ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ട യുവാവിനെ ഹോട്ടല്‍ ജീവനക്കാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ഡല്‍ഹിയിലെ പ്രീത് വിഹാറിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരമാണ് യുവാവിനെ ഹോട്ടല്‍ ജീവനക്കാരായ മൂന്ന് പേര്‍ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. ഞായറാഴ്ച്ച വൈകീട്ട് ഭക്ഷണം കഴിക്കാനായി പ്രീത് വിഹാറിലെ കമല്‍ ദാബയിലെത്തിയ പവന്‍കുമാറും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ ഭക്ഷണത്തിന്റെ ഗുണമേന്‍മയെ കുറിച്ച് തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ ജീവനക്കാരായ മൂന്ന് പേര്‍ ചേര്‍ന്ന് പവന്‍കുമാറിനെ മര്‍ദ്ദിക്കുകയായിരുന്നു.

പവന്‍കുമാറിന്റെ തലയുടെ പിന്‍ഭാഗത്തായി വലിയ തവി ഉപയോഗിച്ച് അടിച്ചതാണ് മരണത്തിന് കാരണമായിരിക്കുന്നത്. സംഭവത്തില്‍ ധാബയിലെ ജീവനക്കാരായ സച്ചിന്‍, ഗോവിന്ദ്, കരണ്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി വിഹാര്‍ പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

ജീവനക്കാര്‍ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ഹോട്ടലില്‍ അബോധാവസ്ഥയില്‍ കിടന്ന പവന്‍ കുമാറിനെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൃത്യ സമയത്ത് ചികിത്സ ലഭ്യമായെങ്കിലും ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു.