സൗത്ത് ലണ്ടനിലെ ടൂറ്റിംഗിലുള്ള സെയിന്റ് ജോര്‍ജ്‌സ് ഹോസ്പിറ്റലില്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയരായ 250ഓളം രോഗികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് തീരുമാനം. 2013 ഏപ്രിലിനും 2018 സെപ്റ്റംബറിനുമിടയിലുണ്ടായ മരണങ്ങളില്‍ അന്വേഷണം നടത്താനാണ് നീക്കം. കഴിഞ്ഞ വര്‍ഷം ഈ ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു ശേഷമാണ് എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റ് റിവ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. 2018ല്‍ പുറത്തായ ഒരു രേഖയനുസരിച്ച് സര്‍ജന്‍മാര്‍ക്കിടയില്‍ നിലവിലുള്ള കുടിപ്പകയാണ് രോഗികളുടെ മരണനിരക്ക് ഉയരാന്‍ കാരണം. സര്‍ജന്‍മാര്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞിരുന്നുവെന്നും ശസ്ത്രക്രിയകളില്‍ ഇവര്‍ കാണിച്ച ഉദാസീനത മരണ നിരക്ക് ഉയര്‍ത്തുകയായിരുന്നുവെന്നും ഈ രേഖയില്‍ വ്യക്തമായിരുന്നു.

ഹൃദയ ശസ്ത്രക്രിയക്ക് വിധേയരാകുന്നവരുടെ മരണ നിരക്കിലെ ദേശീയ ശരാശരി 2 ശതമാനമാണെങ്കില്‍ ഈ ആശുപത്രിയില്‍ അത് 3.7 ശതമാനമായിരുന്നു. 39 ജീവനക്കാരുമായി സംസാരിച്ചപ്പോള്‍ ഇത്രയും ഉയര്‍ന്ന മരണനിരക്കില്‍ അവര്‍ ഞെട്ടല്‍ അറിയിച്ചു. ആശുപത്രിയിലെ അന്തരീക്ഷത്തില്‍ ഇത് ഒഴിവാക്കാനാകുന്നതായിരുന്നില്ല എന്നും അവര്‍ പറഞ്ഞു. മുതിര്‍ന്ന ഡോക്ടര്‍മാര്‍ തമ്മിലാണ് ശത്രുത നിലനിന്നിരുന്നതെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. കണ്‍സള്‍ട്ടന്റ് സര്‍ജന്‍മാര്‍ക്കും കാര്‍ഡിയോളജിസ്റ്റുകള്‍ക്കും അനസ്തറ്റിസ്റ്റുകള്‍ക്കും സീനിയര്‍ ലീഡര്‍മാര്‍ക്കും പരസ്പരം വിശ്വാസമുണ്ടായിരുന്നില്ല.

ഇവര്‍ക്കിടയില്‍ ഒരുതരം വംശീയ സ്വഭാവം നിലനിന്നിരുന്നുവെന്ന് ഒരു കണ്‍സള്‍ട്ടന്റ് പറഞ്ഞു. ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചതിനു ശേഷം 2017 ഏപ്രിലിനും 2018 സെപ്റ്റംബറിനും ഇടയില്‍ നടന്ന മരണങ്ങളില്‍ പ്രത്യേക അന്വേഷണം നടക്കും. റിവ്യൂ കാലഘട്ടത്തില്‍ മരിച്ച കാര്‍ഡിയാക് സര്‍ജറി രോഗികളുടെ ബന്ധുക്കളെ സമീപിച്ചിട്ടുണ്ടെന്ന് ട്രസ്റ്റ് അറിയിച്ചു. മരണങ്ങളെക്കുറിച്ച് ട്രസ്റ്റ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകളും റിവ്യൂവില്‍ പരിശോധിക്കും.