ഡിവൈഎസ്പി ഹരികുമാറിന്റെ മരണവിവരമറിഞ്ഞു വീട്ടിലെത്തിയവർക്ക് പിടിതരാത്ത ചോദ്യമായി അവശേഷിച്ചത് വർഷങ്ങൾക്കു മുൻപ് മരിച്ച മകന്റെ കുഴിമാടത്തിനു മുകളിലിരുന്ന ജമന്തിപ്പൂവ്. ജീവനൊടുക്കുന്നതിനു മുൻപ് ഹരികുമാർ സ്വന്തം മകനു സമർപ്പിച്ച അവസാന പുഷ്പമായിരുന്നോ അതെന്നു ബന്ധുക്കൾ പലരും തമ്മിൽ ചോദിക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ ഒൻപത് ദിവസമായി പൂട്ടിക്കിടന്ന വീട്ടുവളപ്പിലെ കുഴിമാടത്തിൽ വാടാത്ത പൂവ് ആരെങ്കിലും സമർപ്പിച്ചതാണോ അതോ സമീപത്തെ ചെടിയിൽ നിന്ന് കൊഴിഞ്ഞുവീണതാണോ എന്നും വ്യക്തമല്ല. അസുഖ ബാധിതനായിട്ടാണ് മൂത്ത മകൻ അഖിൽ ഹരി വർഷങ്ങൾക്കു മുൻപ് മരിച്ചത്.

ഇതിനു ശേഷം നാളുകളോളം ഹരികുമാർ മാനസികമായി പ്രയാസം അനുഭവിച്ചിരുന്നതായും അടുപ്പക്കാർ പറയുന്നു. ഇളയ മകനായ അതുലിനെ നല്ലതുപോലെ നോക്കണമെന്നായിരുന്നു അവസാനത്തെ കുറിപ്പിൽ ഹരികുമാർ എഴുതിയിരുന്നത്. ഹരികുമാറിനെ ഇന്നലെ സംസ്കരിച്ചതും ഇതേ വീട്ടുവളപ്പിലാണ്.
ആത്മഹത്യ ചെയ്യുന്നതായി എഴുതിയ കത്ത് പൊലീസ് കണ്ടെടുത്തു. ‘…സോറി, ഞാന്‍ പോകുന്നു. എന്റെ മകനെക്കൂടി ചേട്ടന്‍ നോക്കിക്കോണം..’ എന്നാണ് ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമായി എഴുതിയ കത്തില്‍ പറയുന്നത്.

നീല ടീ ഷര്‍ട്ടിനൊപ്പം ധരിച്ച കറുത്ത പാന്റ്സിന്‍റെ പോക്കറ്റിലായിരുന്നു കുറിപ്പ്. ആത്മഹത്യക്ക് മുന്‍പ് പ്രതി വീട്ടില്‍ കയറിയിട്ടില്ല എന്നാണ് പൊലീസ് മനസ്സിലാക്കുന്നത്. തേങ്ങ കൂട്ടിയിടുന്ന മുറിയിലായിരുന്നു ആത്മഹത്യ. കൊലക്കുറ്റം ഉറപ്പിച്ചതിനാല്‍ ജാമ്യം ലഭിക്കില്ലെന്ന മനോവിഷമമാവാം ജീവനൊടുക്കാന്‍ കാരണമെന്നാണ് ബന്ധുക്കളുടെ വിലയിരുത്തല്‍.

ഹരികുമാറിനെ തേടി ക്രൈംബ്രാഞ്ച് സംഘം ഇതര സംസ്ഥാനങ്ങളില്‍ തിരയുന്നതിനിടെയാണ് സ്വന്തം വീട്ടിലെത്തി ജീവനൊടുക്കിയത്. പൊലീസിനെയും പരാതിക്കാരെയും ഞെട്ടിച്ച് രാവിലെ ഒമ്പതരയോടെയാണ് ഡിവൈ.എസ്.പി ബി. ഹരികുമാറിന്റെ മരണവാര്‍ത്തയെത്തിയത്. കല്ലമ്പലത്തിന് സമീപം വേലൂരിലുള്ള വീടിന്റെ പിന്‍വശത്തെ ചായ്പ്പിനുള്ളില്‍ മുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. നായകള്‍ക്ക് ആഹാരം നല്‍കാനെത്തിയ ബന്ധുവായ സ്ത്രീയാണ് ആദ്യം കണ്ടതും പൊലീസിനെ അറിയിച്ചതും.