ലോകത്ത് ഏറ്റവും കൂടുതല്‍ കഞ്ചാവ് ഉപയോഗിക്കുന്ന മൂന്നാമത്തെ നഗരം ഡല്‍ഹിയാണെന്ന് ജര്‍മ്മന്‍ ഡാറ്റ ഫേം ആയ എബിസിഡി. 2018ലെ കണക്കുകള്‍ പ്രകാരം ലോകത്തിലെ 120 നഗരങ്ങളില്‍ കഞ്ചാവ് ഉപയോഗത്തില്‍ ആദ്യ സ്ഥാനത്ത് ന്യൂയോര്‍ക്കും രണ്ടാം സ്ഥാനത്ത് പാകിസ്താനിലെ കറാച്ചിയുമാണ്. മുംബൈ ആറാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ 38.2 ടണും മുംബൈയില്‍ 32.4 ടണും മരുജുവാനയുമാണ് ഉപയോഗിച്ചതെന്ന് എബിസിഡി പറയുന്നു.

ഡല്‍ഹിയില്‍ കഞ്ചാവ് ഉപയോഗം കൂടുതലായതുകൊണ്ട് തന്നെ ലഹരി വിമുക്ത കേന്ദ്രങ്ങള്‍ തലസ്ഥാനത്ത് തഴച്ചുവളരുകയാണ്. മാസം 2000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപവരെയാണ് ഈ കേന്ദ്രങ്ങള്‍ ഈടാക്കുന്നത്. പല കേന്ദ്രങ്ങളിലും അശാസ്ത്രീയമായ രീതിയിലാണ് ലഹരിക്ക് അടിമപ്പെട്ടവരെ പരിചരിക്കുന്നത് എന്നതുകൊണ്ടു തന്നെ ഇവര്‍ കഞ്ചാവ് ഉപയോഗത്തില്‍ നിന്ന് മോചിതരാക്കുന്നില്ല. ലഹരി വിമുക്ത കേന്ദ്രങ്ങളില്‍ പലതും വ്യാപാര സ്ഥാപനങ്ങള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപണങ്ങളുണ്ട്.

ഡല്‍ഹിയില്‍ മാത്രം 25000 സ്‌കൂള്‍ കുട്ടികളാണ് മയക്കുമരുന്നുകള്‍ക്ക് അടിമപ്പെട്ടിരിക്കുന്നതെന്ന് നഷ മുക്തി കേന്ദ്ര ഡയറക്ടര്‍ സോമേഷ് സിംഗിനെ ഉദ്ധരിച്ച് ഇന്ത്യടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടുത്തെ മിക്കവാറും എല്ലാ ഡി-ആഡിക്ഷന്‍ സെന്ററുകളും നിറഞ്ഞിരിക്കുകയാണ്. ഇത് ഒരു മുന്നറിയിപ്പാണ്. അതിനാല്‍ ഡല്‍ഹി ഒരു ‘ഉഡ്താ പഞ്ചാബ്’ (കിറുങ്ങി നില്‍ക്കുന്ന പഞ്ചാബ്) ആകുന്നത് തടയാന്‍ സര്‍ക്കാരും നോഡല്‍ ഏജന്‍സികളും ഉറക്കമുണര്‍ന്ന് വേഗത്തില്‍ നടപടിയെടുക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

ഡല്‍ഹിയിലെ ഉദ്ദംനഗര്‍, കാശ്മീരി ഗേറ്റ്, ദ്വാരക, നോര്‍ത്ത് കാമ്പസ്, കല്‍ക്കാജി തുടങ്ങിയ പ്രദേശങ്ങളെല്ലാം വലിയ തോതില്‍ കഞ്ചാവ് ഇടപാടുകള്‍ നടക്കുന്ന കേന്ദ്രങ്ങളാണെന്നാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലെ (എന്‍സിബി) മുന്‍ സോണല്‍ ഡയറക്ടര്‍ മാധോ സിംഗ് പറയുന്നത്. കൗമാരക്കാര്‍ എളുപ്പത്തില്‍ വഴിതെറ്റാന്‍ സാധ്യതയുള്ളവരാണ്. അവര്‍ ലഹരിക്ക് അടിമപ്പെടാന്‍ ഒരു കാരണം കഞ്ചാവ് സുലഭമായി ലഭിക്കുന്ന സാഹചര്യവും വിലകുറവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

സ്‌പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സഞ്ജീവ് യാദവ് വെളിപ്പെടുത്തുന്നത്, ഇന്ത്യയില്‍ സുലഭമായി കഞ്ചാവ് കൃഷി നടത്തുന്നത് ഉപഭോഗം വര്‍ദ്ധിക്കുന്നതിന്റെ ഒരു കാരണമാണ്. കൂടാതെ, വില കുറവും ആകര്‍ഷിക്കുന്നു. മണിപ്പൂര്‍, മ്യാന്‍മര്‍, അസം പശ്ചിമ ബംഗാള്‍, ഒഡീഷ, ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രധാനമായും ലഹരി വ്യാപാരികള്‍ ഡല്‍ഹിയിലേക്ക് ചരക്കുകള്‍ അയയ്ക്കുന്നത്.

ഗുണനിലവാരം അനുസരിച്ച് ഗ്രാമിന് 300 രൂപ മുതലാണ് കഞ്ചാവ് വില്‍ക്കുന്നത്. പോലീസ് വൃത്തങ്ങള്‍ പറയുന്നത്, ഈ വര്‍ഷം ഡല്‍ഹയില്‍ നിന്ന് 2,500 കിലോഗ്രാം കഞ്ചാവ്, പോലീസും എന്‍സിബി ഉദ്യോഗസ്ഥരും പിടിച്ചെടുത്തിട്ടുണ്ടെന്നാണ്. അന്താരാഷ്ട്ര റാക്കറ്റുകളുമായി ബന്ധപ്പെടുന്നതിന് ലഹരി വ്യാപാരികള്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പടെയുള്ള പല സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നുണ്ട്. കൂടാതെ പണം നല്‍കാന്‍ ഇ-വാലറ്റുകളും ഉപയോഗിക്കുന്നു.

മയക്കുമരുന്നിന് അടിമകളായവര്‍ പിന്നീട് വില കൂടിയ കഞ്ചാവിന്റെ ഇനങ്ങളിലേക്ക് മാറുന്നുണ്ട്. വിദേശങ്ങളില്‍ നിന്ന് എത്തുന്ന എണ്ണ, മെഴുക് രൂപത്തില്‍ കൊണ്ടുവരുന്ന വിലകൂടിയ ഇനങ്ങളായ പാര്‍ട്ടി ഡ്രഗിലേക്ക് മാറുകയാണെന്നാണ് ലഹരി വിമുക്ത കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ പറയുന്നത്. കഞ്ചാവ് ബ്രൗണികളും മരിജുവാന മിക്‌സഡ് ടീയുമൊക്കെയാണ് യുവാക്കള്‍ക്ക് താല്‍പര്യമെന്നും അവര്‍ പറയുന്നു.