നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി 26ലേക്ക് മാറ്റി. കേസിന്റെ സാഹചര്യത്തില്‍ മാറ്റമൊന്നുമുണ്ടാകാത്ത പക്ഷം എന്തിന് ജാമ്യാപേക്ഷയുമായി ഇപ്പോള്‍ വീണ്ടും വന്നു എന്നായിരുന്നു ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍ തോമസിന്റെ ചോദ്യം. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കാവ്യയേയും നാദിര്‍ഷയേയും ചോദ്യം ചെയ്യാനുണ്ടെന്നും കോടതി അറിയിച്ചു.

കസ്റ്റഡി കാലാവധി മാറിയതല്ലാതെ എന്ത് മാറ്റമാണ് പുതിയ അപേക്ഷ സമര്‍പ്പിക്കാനുള്ള സാഹചര്യമെന്ന് കോടതി ചോദിച്ചു. മുമ്പ് ജാമ്യം തള്ളിയ അതേ സാഹചര്യം തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും കോടതി വാക്കാല്‍ പരാമര്‍ശിക്കുകയുണ്ടായി.ഇതിനിടെ ദിലീപിന്റെ അഭിഭാഷകരുടെ വാദം കോടതി കേട്ടില്ല. ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കണമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചെങ്കിലും ജാമ്യാപേക്ഷയില്‍ മറുപടി പറയാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 26 ന് ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ മറുപടി അറിയിക്കും.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഹൈക്കോടതിയില്‍ ഇന്ന് വീണ്ടും ദിലീപിനായി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെടുകയും ഉച്ചതിരിഞ്ഞ് 1.45 ന് ഹര്‍ജി പരിഗണിക്കുകയുമായിരുന്നു. ഹൈക്കോടതിയില്‍ ഇതു മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി എത്തുന്നത്. മുമ്പ് രണ്ടു തവണയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.