തമിഴ് സൂപ്പർതാരം ധനുഷ് മകനാണെന്ന് അവകാശമുന്നയിച്ചുള്ള മധുര ദമ്പതികളുടെ പരാതിയിൽ പുതിയ വഴിത്തിരിവ്. ധനുഷ് ലേസറുപയോഗിച്ച് ശരീരത്തിൽ ജന്മനായുള്ള തിരിച്ചറിയൽ അടയാളങ്ങൾ മായ്ച്ച് കളഞ്ഞതായാണ് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്. കഴിഞ്ഞദിവസം തിരിച്ചറിയൽ അടയാളങ്ങളുടെ പരിശോധനയ്ക്കായി ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ എത്തിയിരുന്നു.
സിനിമയില്‍ എത്തുന്നതിന് മുമ്പ് ധനുഷിന്റെ പേര് കലൈചെല്‍വന്‍ എന്നാണെന്നും പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ തങ്ങളില്‍ നിന്നും ഓടിപ്പോയതാണെന്നും കതിരേശന്‍-മീനാക്ഷി ദമ്പതികള്‍ ആരോപിക്കുന്നു. മാത്രമല്ല ഇവര്‍ മകന് വേണ്ടി ഡിഎന്‍എ ടെസ്റ്റ് നടത്താനും തയ്യാറായിരുന്നു.

കേസ് മുറുകിയതോടെ ധനുഷിന് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുമായി ചെന്നൈ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടി വന്നു. അച്ഛന്‍ കസ്തൂരി രാജയും ധനുഷിനൊപ്പം എത്തി. കുടുംബത്തെ മുഴുവന്‍ ബാധിച്ചതിനാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നട്ടം തിരിയുകയായിരുന്നു ധനുഷും. കേസില്‍ സത്യമില്ലെങ്കില്‍ പിന്നെ എന്തിനാണ് ധനുഷ് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ മടിക്കുന്നതെന്നും ചിലർ ആരോപിക്കുന്നുണ്ട്.

എന്നാല്‍ ഇതിനിടെ വിവാദങ്ങളില്‍പ്പെട്ടുഴലുന്ന ധനുഷിന് ആശ്വാസവുമായി മുന്‍ അധ്യാപിക രംഗത്തെത്തിയിരുന്നു. എല്‍.കെ.ജി മുതല്‍ പത്താം ക്ലാസ് വരെ ധനുഷ് താന്‍ പ്രിന്‍സിപ്പാളായ തായ് സത്യ മട്രിക്കുലേഷന്‍ സ്‌കൂളിലാണ് പഠിച്ചതെന്ന് സുധ വെങ്കടേശ്വര്‍ എന്ന അധ്യാപിക പറഞ്ഞു. 1987ല്‍ പിതാവും സംവിധായകനുമായ കസ്തൂരിരാജയും അമ്മ വിജയലക്ഷ്മിയും ചേര്‍ന്നാണ് ധനുഷിനെ തായ് സത്യ സ്‌കൂളില്‍ ചേര്‍ത്തത്.

Image result for dhanush in court
2016 നവംബര്‍ 25ന് മധുര മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ദമ്പതികള്‍ കേസ് ഫയല്‍ ചെയ്തത്. മാസംതോറും 65,000 രൂപ ചെലവിന് നല്‍കണമെന്നായിരുന്നു ദമ്പതികളുടെ ആവശ്യം. തുടര്‍ന്ന് ജനുവരി 12ന് ധനുഷിനോട് കോടതിയില്‍ ഹാജരാവാന്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍ ബ്‌ളാക്‌മെയിലിങ്ങിന്റെ ഭാഗമായാണ് ദമ്പതികളുടെ അവകാശവാദമെന്നും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാല്‍ കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ധനുഷ് മധുര ഹൈക്കോടതി ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ നിലയിലാണ് ഇരുകൂട്ടരോടും തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. നിര്‍മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനായാണ് ധനുഷ് അറിയപ്പെടുന്നത്.