നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഒന്നാം പ്രതിയാകാൻ സാധ്യത. കുറ്റകൃത്യം നേരിട്ട് ചെയ്തവരേക്കാൾ, അത് ചെയ്യിച്ചവർക്കാണ് ഉത്തരവാദിത്തമെന്ന നിലപാടിലാണ് അന്വേഷണസംഘത്തിന്റെ അപ്രതീക്ഷിത നീക്കം. നാളെ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. നിലവിൽ പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി, ദിലീപ് പതിനൊന്നാം പ്രതിയും.

പൾസർ സുനിയെന്ന സുനിൽ കുമാർ ഒന്നാംപ്രതി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മറ്റുള്ളവരാണ് പ്രതിപ്പപട്ടികയിൽ താഴേക്കുള്ളത്. ഗുഡാലോചന കണ്ടെത്താനുള്ള രണ്ടാംഘട്ട അന്വേഷണത്തിൽ ഇവർക്കെല്ലം ശേഷം പതിനൊന്നാം പ്രതിയായാണ് ദിലീപിനെ ചേർത്തത്. ഗൂഡാലോചനയിലെ പങ്ക് പരിഗണിച്ച് ഈ സ്ഥാനം മുകളിലേക്കാകുമെന്ന് നേരത്തെ വ്യക്തമായിരുന്നു. എന്നാൽ ഒന്നാം പ്രതിയാക്കാനുള്ള നീക്കം അപ്രതീക്ഷിതമാണ്. കുറ്റം ചെയ്തവരേക്കാൾ അത് ചെയ്യിച്ചവർക്കാണ് ഉത്തരവാദിത്തമെന്ന നിലപാടാണ് അന്വേഷണസംഘം സ്വീകരിച്ചിരിക്കുന്നത്. സുനിൽ കുമാറിന് നടിയോട് മുൻ വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല. ദിലീപിന് വേണ്ടിയാണ് എല്ലാം ചെയ്തത്. ആസൂത്രണമെല്ലാം ദിലീപ് നേരിട്ടായിരുന്നു. ഇതുവരെയുള്ള അന്വേഷണത്തിലൂടെ ഇക്കാര്യമെല്ലാം ഉറപ്പിച്ചാണ് അന്വേഷണ സംഘത്തിന്റെ നീക്കം. എഡിജിപിയുടെ നേതൃത്വത്തിൽ നാളെ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കാനാണ് ഇതുവരെ ധാരണയായിട്ടുള്ളത്. അതേസമയം നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഇനി വീണ്ടെടുക്കാനാകില്ല എന്ന നിലപാടിലേക്ക് അന്വേഷണസംഘം എത്തിയതായും സൂചനയുണ്ട്.