഒരാള്‍ മരിച്ചാല്‍ റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണ് മൃതദേഹത്തില്‍ മൂടുന്നത്. ശവപുഷ്പങ്ങള്‍. എനിക്കവ വേണ്ട. മരിച്ചവര്‍ക്ക് പൂക്കള്‍ വേണ്ട.  ജീവിച്ചിരിക്കുമ്പോൾ  ഇത്തിരി സ്നേഹം തരിക. അതുമാത്രംമതി.”

മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് സുഗതകുമാരി ഒസ്യത്തില്‍ എഴുതിവെച്ചിട്ടുണ്ട്. മരിക്കുന്നത് ആശുപത്രിയിലാണെങ്കില്‍ എത്രയുംവേഗം അവിടെ നിന്ന് വീട്ടില്‍ക്കൊണ്ടുവരണം. തൈക്കാട്ടെ ശ്മശാനമായ ശാന്തികവാടത്തില്‍ ആദ്യംകിട്ടുന്ന സമയത്ത് ദഹിപ്പിക്കണം. ആരെയും കാത്തിരിക്കരുത്. പോലീസുകാര്‍ ചുറ്റിലും നിന്ന് ആചാരവെടി മുഴക്കരുത്.

”ശാന്തികവാടത്തില്‍നിന്ന് കിട്ടുന്ന ഭസ്മം ശംഖുംമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും വേണ്ട. പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ചു പാവപ്പെട്ടവര്‍ക്ക് ആഹാരം കൊടുക്കാന്‍ ഞാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അതുമതി. അനുശോചനയോഗമോ സ്മാരക പ്രഭാഷണങ്ങളോ ഒന്നും വേണ്ട”- സുഗതകുമാരി പറഞ്ഞു.

സമയമായെന്ന തോന്നലിലാണ് കവിതയെയും പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ സ്നേഹിക്കുന്ന ഈ പോരാളിയുടെ തുറന്നുപറച്ചില്‍. അടുത്തിടെയുണ്ടായ രണ്ടാമത്തെ ഹൃദയാഘാതം അത്രമേല്‍ ക്ഷീണിതയാക്കിയെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ നന്ദാവനത്തെ വീട്ടില്‍ വിശ്രമത്തിലാണ്. പേസ്‌മേക്കറിന്റെ സഹായത്തോടെയാണ് ഹൃദയമിടിപ്പ്.