ഫാ. ബിജു കുന്നയ്ക്കാട്ട്

ഡെര്‍ബി: ആരാധനാ സ്തുതികള്‍ ഭക്തിസാന്ദ്രമാക്കിയ ഡെര്‍ബി തിരുനാള്‍ വിശ്വാസികള്‍ക്ക് നവ്യാനുഭവം സമ്മാനിച്ചു. ഞായറാഴ്ച ഡെര്‍ബി സെന്റ് ജോസഫ്സ് ദേവാലയത്തില്‍ നടന്ന തിരുനാള്‍ കര്‍മ്മങ്ങളില്‍ ഈസ്റ്റ് മിഡ്ലാന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വിശ്വാസികള്‍ പങ്കുചേര്‍ന്നു. ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് ജോസഫ്സ് പള്ളി വികാരി കൊടി ഉയര്‍ത്തിയതോടെയാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായത്.

തുടര്‍ന്നു നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് റവ. ഫാ. ടോം പാട്ടശ്ശേരില്‍ നേതൃത്വം നല്‍കി. വിശ്വാസികളുടെ സജീവമായ പങ്കാളിത്തം കൊണ്ട് ബലിയര്‍പ്പണം ഏറെ ശ്രദ്ധേയമായി. ജീവിതത്തില്‍ കടന്നുവരുന്ന സഹനങ്ങളെ വി. അല്‍ഫോന്‍സാമ്മയുടെ മനോഭാവത്തോടെ സ്വീകരിക്കാനാകണമെന്ന് തിരുനാള്‍ സന്ദേശം നല്‍കിയ റവ. ഫാ. റ്റോമി എടാട്ട് ഓര്‍മ്മിച്ചു. സ്വയം ഉണ്ടാക്കുന്ന സഹനങ്ങളും മറ്റുള്ളവര്‍ നല്‍കുന്ന സഹനങ്ങളും ദൈവം നല്‍കുന്ന സഹനങ്ങളും ജീവിതത്തിലുണ്ടെന്നും ദൈവം തരുന്ന സഹനത്തിന്റെ കൂടെ പ്രതിഫലമാകുന്ന മഹത്വത്തിന്റെ കിരീടവും ഉണ്ടാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി നടന്ന ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം വിശ്വാസത്തിന്റെ നേര്‍ക്കാഴ്ചയായി. അടിമ വയ്ക്കുന്നതിനും കഴുന്ന് എഴുന്നുള്ളിക്കുന്നതിനും സൗകര്യമേര്‍പ്പെടുത്തിയിരുന്നു. ബോള്‍ട്ടണ്‍ ബോയ്സ് ചെണ്ടയില്‍ തീര്‍ത്ത താള വിസ്മയും കാഴ്ചക്കാര്‍ക്ക് വിരുന്നായി. വിഭവസമൃദ്ധമായ സ്നേഹവിരുന്നിന്റെ സന്തോഷവും പങ്കുവെച്ചാണ് തിരുനാള്‍ സമാപിച്ചത്.

വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്സ്, പ്രസുദേന്തിമാര്‍ തുടങ്ങിയവര്‍ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.