ഡെമോക്രാറ്റ് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറി. പാര്‍ട്ടിയിലെ തന്റെ എതിരാളിയായ ജോ ബിഡന് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് വഴിയൊരുക്കിക്കൊണ്ടാണ് സാന്‍ഡേഴ്‌സിന്റെ പിന്മാറ്റം. ഇതോടെ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ജോ ബിഡനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനുള്ള സാധ്യതയേറി.

ഡെമോക്രാറ്റുകളിലെ പുരോഗമന വിഭാഗക്കാര്‍ക്ക് ഏറ്റ തിരിച്ചടിയായിക്കൂടിയാണ് സാന്‍ഡേഴ്‌സിന്റെ പിന്മാറ്റത്തെ കണക്കാക്കുന്നത്. ആരോഗ്യ മേഖല, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക അസമത്വം തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രചരണമായിരുന്നു സാന്‍ഡേഴ്‌സിന്റെ നേതൃത്വത്തില്‍ ഇവര്‍ നയിച്ചിരുന്നത്. സാന്‍ഡേഴ്‌സ് പിന്മാറിയതോടെ പാര്‍ട്ടിയിലെ പുരോഗമന വിഭാഗത്തിന്റെ പങ്കാളിത്തവും അവസാനിച്ചു.

കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തുടക്കത്തില്‍ കൊറോണ വൈറസ് ബാധയെ ഗൗരവത്തില്‍ എടുക്കാതിരുന്ന ട്രംപിന്റെ നടപടി ഏറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു. കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നു കൂടിയാണ് അമേരിക്ക.

ഫെബ്രുവരിയില്‍ നടന്ന പ്രൈമറികളില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ വിജയിച്ച് സാന്‍ഡേഴ്‌സ് കരുത്തുകാട്ടിയെങ്കിലും പിന്നീട് പാര്‍ട്ടിയിലെ എതിരാളിയായ ജോ ബിഡന്റെ കുതിപ്പാണ് കണ്ടത്. നിര്‍ണായകമായ സൗത്ത് കരോലിനയില്‍ വിജയിച്ച് മധ്യവര്‍ഗക്കാരുടെ പിന്തുണയും ജോ ബിഡന്‍ എന്ന മുന്‍ വൈസ് പ്രസിഡന്റ് നേടിയതോടെ സാന്‍ഡേഴ്‌സിന്റെ സാധ്യതകള്‍ മങ്ങി. ഇതിനു പിന്നാലെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളായ മിഷിഗണും ഫ്ളോറിഡയും സാന്‍ഡേഴ്‌സിന് നഷ്ടപ്പെട്ടു.

കോവിഡ്-19 പ്രതിസന്ധി രൂക്ഷമായതോടെ സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിന് അവധി കൊടുത്തിരുന്നു. സാന്‍ഡേഴ്‌സ് ഇതിനിടെ വീഡിയോ കോണ്‍ഫറന്‍സ് വഴിയും ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടും പൊതുജന മധ്യത്തില്‍ ഉണ്ടായിരുന്നെങ്കിലും ട്രംപിനെതിരെ യോജിച്ച പോരാട്ടത്തിന് പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദം ഏറിയിരുന്നു എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ബിഡന്‍ ആകട്ടെ, മത്സരത്തില്‍ നിന്ന് പിന്മാറുന്ന കാര്യത്തില്‍ സാന്‍ഡേഴ്‌സിനു മേല്‍ യാതൊരു സമ്മര്‍ദ്ദവും ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു.

രണ്ടാം തവണയാണ് സാന്‍ഡേഴ്‌സ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങിയത്. അടിസ്ഥാനവര്‍ഗ ജനങ്ങളുടെ പിന്തുണയും ഒപ്പം, പുതിയ വോട്ടര്‍മാരെ ഡെമോക്രാറ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുമെന്നുമുള്ള വാഗ്ദാനങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു മത്സരമെങ്കിലും സാന്‍ഡേഴ്‌സിന് അതിനു കഴിഞ്ഞില്ല. ചെറുപ്പക്കാര്‍ക്കിടയിലും കാര്യമായ ചലനമുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല എന്നാണ് വിലയിരുത്തല്‍.

2016-ലേതു പോലെ തന്നെ ഡെമോക്രാറ്റുകള്‍ക്ക് വോട്ടു ചെയ്യുമെന്ന് കരുതിയ വലിയൊരു വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ സാന്‍ഡേഴ്‌സിന് കഴിഞ്ഞില്ല. ആഫ്രിക്കന്‍-അമേരിക്കാര്‍ ഇതില്‍ പ്രധാനപ്പെട്ട വിഭാഗമാണ്. അതേ സമയം, അലാബാമ, കരോലിന, മിസിസിപ്പി, വിര്‍ജീനിയ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ജോ ബിഡന് ആഫ്രിക്കന്‍-അമേരിക്കക്കാരുടെ വലിയ പിന്തുണ ലഭിക്കുകയും ചെയ്തു.

സ്വയം ഒരു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്നു വിശേഷിപ്പിക്കുന്ന വെര്‍മോണ്ടില്‍ നിന്നുള്ള ഈ സെനറ്റര്‍ പലപ്പോഴും പാര്‍ട്ടി ചട്ടക്കൂടിന് പുറത്ത് സ്വതന്ത്രമായ പ്രവര്‍ത്തിക്കുന്ന ആളാണ് എന്ന വിലയിരുത്തലുകളും പലപ്പോഴുമുണ്ടായിട്ടുണ്ട്. എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷക്ഷ എന്നതും അമേരിക്കയിലെ തൊഴിലാളി വര്‍ഗക്കാര്‍ക്കിടയില്‍ കോളേജ് വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി സൗജന്യ നാലുവര്‍ഷ കോളേജ് വിദ്യാഭ്യാസം തുടങ്ങിയവ സാന്‍ഡേഴ്‌സിന്റെ പ്രധാന പ്രചരണ വിഷയങ്ങളായിരുന്നെങ്കിലും പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇതിന് ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതിതീവ്ര ഇടത് എന്ന പ്രതിച്ഛയയാണ് സാന്‍ഡേഴ്‌സിന് അമേരിക്കന്‍ മധ്യവര്‍ഗക്കാര്‍ക്കിടയില്‍ ഉള്ളത് എന്നതാണ് തിരിച്ചടിക്ക് പ്രധാന കാരണമായി പറയപ്പെടുന്നതും. എന്നാല്‍ തന്റെ പ്രചരണ പരിപാടികളും ആശയങ്ങളും ഡെമോക്രാറ്റുകള്‍ക്ക് മത്സരത്തില്‍ മേല്‍ക്കൈ ഉണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട് എന്നാണ് സാന്‍ഡേഴ്‌സ് അവകാശപ്പെട്ടത്.