സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധിച്ചു ബ്രിട്ടണിൽ പുതുതായി 282 പേർ കൂടി മരണപ്പെട്ടതോടെ, മൊത്തം മരണ സംഖ്യ 36,675 ആയി ഉയർന്നിരിക്കുകയാണ്. ഇതിൽ കെയർ ഹോമുകളിലെ മരണ നിരക്കുകളും ഉൾപ്പെടുന്നു. ബ്രിട്ടണിൽ ഇതുവരെയുള്ള മൊത്തം രോഗബാധിതരുടെ എണ്ണം 257154 ആണ്. ഈയിടെയായാണ് ബ്രിട്ടൻ ഡിപ്പാർട്ട്മെന്റ് ഫോർ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ആശുപത്രികൾക്ക് പുറത്തുനടക്കുന്ന മരണങ്ങളും കണക്കിൽ ഉൾപ്പെടുത്താൻ തുടങ്ങിയത്. 12 വയസ്സുള്ള ഒരു കുട്ടിയാണ് ഇംഗ്ലണ്ടിൽ ഏറ്റവും പുതുതായി കൊറോണ ബാധ മൂലം മരണപ്പെട്ടത്. ആശുപത്രികളിൽ മാത്രമായി 180 പേരോളം മരണപ്പെട്ടു. ഇതിൽ 157 പേരും ഇംഗ്ലണ്ടിൽ നിന്നുള്ളവരാണ്.

ഇതിനിടെ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡൊമിനിക് കമിംങ്സ് ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് 260 മൈൽ നീണ്ട യാത്ര നടത്തി പുതിയ വിവാദം ആയി മാറിയിരിക്കുകയാണ്. എന്നാൽ അദ്ദേഹം ചെയ്തതിനെ ന്യായീകരിച്ചാണ് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചത്. അദ്ദേഹവും ഭാര്യയും കൊറോണ രോഗലക്ഷണങ്ങളെ തുടർന്ന് സെൽഫ് ഐസൊലേഷനിൽ ആയിരുന്നു. അദ്ദേഹം സുഖം ആയതിനുശേഷം, പിന്നീട് തന്റെ ഭാര്യയെ സന്ദർശിക്കാനാണ് ഇത്രയധികം നീണ്ട യാത്ര അദ്ദേഹം നടത്തിയത്. ഇതിനു ശേഷം ഇദ്ദേഹം തിരിച്ചുവന്ന് ജോലിയിൽ പ്രവേശിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം തെറ്റാണെന്നാണ് ഡൗണിങ് സ്ട്രീറ്റ് പ്രതികരിച്ചത്.

രാജ്യത്തെ കൊറോണ ബാധ പടരുന്ന സാഹചര്യത്തിൽ, പല വിവാദങ്ങളും ഉയർന്നുവരികയാണ്. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ സർക്കാർ പ്രതിനിധികൾ തന്നെ ലംഘിക്കുന്നതായി പല ആരോപണങ്ങളും ഉണ്ട്. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇത്തരം ആരോപണങ്ങളെല്ലാം തന്നെ നിഷേധിച്ചിരിക്കുകയാണ്.