പഞ്ചാബി ഗായകന്‍ പര്‍മിഷ് വര്‍മയ്ക്ക് നേരെയുണ്ടായ വധശ്രമത്തില്‍ തുമ്പില്ലാതെ മൊഹാലി പോലീസ് തലപുകയ്ക്കുന്ന സമയത്താണ് ഹോളിവുഡ് സിനിമകളെ പോലെ വധശ്രമത്തിന് പിന്നില്‍ താനാണെന്ന് പറഞ്ഞ് ലോക്കല്‍ ഗുണ്ടയുടെ ഫേസ്ബുക്ക് പോസ്റ്റ് വരുന്നത്. ഒപ്പം മീശപിരിച്ച് തോക്കുമായി ഇരിക്കുന്ന ഫോട്ടോയും കക്ഷി പോസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

ചണ്ഡിഗഡിലെ ഒരു മാളില്‍ സംഗീത നിശ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടയിലാണ് വര്‍മയോട് സഹായം അഭ്യര്‍ഥിച്ച് ഫോണ്‍ വരുന്നത്. അവിടെ നിന്നു തുടങ്ങുന്നു സിനിമയെ വെല്ലുന്ന ചേസിങിന്റേയും വെടിവെപ്പിന്റേയും കഥ. കൂട്ടുകാരനും ബോഡിഗാര്‍ഡിനുമൊപ്പമായിരുന്നു വര്‍മയിടെ യാത്ര . ഇവരുടെ വാഹനം സെക്ടര്‍ 73 കടന്നപ്പോഴാണ് ഗുണ്ടാത്തലവന്‍ പിന്തുടരുന്നത്. ഹ്യൂണ്ടായി ക്രേറ്റയിലായിരുന്നു പ്രതി സഞ്ചരിച്ചിരുന്നത്.

സിസിടിവി ദ‍ൃശ്യങ്ങളില്‍ നിന്ന് സഞ്ചരിച്ച കാറും കാര്‍ നമ്പറും വ്യക്തമാണെന്നാണ് പൊലീസ് ഭാഷ്യം. മൊഹാലി സെക്ടര്‍ 74ല്‍ വെച്ച് വര്‍മയുടെ കാര്‍ തടയുകയും പുറത്തിറങ്ങിയ ഗുണ്ട കാറിലേക്ക് നിറയൊഴിക്കുകയും ചെയ്തെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെടിവയ്പ്പിനിടെ വര്‍മയ്ക്കും ഒപ്പമുണ്ടായ കൂട്ടുകാരനും പരിക്കേറ്റു. രണ്ടുപേരെയും കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനായത് കൊണ്ട് അപകടനില പെട്ടെന്ന് തരണം ചെയ്തെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ഏതായാലും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ പിടിക്കാനാകാതെ കുഴങ്ങിയ സമയത്താണ് ഫെയ്സ്ബുക്ക് പോസ്റ്റ് വരുന്നത്. എന്തായാലും പ്രതി എന്തിനിത് ചെയ്തു, പ്രതിക്ക് പുറകില്‍ വേറെ ആളുകളുണ്ടോ എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാനുണ്ട്. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിലൂടെ അതിനുള്ള ഉത്തരം കിട്ടുമെന്നാണ് പൊലീസിന്റേയും പര്‍മിഷിന്റെ ആരാധകരുടേയും പ്രതീക്ഷ. എന്തായാലും പര്‍മിഷ് സുഖം പ്രാപിച്ചെന്ന വാര്‍ത്തയില്‍ സന്തോഷത്തിലാണ് ആരാധകര്‍.