ചെന്നൈ: ശ്മശാനത്തിലേക്കുള്ള വഴി സവര്‍ണര്‍ അടച്ചതിനെ തുടര്‍ന്ന് മൃതദേഹം പാലത്തില്‍ നിന്നും കയറില്‍ കെട്ടിയിറക്കി ദലിതര്‍. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. പാലാര്‍ നദിക്കരയിലെ ശ്മശാനത്തിലേക്കുള്ള വഴിയാണ് സവർണര്‍ അടച്ചത്. ഇതോടെ വാനിയമ്പാടിയിലെ ആടി ദ്രാവിഡര്‍ കോളനിയിലെ ദലിതര്‍ മൃതദേഹം 20 അടി ഉയരത്തിലുള്ള പാലത്തില്‍ നിന്നും കെട്ടിയിറക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വെല്ലൂര്‍ ജില്ലാ ഭരണകൂടം നടപടിയുമായി രംഗത്തെത്തുകയായിരുന്നു. ദലിത് സമൂഹത്തിന് ശ്മശാനത്തിനായി അരയേക്കര്‍ ഭൂമി നല്‍കാനായി ജില്ലാ ഭരണകൂടം തീരുമാനിച്ചു. ദലിതരോടും വഴി അടച്ച വ്യക്തിയോടും സംസാരിച്ചതായി സബ് കലക്ടര്‍ പ്രിയങ്ക പറഞ്ഞു.

മഴയെ തുടര്‍ന്ന് നാരായണപുരം ആടി ദ്രാവിഡര്‍ കോളനിയിലെ ശ്മശാനം പ്രവര്‍ത്തിച്ചിരുന്നില്ല. തുടര്‍ന്ന് പാലര്‍ നദിക്കരയില്‍ സംസ്‌കരിക്കാനായി മൃതദേഹം കൊണ്ടു പോകുകയായിരുന്നു. ഈ ശ്മശാനത്തിലേക്ക് പോകുന്നതിന് ഹിന്ദു വിഭാഗത്തിലെ വെല്ലല ഗൗണ്ടര്‍- വാണിയാര്‍ വിഭാഗത്തില്‍ പെട്ടവരുടെ ഭൂമിയിലൂടെ വേണം കടന്നു പോകാനെന്നും ഇവര്‍ മൃതദേഹം ഈ വഴിയിലൂടെ കൊണ്ടു പോകുന്നത് തടയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.