നടിയെ ഉപദ്രവിച്ച കേസിലെ  ഗൂഢാലോചനയിൽ പ്രതിയായി ആലുവ സബ്ജയിലിൽ കഴിയുന്ന നടൻ ദിലീപിനു ജയിൽ വക സഹായി. ദിലീപ് ഉൾപ്പെടെ നാലു പേരുള്ള സെല്ലിൽ ദിലീപിന്റെ സഹായത്തിനു തമിഴ്നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയെയാണു ജയിൽ അധികൃതർ വിട്ടുകൊടുത്തത്. മറ്റു തടവുകാർ ഭക്ഷണം കഴിച്ചു സെല്ലിനുള്ളിൽ കയറിയശേഷം, ജയിൽ ജീവനക്കാർക്കു തയാറാക്കുന്ന പ്രത്യേക ഭക്ഷണം അടുക്കളയിലെത്തി കഴിക്കാനും ദിലീപിന് അനുവാദം നൽകി. ഇതുൾപ്പെടെ ജയിലിൽ ദിലീപിനു നൽകിയിരിക്കുന്ന വിഐപി പരിഗണനയെക്കുറിച്ച് ജയിൽ വകുപ്പ് അന്വേഷണം തുടങ്ങി.

പരാശ്രയമില്ലാതെ ജീവിക്കാൻ ബുദ്ധിമുട്ടുള്ള തടവുകാർക്കു മാത്രമാണു ജയിലിൽ സഹായത്തിനു തടവുകാരെ അനുവദിക്കാറുള്ളത്. ഇതു മറികടന്നാണു ദിലീപിനു സഹായിയെ അനുവദിച്ചത്. തുണി അലക്കൽ, പാത്രം കഴുകൽ, ശുചിമുറി വൃത്തിയാക്കൽ തുടങ്ങിയവയാണു സഹായിയുടെ പണി. ഓരോ സെല്ലിനും പുറത്തുള്ള വരാന്തയിൽ ഭക്ഷണം എത്തിച്ച്, തടവുകാരെ വരിയാക്കി നിർത്തിയശേഷം ഭക്ഷണം വിളമ്പുകയാണു ജയിലിലെ രീതി. എന്നാൽ, ദിലീപിനു രണ്ടു ദിവസമായി ജയിലിലെ അടുക്കളയിലാണു ഭക്ഷണം. മറ്റു തടവുകാർ ഭക്ഷണം കഴിച്ചു സെല്ലിൽ കയറിയശേഷമാണ് ദിലീപിനെ പുറത്തിറക്കി അടുക്കളയിലെത്തിക്കുന്നത്. ജയിൽ മെനുവിൽ പെടാത്ത, പ്രത്യേക വിഭവങ്ങളാണ് ഇവിടെ ജീവനക്കാർക്കു വേണ്ടി തയാറാക്കുന്നത്. ഹൈക്കോടതിയിൽനിന്നു ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷ ജയിൽ ജീവനക്കാരോടു ദിലീപ് പങ്കുവച്ചിരുന്നു. ജാമ്യം തള്ളിയശേഷമാണു പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. സുരക്ഷയുടെ പേരു പറഞ്ഞാണിതെങ്കിലും പിന്നിൽ വഴിവിട്ട ഇടപാടുകളുണ്ടോയെന്നാണു ജയിൽ വകുപ്പ് അന്വേഷിക്കുന്നത്.