അറസ്റ്റിലായ നടന്‍ ദിലീപിന് അനുകൂല തരംഗം സൃഷ്ടിക്കാന്‍ സോഷ്യല്‍മീഡിയയില്‍ നീക്കം ശക്തമാകുന്നു. നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനി എന്ന ക്രിമിനലിന് ക്വട്ടേഷന്‍ കൊടുത്തതിന് വ്യക്തമായ തെളിവുണ്ടെന്ന് പൊലീസ് പറയുമ്പോഴാണ് ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ദിലീപിന് അനുകൂലമായി പോസ്റ്റുകള്‍ വരുന്നത്.

കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയാണ് ഇത്തരത്തില്‍ ദിലീപ് അനുകൂല പ്രചരണം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. വന്‍തോതില്‍ പണം കൈപ്പറ്റിയാണ്  ഏജന്‍സിയുടെ പ്രചരണ തന്ത്രം. നടി ആക്രമിക്കപ്പെട്ട സമയം മുതല്‍ ഈ വിഷയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ നിശബ്ദരാക്കാന്‍ ഈ ഏജന്‍സി ശ്രമിച്ചിരുന്നു. നൂറ് കണക്കിന് വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ സൃഷ്ടിച്ച് താരത്തിന് അനുകൂലമായ സഹതാപം സൃഷ്ടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. നേരത്ത മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കാന്‍ വേണ്ടി വിവരങ്ങള്‍ ശേഖരിച്ചിരുന്നത് ഈ ഏജന്‍സിയാണ്. ഇതിനായി ചില സോഷ്യല്‍ മീഡിയ ട്രോള്‍ പേജുകളെയും ഇവര്‍ കൂട്ടുപിടിച്ചിട്ടുണ്ട്. അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കുകയും ഒട്ടുമിക്ക താരങ്ങള്‍ എതിര്‍ത്തു കൊണ്ട് രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോള്‍ അവസാന അടവായി താരത്തെ കള്ളക്കേസില്‍ കുടുക്കിയെന്ന വിധത്തില്‍ പ്രചരണം ശക്തമാക്കിയിരിക്കുന്നത്. ഇപ്പോഴത്തെ പ്രചരണങ്ങള്‍ക്ക് സാമ്പത്തിക സഹായം ഒരുക്കി രംഗത്തുള്ളത് സഹോദരന്‍ അനൂപും മറ്റു ചില സിനിമാക്കാരുമാണ്. എന്തുവിധേനയും താരത്തെ സംരക്ഷിക്കണം എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. ദിലീപിനെ വിശ്വസിച്ച് റിയല്‍ എസ്റ്റേറ്റില്‍ പണം മുടക്കിയ പ്രമുഖരും താരത്തെ കേസില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി സമ്മര്‍ദ്ദശക്തിയായി രംഗത്തുണ്ട്. ഇത്തരക്കാരു ദിലീപ് അനുകൂല പ്രചരണവുമായി രംഗത്തുണ്ട്.