ന്യൂസ് ഡെസ്ക് , മലയാളം യുകെ

ആധുനിക കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ കൊറോണാ വൈറസിനെ ലോകം നേരിടുമ്പോൾ ആരോഗ്യ മേഖല നേരിടുന്ന പ്രധാന പ്രശ്നം  നഴ്സ്മാരുടെ വലിയതോതിലുള്ള കുറവാണ്. കൊറോണ വൈറസിന് എതിരെയുള്ള പോരാട്ടത്തിൽ മുന്നിലുള്ളത് ആതുരശുശ്രൂഷാ രംഗത്തെ നട്ടെല്ലായ നഴ്സുമാരാണ്. എന്നാൽ ലോകമൊട്ടാകെ 60 ലക്ഷം നഴ്സുമാരുടെ കുറവുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. കൊറോണ പോലുള്ള ഒരു മഹാമാരിയെ നേരിടുമ്പോൾ നഴ്സുമാരുടെ ഈ കുറവ് വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത്. ലോകത്തൊട്ടാകെ ഇപ്പോഴുള്ളത് 28 മില്യൺ നഴ്സുമാരാണ്. ഇത് ലോക ജനസംഖ്യയുടെ 50 ശതമാനം പേരെ പരിചരിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ എന്ന ലോകാരോഗ്യ സംഘടനയുടെ തലവൻ ടെസ്റോസ് അധനോം ഗബ്രിയേസിസ് ചൂണ്ടിക്കാട്ടി. സ്ത്രീകൾ ഭൂരിപക്ഷമുള്ള ഈ മേഖലയിലേക്ക് കൂടുതൽ പുരുഷന്മാർ കടന്നുവരുന്നതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.

ഇതിനിടയിൽ കോവിഡ്-19 പല വികസിത രാജ്യങ്ങളുടെയും കണ്ണുതുറപ്പിച്ചിരിക്കുകയാണ്.കൂടുതൽ നഴ്സുമാരെ റിക്രൂട്ട് ചെയ്ത് ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനായി പരിശീലനത്തിനും റിക്രൂട്ട്മെന്റിനുമായി കൂടുതൽ ബഡ്ജറ്റ് വകയിരുത്തുന്നതിന്റെ ആവശ്യകതയെ കുറിച്ചാണ് ആരോഗ്യരംഗത്തെ തലപ്പത്തുള്ളവർ ഇപ്പോൾ ചിന്തിക്കുന്നത് .എന്തായാലും വരാനിരിക്കുന്നത് നഴ്സിംഗ് കരിയർ ഒരു പാ ഷനായി കാണുന്നവർക്കുള്ള അവസരങ്ങൾ ഉള്ള ഒരു കാലഘട്ടമാണ്.