സിറിയ വിഷയത്തില്‍ റഷ്യയും അമേരിക്കയും തമ്മില്‍ ഉരസലുകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ആണവയുദ്ധത്തിന്റെ സാധ്യതയേക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഡെഫ്‌കോണ്‍ വാണിംഗ് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്തു. ആണവയുദ്ധത്തിന്റെ സാധ്യത എത്രമാത്രമെന്ന് വിലയിരുത്തുന്ന സംവിധാനമാണ് ഇത്. അഞ്ച് ലെവലുകളാണ് ഇതിനുള്ളത്. ഡെഫ്‌കോണ്‍ 5 ആണ് ഏറ്റവും കുറഞ്ഞ സാധ്യതയുള്ള മേഖല. ഡെഫ്‌കോണ്‍ 1 ആണവ ശക്തികള്‍ തമ്മിലുള്ള യുദ്ധത്തിന്റെ ഏറ്റവും സാധ്യതയുള്ള മേഖലയായി കണക്കാക്കുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോളുണ്ടായിരിക്കുന്ന ഉരസലുകളുടെ പശ്ചാത്തലത്തില്‍ യുദ്ധ സാധ്യത ഡെഫ്‌കോണ്‍ 5ല്‍ നിന്ന് ഡെഫ്‌കോണ്‍ 4 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. അണുവായുധ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഈ സംവിധാനത്തിന്റെ പ്രവര്‍ത്തന മേല്‍നോട്ടം ഒരു സ്വകാര്യ ഇന്റലിജന്‍സ് ഏജന്‍സിയാണ് നിര്‍വഹിക്കുന്നത്.

അടുത്തിടെ സിറിയയിലുണ്ടായ രാസായുധാക്രമണങ്ങള്‍ക്കു ശേഷമുണ്ടായ സ്ഥിതിവിശേഷം അമേരിക്കയും റഷ്യയും തമ്മില്‍ സംഘര്‍ഷത്തിനുള്ള സാധ്യതയാണ് തുറന്നിട്ടിരിക്കുന്നതെന്ന് ഡെഫ്‌കോണ്‍ പ്രസ്താവനയില്‍ പറഞ്ഞു. വിവിധയിടങ്ങളില്‍ നിന്ന് സൈനികനീക്കങ്ങളും ആരംഭിച്ചിരിക്കുന്നതിനാല്‍ ഉടന്‍ തന്നെ സിറിയയില്‍ ആക്രമണം ഉണ്ടായേക്കും എന്ന ധാരണയിലാണ് റഷ്യയും സിറിയയും നീങ്ങുന്നത്. റഷ്യയും അമേരിക്കയും വിഷയത്തില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നടപടിയുണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയപ്പോള്‍ ഏതാക്രമണത്തിനും ശക്തമായ പ്രതികരണമുണ്ടാകുമെന്ന് റഷ്യയും മറുപടി നല്‍കിയിട്ടുണ്ട്.

ഡെഫ്‌കോണ്‍ 4 പ്രഖ്യാപിച്ചതോടെ അമേരിക്കന്‍ സേനയുടെ സുരക്ഷാ സംവിധാനങ്ങളും ഇന്റലിജന്‍സ് സംവിധാനങ്ങളും കൂടുതല്‍ ശക്തമാക്കും. പ്രത്യക്ഷത്തില്‍ ആണവയുദ്ധത്തിന് സാധ്യതയില്ലെന്ന് വിലയിരുത്താമെങ്കിലും ലോകത്ത് നടക്കുന്ന കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണ്ടി വരുന്നത് ഇത്തരം സാഹചര്യങ്ങളിലാണെന്നും ഡെഫ്‌കോണ്‍ അറിയിച്ചു. അമേരിക്കന്‍ ഗവണ്‍മെന്റുമായോ സൈന്യവുമായോ തങ്ങള്‍ക്ക് ബന്ധമൊന്നുമില്ലെന്നും ഡെഫ്‌കോണ്‍ വെബ്‌സൈറ്റ് അവകാശപ്പെട്ടു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സിറിയയില്‍ സൈനിക നടപടിക്ക് തയ്യാറെടുത്തു നില്‍ക്കുകയാണ്. സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദിന് സംരക്ഷണവുമായി റഷ്യയും നിലകൊള്ളുന്നു. ഇത് മേഖലയില്‍ സംഘര്‍ഷത്തിന് കാരണമായിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട് അനുകൂലമായാല്‍ മേഖല പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് വിലയിരുത്തപ്പെടുന്നു.