കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. 60 ദിവസത്തിലധികമായി ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ഇതേ കോടതിയില്‍ത്തന്നെ ദിലീപ് നേരത്തേ രണ്ട് തവണ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. അതിനു ശേഷമാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. രണ്ടു തവണ ഹൈക്കോടതി ജാമ്യം നിഷേധിച്ച ശേഷമാണ് വീണ്ടും ദിലീപ് അങ്കമാലി കോടതിയെ സമീപിച്ചിരിക്കുന്നത്.

റിമാന്‍ഡ് കാലാവധിക്കിടെ അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ദിലീപിന് അങ്കമാലി കോടതി ഇളവ് നല്‍കിയിരുന്നു. വീണ്ടും ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അപ്രതീക്ഷിതമായി വിചാരണക്കോടതിയെത്തന്നെ വീണ്ടും സമീപിക്കുകകയായിരുന്നു. നടിയുടെ നഗ്നദൃശ്യം എടുക്കാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നുത് മാത്രമാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റമെന്നും ജയിലില്‍ 60 ദിവസം പൂര്‍ത്തിയാക്കിയതിനാലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകാത്തതിനാലും ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്.

ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും കോടതിയില്‍ ഹാജരാക്കുക. കേസില്‍ നാദിര്‍ഷയെ ഇന്നലെ ചോദ്യം ചെയ്യാന്‍ പോലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനാല്‍ ആലുവ പോലിസ് ക്ലബ്ബിലേക്ക് ഡോക്ടര്‍മാരുടെ സംഘത്തെ എത്തിക്കുകയായിരുന്നു. ശക്തമായ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നടപടികളിലാണ് പോലീസ്.