മാര്‍തോമാ ക്രിസ്ത്യാനികളുടെ വിശ്വാസ പിതാവായ മാര്‍ തോമാശ്ലീഹയുടെയും സീറോ മലബാര്‍ സഭയിലെ ആദ്യ വിശുദ്ധപുഷ്പം വി. അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ സംയുക്തമായി ജൂലൈ 2 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ ഡെര്‍ബി സെന്റ് ജോസഫ്സ് കാത്തലിക് ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. സെന്റ് ജോസഫ്സ് പള്ളി വികാരി റവ. ഫാ. ജോണ്‍ ട്രെന്‍ചാര്‍ഡ് പതാക ഉയര്‍ത്തുന്നതോടു കൂടി തിരുനാളിന് ഔദ്യോഗിക തുടക്കമാവും. തുടര്‍ന്ന് നടക്കുന്ന പ്രസുദേന്തി വാഴ്ചയ്ക്കും നൊവേന പ്രാര്‍ത്ഥനയ്ക്കും ശേഷം ആഘോഷമായ തിരുനാള്‍ കുര്‍ബാന റവ. ഫാ. ടോം പാട്ടശ്ശേരില്‍ അര്‍പ്പിക്കും. അറിയപ്പെടുന്ന വചന പ്രഘോഷകനായ റവ. ഫാ. റ്റോമി എടാട്ട് വചന സന്ദേശം നല്‍കും.

വി. കുര്‍ബാനയുടെ സമാപനത്തില്‍ വൈകുന്നേരം 4.30-ഓടുകൂടി തിരുനാള്‍ പ്രദക്ഷിണം നടത്തപ്പെടും. പ്രദക്ഷിണ സമാപനത്തില്‍ വിശുദ്ധരോടുള്ള ബഹുമാനാര്‍ത്ഥം ലദീഞ്ഞു പ്രാര്‍ത്ഥന അര്‍പ്പിക്കപ്പെടും. തുടര്‍ന്ന് ആസ്വാദകര്‍ക്ക് കാഴ്ചയ്ക്ക് പുതിയ വിരുന്നേകി ‘ബര്‍ട്ടണ്‍ ബോയ്സ് ‘ അവതരിപ്പിക്കുന്ന ചെണ്ടമേളം അരങ്ങേറും. തുടര്‍ന്ന് വിഭവസമൃദ്ധമായ സ്നേഹവിരുന്നും ഉണ്ടായിരിക്കും.

ഡെര്‍ബിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ ഇടവകകളില്‍ നിന്നും വന്നെത്തുന്ന ‘ഡെര്‍ബി തിരുനാള്‍’ ഈസ്റ്റ് മിഡ്ലാന്‍സിലെ പ്രധാന വിശ്വാസ കൂട്ടായ്മകളിലൊന്നാണ്. ചാപ്ലയിന്‍ റവ. ഫാ. ബിജു കുന്നയ്ക്കാട്ടിന്റെയും മിക്കലോവര്‍ വാര്‍ഡിന്റെയും കമ്മറ്റിയംഗങ്ങളുടെയും വാര്‍ഡ് ലീഡേഴ്സിന്റെയും നേതൃത്വത്തില്‍ തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ ബാബു ജോസഫ് അറിയിച്ചു. തിരുനാളില്‍ സംബന്ധിക്കുവാനും വിശുദ്ധരുടെ മാധ്യസ്ഥ്യം വഴി സമൃദ്ധമായ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു. തിരുനാള്‍ നടക്കുന്ന സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ അഡ്രസ്സ് – Burton Road, Derby, DEII TQ