തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസനെതിരായ ആക്രമണത്തെ അപലപിച്ചു സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ രംഗത്ത്. ക്രിമിനല്‍ കേസിലെ പ്രതി ഉപദ്രവിക്കുന്നതു കണ്ടിട്ടും മിണ്ടാതിരുന്ന പൊലീസുകാരുടെ നടപടി നാണക്കേട് ആണെന്നും ഇവരെ പിരിച്ചുവിടണമെന്നും ഡിജിപി ഫേസ്ബുക്കില്‍ കുറിച്ചു.
ക്രിമിനല്‍ കേസിലെ പ്രതി ഉപദ്രവിക്കുന്നത് കണ്ടിട്ടും സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെടാത്തത് ലജ്ജാകരമാണ്. സ്ഥലത്തുണ്ടായിരുന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്കും വീഴ്ച പറ്റി. കൃത്യവിലോപം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിടുകയാണ് വേണ്ടതെന്നും ടി.പി സെന്‍കുമാര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

കേരള പൊലീസിന്റെ സമീപകാല ചരിത്രത്തില്‍ നാണക്കേടുണ്ടാക്കിയ സംഭവമാണ് ടി.പി.ശ്രീനിവാസന്‍ ഐ എഫ് എസ് (റിട്ട.) നെ ശരത് എന്ന നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഒരാള്‍ ക്രൂരമായി ആക്രമിക്കുന്നതും, ആക്രമണത്തിനു ശേഷവും തികഞ്ഞ പൊലീസ് അനാസ്ഥയും, നിസംഗതയും പ്രകടിപ്പിച്ച് നിരവധി പൊലീസുദ്യോഗസ്ഥര്‍ നില്‍ക്കുന്നതും കാണേണ്ടി വന്നത്. മറ്റുള്ളവരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് നിരവധി പൊലീസുദ്യോഗസ്ഥര്‍ക്ക് ഓരോ ദിവസവും പരിക്കേല്‍ക്കേണ്ടി വരുന്നത്. മറ്റുള്ളവരുടെ ജീവന്‍ സംരക്ഷിക്കുമ്പോള്‍ പൊലീസുദ്യോഗസ്ഥര്‍ക്ക് സ്വന്തം ജീവന്‍ ബലികൊടുക്കേണ്ടി വന്ന സംഭവങ്ങളും അടുത്തകാലത്തുണ്ടായിട്ടുള്ളതാണ്. അത്തരം ശ്‌ളാഘനീയമായ നടപടികള്‍ക്കിടയിലാണ് തികച്ചും തെറ്റായ ഒരു നടപടി ചില പൊലീസുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായതെന്നും ഡിജിപി പറയുന്നു.

ഡിജിപിയുടെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം താഴെ കൊടുത്തിരിക്കുന്നു.

ശ്രീ. ടി.പി.ശ്രീനിവാസന്‍ ഐ എഫ് എസ് (റിട്ട.) ആക്രമിക്കപ്പെട്ടപ്പോള്‍ നടപടി എടുക്കാതിരുന്ന പോലീസുദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുന്നതിന് തിരുവനന്തപുരം റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറലിന് സംസ്ഥാന പോലീസ് മേധാവി നല്‍കിയ നിര്‍ദേശങ്ങള്‍………………….

കേരള പോലീസിന്റെ സമീപകാല ചരിത്രത്തില്‍ നാണക്കേടുണ്ടാക്കിയ സംഭവമാണ് ശ്രീ. ടി.പി.ശ്രീനിവാസന്‍ ഐ എഫ് എസ് (റിട്ട.) നെ ശരത് എന്ന നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഒരാള്‍ ക്രൂരമായി ആക്രമിക്കുന്നതും, ആക്രമണത്തിനു ശേഷവും തികഞ്ഞ പോലീസ് അനാസ്ഥയും, നിസംഗതയും പ്രകടിപ്പിച്ച് നിരവധി പോലീസുദ്യോഗസ്ഥര്‍ നില്‍ക്കുന്നതും കാണേണ്ടി വന്നത്. മറ്റുള്ളവരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് നിരവധി പോലീസുദ്യോഗസ്ഥര്‍ക്ക് ഓരോ ദിവസവും പരിക്കേല്‍ക്കേണ്ടി വരുന്നത്. മറ്റുള്ളവരുടെ ജീവന്‍ സംരക്ഷിക്കുമ്പോള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് സ്വന്തം ജീവന്‍ ബലികൊടുക്കേണ്ടി വന്ന സംഭവങ്ങളും അടുത്തകാലത്തുണ്ടായിട്ടുള്ളതാണ്. അത്തരം ശ്‌ളാഘനീയമായ നടപടികള്‍ക്കിടയിലാണ് തികച്ചും തെറ്റായ ഒരു നടപടി ചില പോലീസുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായത്. കോവളത്ത് ബഹു. കേരള മുഖ്യമന്ത്രി തന്നെ പങ്കെടുക്കുന്ന ചടങ്ങ് പ്രതീക്ഷിച്ച് ആവശ്യത്തിന് ശക്തമായ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തുന്നതിനും, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ആവശ്യമായ അധിക പോലീസ് സേനയെ നല്‍കുകയും, നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നതാണ്. ശ്രീ. ടി പി ശ്രീനിവാസന്‍ സാമാന്യേന അറിയപ്പെടുന്ന വ്യക്തിയാണ്. മാത്രമല്ല, അദ്ദേഹം സര്‍ക്കാര്‍ വാഹനത്തിലാണ് അവിടെയെത്തിയത്. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അപ്പോള്‍ തന്നെ ശരിയായ നിര്‍ദേശങ്ങള്‍ നല്‍കേണ്ടതും, നടപടികള്‍ സ്വീകരിക്കേണ്ടതുമായിരുന്നു. അതുണ്ടായില്ല. മാത്രമല്ല, അദ്ദേഹത്തെ വളരെയധികം സമരക്കാര്‍ ഉപദ്രവിക്കുന്നതു കണ്ടിട്ടും സമീപമുണ്ടായിരുന്ന പോലീസുദ്യോഗസ്ഥര്‍ ഇടപെടാന്‍ ശ്രമിച്ചില്ല. ഒടുവില്‍ ഒരു കൂട്ടം പോലീസുദ്യോഗസ്ഥരുടെ ഇടയിലേയ്ക്ക് നടന്നു വന്ന അദ്ദേഹത്തെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ, നിരവധി കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടേണ്ട ഒരാള്‍ പോലീസുദ്യോഗസ്ഥരുടെ മദ്ധ്യത്തില്‍ വെച്ച് ആക്രമിക്കുമ്പോള്‍ അത് തടയുന്നതിനോ, അക്രമിയെ പിടികൂടുന്നതിനോ യാതൊരു ശ്രമവും നടത്തി കണ്ടില്ല. മര്‍ദ്ദനമേറ്റയാളെ സഹായിക്കുന്നതിനുപോലും അവിടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥര്‍ ശ്രമിച്ചു കണ്ടില്ല. രണ്ട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരും മറ്റ് പോലീസുദ്യോഗസ്ഥരും തികച്ചും ലജ്ജാകരമായ, സാമാന്യ മര്യാദപോലുമില്ലാത്തവിധമാണ് പെരുമാറിയത്. സമീപകാലത്തൊന്നും കേരള പോലീസിനെ ഇത്രയധികം നാണംകെടുത്തിയ ഒരു പ്രവര്‍ത്തനം ഉണ്ടായിട്ടില്ല. ആയതിനാല്‍ തന്നെ ഈ പോലീസുദ്യോഗസ്ഥര്‍ തികച്ചും
മനുഷ്യാവകാശ ലംഘനത്തിന് കൂട്ടു നില്‍ക്കുകയും ഔദ്യോഗിക നിര്‍വ്വഹണത്തില്‍ തികച്ചും അലക്ഷ്യഭാവം കാണിക്കുകയും, തങ്ങളുടെ കര്‍ത്തവ്യങ്ങളില്‍ നിന്നും ബോധപൂര്‍വ്വം വിട്ടു നില്‍ക്കുന്നതായും കാണുന്നു. മര്‍ദ്ദനമേറ്റ് വീണുകിടക്കുന്ന ഒരു മനുഷ്യന് ഒരു താങ്ങ് കൊടുക്കുന്നതിനുള്ള സാമാന്യമര്യാദപോലും കാണിക്കാത്ത ഒരു പോലീസ് സബ് ഇന്‍സ്‌പെക്ടറും അവിടെ കാണപ്പെട്ടു. ഇത്തരത്തിലുള്ള പോലീസുദ്യോഗസ്ഥര്‍ സര്‍വ്വീസില്‍ ഉണ്ടാകുന്നത് സമൂഹത്തിന് അപകടകരമായിരിക്കും. ആയതുകൊണ്ട് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (തിരുവനന്തപുരം റെയിഞ്ച്) ഇവര്‍ക്കെതിരെ പിരിച്ചുവിടല്‍ അടക്കമുള്ള നടപടികളിലേക്ക് എത്തിച്ചേരാവുന്നതും ഗുരുതര ശിക്ഷാനടപടികള്‍ക്കായുള്ള വകുപ്പുതല നടപടികള്‍ ഉടനടി സ്വീകരിക്കേണ്ടതുമാണ്.
ഒരു സസ്‌പെന്‍ഷനില്‍ നില്‍ക്കുന്നതുകൊണ്ട് ഇത്തരം ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനരീതികളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ല. ആയതുകൊണ്ട് ഇവരുടെ കര്‍ത്തവ്യബോധം, മനുഷ്യാവകാശ സംരക്ഷണം, പോലീസുദ്യോഗസ്ഥര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനം എന്നിവയിലൂന്നി തുടര്‍പരിശീലനം നല്‍കുന്നതിനായി കേരള പോലീസ് അക്കാഡമിയില്‍ ഒരു വര്‍ഷത്തെ തുടര്‍ പരിശീലനത്തിനായി അയക്കേണ്ടതാണ്. ഇവര്‍ക്ക് കാര്യക്ഷമവും, കൃത്യവുമായ പരിശീലനം നല്‍കുന്നതിന് കേരള പോലീസ് അക്കാഡമി ഡയറക്ടര്‍ കൃത്യമായ നടപടികള്‍ എടുക്കേണ്ടതാണ്. ഈ ഉദ്യോഗസ്ഥരെ ഉടനടി തല്‍സ്ഥാനങ്ങളില്‍ നിന്നും മാറ്റി പോലീസ് അക്കാഡമിയിലേക്ക് പാസ്‌പോര്‍ട്ട് ചെയ്യേണ്ടതാണ്. അവിടെ റിപ്പോര്‍ട്ട് ചെയ്തതിന്റെ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമെ ഇനിയുള്ള ഇവരുടെ ശമ്പളവും പോലീസ് അടിസ്ഥാനത്തിലുള്ള മറ്റ് സൗകര്യങ്ങളും നല്‍കേണ്ടതുള്ളൂ.
ഈ സംഭവം നടക്കുന്ന സമയം കോവളത്ത് ചാര്‍ജിലുണ്ടായിരുന്ന പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ കൈയ്യില്‍ നിന്നും, എന്തുകൊണ്ട് കൃത്യവിലോപത്തിനും, മനുഷ്യാവകാശ ലംഘനത്തിനും നടപടി സ്വീകരിക്കാതിരിക്കണം എന്നതിനുള്ള വിശദീകരണം വാങ്ങേണ്ടതാണ്.