ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ബാഗ്ദാദ് : 21 രാജ്യങ്ങൾ, 90 ആക്രമണങ്ങൾ, കൊല്ലപ്പെട്ടത് 1400 പേർ. ഈ കണക്കുകൾ വെളിവാക്കുന്നത് ഐഎസ് എന്ന ഭീകരസംഘടനയുടെ വളർച്ചയും അതിന്റെ തലവനായ അബൂബക്കർ അൽ ബഗ്ദാദിയുടെ വാഴ്ച്ചയുമാണ്. ഈ കൊടുംഭീകരനെ ലോകം അറിയുന്നത് 2014ൽ ആണ്. വടക്കൻ സിറിയ മുതൽ ഇറാഖിലെ മൊസൂൾ വരെ നീളുന്ന ടൈഗ്രിസ്, യൂഫ്രട്ടിസ് നദീതടത്തിലാണ് ഐഎസിന്റെ ഭീകരത പടർന്നു പന്തലിച്ചത്. ഈ പ്രദേശത്തെ ലക്ഷക്കണക്കിനു ജനങ്ങളെ ഐഎസിന്റെ തടവിലാക്കിയാണ് 2014ൽ അബൂബക്കർ അൽ ബഗ്ദാദി തന്റെ ഭരണകൂടം പ്രഖ്യാപിച്ചത്. ബ്രിട്ടന്റെ അത്രയും വലിപ്പമുള്ള ഒരു സാമ്രാജ്യം അൽ ബഗ്ദാദി പണിതെടുത്തു. അനുഭാവികളും സ്ലീപ്പർ സെല്ലുകളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഐഎസ് വല നീണ്ടു. ഇതിൽ ഒട്ടനവധി മലയാളികളും ഇന്ത്യക്കാരും ഉൾപ്പെട്ടിരുന്നു. ലോകത്ത് ഒട്ടേറെ സ്ഥലങ്ങളിൽനടന്ന ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം പിന്നീട് ഈ സംഘടന ഏറ്റു.

ഇന്റർനെറ്റിലൂടെയായിരുന്നു ഐഎസ് ആശയപ്രചാരണം നടത്തിയിരുന്നത് . തടവുകാരായി പിടിച്ച പാശ്ചാത്യരെ നിഷ്ഠുരമായി കൊലപ്പെടുത്തുന്നതിന്റെ വിഡിയോ ഇന്റർനെറ്റിലൂടെ പുറത്തുവിട്ട് ഭീകരർ ലോകത്തെ ഞെട്ടിച്ചു.1971ൽ ഇറാഖിലെ സമാരയിലായിരുന്നു ബഗ്ദാദിയുടെ ജനനം. കാഴ്ചശക്തി കുറവായതിനാൽ സൈന്യത്തി‍ൽ ചേരാൻ പറ്റാതിരുന്ന അബൂബക്കർ അൽ ബഗ്ദാദി പിന്നീട് അൽ ഖായിദയിൽ ചേർന്നു. ഒടുവിൽ അതിനേക്കാളൊക്കെ ലോകത്തെ പേടിപ്പെടുത്തുന്ന ഐഎസിന് രൂപം നൽകി. ഈ വർഷം ഇറങ്ങിയ വീഡിയോയിൽ, തന്റെ സാമ്രാജ്യം ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും വ്യാപിച്ചു എന്നദ്ദേഹം വാദിച്ചു. യുഎസ് 2011ൽ ബഗ്ദാദിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഇപ്പോഴിതാ കൊടുംഭീകരൻ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റിന്റെ സ്ഥിരീകരണവും.

ഐഎസിന്റെ ശക്തി കുറഞ്ഞ സമയത്ത് തന്നെയാണ് തലവന്റെ പതനവും. ഐഎസിന്റെ കീഴിലുള്ള പല സ്ഥലങ്ങളും സ്വതന്ത്രമാക്കി വരുന്നു. 22 പേരുടെ ജീവനെടുത്ത ബ്രിട്ടനിലെ മാഞ്ചസ്റ്റർ അരീന സ്ഫോടനത്തിന്റെ പിന്നിലും അൽ ബഗ്ദാദി ആയിരുന്നു. ഇത് കൂടാതെ സാൻ ബെർണാർഡിനോയിലെ വെടിവെപ്പ്, ഫ്രാൻസിലെയും ജർമ്മനിയിലെയും ആക്രമണങ്ങൾ എന്നിവയൊക്കെയും ഐഎസിന്റെ നേതൃത്വത്തിൽ ആയിരുന്നു. യുഎസ് രണ്ടര കോടി ഡോളർ വിലയിട്ട കൊടുംഭീകരന്റെ അന്ത്യം ലോകത്തിന് സമ്മാനിക്കുന്ന ആശ്വാസം ചെറുതല്ല. എന്നാലും അദേഹത്തിന്റെ മരണത്തോടെ എല്ലാം അവസാനിക്കുന്നുമില്ല. ബഗ്ദാദിയുടെ മരണം സുപ്രധാനമായ നിമിഷമാണെന്നും ഐഎസിനെതിരായ പോരാട്ടം അവസാനിക്കുന്നില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രതികരിച്ചു.