ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളിച്ചെന്ന് നടൻ ധർമജൻ ബോൾഗാട്ടി. കൊച്ചി കമ്മിഷണർ ഓഫിസിൽ മൊഴിനൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംനയുടെയും മിയയുടെയും നമ്പറുകളാണ് പ്രതികൾ ആവശ്യപ്പെട്ടത്. പ്രൊഡക്‌ഷൻ കണ്‍ട്രോളർ ഷാജി പട്ടിക്കരയാണ് തന്റെ നമ്പർ പ്രതികൾക്ക് കൊടുത്തതെന്നും ധർമജൻ പറഞ്ഞു

അഷ്‌കര്‍ അലി എന്നു പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും സെലിബ്രെറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നവരാണെന്നും പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ കണക്കുകളും പറഞ്ഞു. ലോക്ഡൗൺ സമയത്ത് തമാശയ്ക്ക് വിളിക്കുന്നവരാണെന്നാണ് കരുതിയത്. ആകെ രണ്ടോ മൂന്നോ തവണയാണ് വിളിച്ചത്. പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ അവര്‍ വിളിച്ചിരുന്ന നമ്പര്‍ സ്വിച്ച് ഓഫ് ആയി. പിന്നീട് വിളിച്ചിട്ടില്ല’ – ധർമജൻ പറഞ്ഞു.

പ്രൊഡക്‌ഷൻ കണ്‍ട്രോളർ എന്തുകൊണ്ടാണ് തന്റെ നമ്പർ കൊടുത്തതെന്ന് അറിയില്ല. ഇക്കാര്യം ചോദിക്കും. അദ്ദേഹത്തോട് പിണക്കമില്ലെന്നും ധർമ‍ജൻ പറഞ്ഞു. തന്നെകണ്ടാൽ കള്ളക്കടത്തുകാരനാണോയെന്നു തോന്നുമോയെന്നും താരം തമാശരൂപേണ മാധ്യമങ്ങളോടു ചോദിച്ചു.

തട്ടിപ്പിൽ സിനിമാ മേഖലയ്ക്കുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ധർമജനെ വിളിപ്പിച്ച് മൊഴിയെടുത്തത്. ധർമജൻ ഉൾപ്പെടെ സിനിമാ മേഖലയിൽനിന്നുള്ള മൂന്നുപേരുടെ മൊഴിയാണ് ഇന്നു രേഖപ്പെടുത്തുന്നതെന്നാണ് വിവരം. ധർമജന്റെ ഫോൺ നമ്പർ പ്രതികളിൽനിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ഇതിനിടെ മുഖ്യപ്രതികളിൽ ഒരാളായ ഹെയർ സ്റ്റൈലിസ്റ്റ് ഹാരിസ് അററ്റിലായി. പെൺകുട്ടികളെ വലയിൽ വീഴ്ത്തിയ പരാതിയിൽ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.

ഷംന കാസിം ബ്ലാക്ക് മെയിൽ കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമെന്ന് ഷംന കാസിമിന്റെ ഉമ്മ റൗലാബി. കൂടുതൽ പേർ തട്ടിപ്പ് സംഘത്തിലുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. സിനിമ മേഖലയുമായി കേസിനു ഒരു ബന്ധവും ഇല്ലെന്നും റൗലാബി പറഞ്ഞു

കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഷംന ഇന്ന് കൊച്ചിയിലെത്തും. ക്വാറന്റീനില്‍ ആയിരിക്കും എന്നതിനാല്‍ ഓൺലൈൻ വഴി ഷംനയുടെ മൊഴി രേഖപ്പെടുത്താനാണു തീരുമാനം. അറസ്റ്റിലായ പ്രതികളുമായുള്ള തെളിവെടുപ്പും ഇന്നുണ്ടാവും. അതേസമയം പ്രതികള്‍ക്കെതിരെ മൂന്ന് കേസ് കൂടി ചുമത്തി. പെണ്‍കുട്ടികളെ പൂട്ടിയിട്ട് സ്വര്‍ണവും പണവും തട്ടിയെടുത്തതിനാണ് കേസ് .

ആൾമാറാട്ടം നടത്തി വിവാഹ അഭ്യർത്ഥനയുമായി സമീപിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു തുടങ്ങി ഷംന കാസിം നൽകിയ പരാതിയിൽ അന്വേഷണം ഊർജിതമാണ്. മുഖ്യപ്രതി റഫീഖ് അടക്കം ഏഴുപേർ ഇതുവരെ പിടിയിലായി. അതിനിടയിലാണ് പരാതികാരിയായ ഷംന ഇന്ന് ഹൈദരാബാദിൽ നിന്ന് കൊച്ചിയിൽ എത്തുന്നത്. കോവിഡ് സാഹചര്യം പരിഗണിച്ച് ഷംനയുടെ മൊഴി വീഡിയോ കോൺഫറൻസിങ്ങിലൂടെ രേഖപ്പെടുത്താനാണ് തീരുമാനം. കേസിൽ സിനിമാ മേഖലയിൽ നിന്ന് ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം ചോദിച്ചറിയും. റഫീഖ്, മുഹമ്മദ്‌ ഷെരിഫ് തുടങ്ങി പൊലീസ് കസ്റ്റഡിയിൽ തുടർന്ന പ്രതികളുംമായി ഇന്ന് തെളിവെടുപ്പും ഉണ്ടായേക്കും. പ്രതികളെ ഷംനയുടെ മരടിലെ വീട്ടിലെത്തിക്കും.

പ്രതികൾ തട്ടിപ്പിന് ഇരയാക്കിയ പതിനെട്ടു പെൺകുട്ടികളെ ഇതുവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ പത്തിൽ താഴെ പരാതികൾ മാത്രമാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നാണക്കേട് ഭയന്നു പലരും മുന്നോട്ട് വരുന്നില്ല എന്ന് പൊലീസ് പറയുന്നു.