കേരളത്തനിമയിൽ ഓണം ആഘോഷിച്ച് ഡെർബി മലയാളി അസോസിയേഷൻ. രുചികരമായ ഓണസദ്യ സ്വയം ഒരുക്കി ഒരുമയോടെ മലയാളി കുടുംബങ്ങൾ. ഓണാഘോഷം ഉത്സവമാക്കി ഡെർബി മലയാളികൾ.

by News Desk 2 | September 16, 2017 8:04 pm

മലയാളം യുകെ ന്യൂസ്

കേരളത്തനിമയിൽ ഒത്തൊരുമയോടെ ഡെർബി മലയാളി അസോസിയേഷൻ ഇന്ന് പൊന്നോണം ആഘോഷിച്ചു. ഒരുമയുടെയും സ്നേഹത്തിന്റെയും ഉത്സവത്തിൽ ഡെർബിയിലെ നൂറിലധികം വരുന്ന മലയാളി കുടുംബങ്ങൾ ആവേശത്തോടെയാണ് പങ്കെടുത്തത്. ഡെർബി മലയാളി അസോസിയേഷന്റെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ഓണം പൊന്നോണം സംഘടിപ്പിച്ചത്. സംഘാടന മികവിന്റെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഒരു ആഘോഷമായിരുന്നു ഡെർബിയിൽ കണ്ടത്.  ഓണ ജാതി മത ഭേദമന്യെ പരസ്പരം കൈകോർത്ത് ഓണത്തിന്റെ ഓർമ്മകളുടെ ഗൃഹാതുര സ്മരണകളുമായി മലയാളികൾ ഒത്തു ചേർന്നു.

ചുണ്ടൻ വള്ളത്തിന്റെ മാതൃക ഒരുക്കി അതിന്റെ പശ്ചാത്തലത്തിലാണ് സ്റ്റേജ് സജ്ജമാക്കിയത്. ഓണ സദ്യയ്ക്കുള്ള ഒരുക്കങ്ങൾ  വെള്ളിയാഴ്ച തന്നെ ആരംഭിച്ചിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് അദ്ധ്വാനിച്ചപ്പോൾ നിരവധി രുചികരമായ കറിക്കൂട്ടുകളോടെ വിഭവ സമൃദ്ധമായ ഓണസദ്യ വിളമ്പാൻ അസോസിയേഷനു കഴിഞ്ഞു. രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ ഡെർബിയിലെ ഗീതാഭവൻ ഹാളിൽ വച്ചാണ് ആഘോഷങ്ങൾ നടന്നത്. കുട്ടികളും മുതിർന്നവരും ആവേശത്തോടെ കലാപരിപാടികളിൽ പങ്കെടുത്തു. പൂക്കളവും തിരുവാതിരയും വടംവലിയും ഓണാഘോഷത്തിന് കൊഴുപ്പേകി. ചെണ്ട മേളത്തിന്റെ അകമ്പടിയിൽ മാവേലി പ്രജകളെ കാണാനെത്തി.

Source URL: http://malayalamuk.com/derby-malayalee-association-celebrated-onam/