കുഞ്ചെറിയ മാത്യു

മലയാള സിനിമയിലും തെന്നിന്ത്യയിലും നിറഞ്ഞുനിന്ന പ്രശസ്ത നടി ലൈംഗികാക്രമണത്തിന് ഇരയായതിനെത്തുടര്‍ന്ന് മലയാള സിനിമാ ലോകത്ത് സംഭവിച്ച ഭൂമികുലുക്കത്തിന്റെ ആഘാതവും പ്രകമ്പനങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് ഓരോ ദിവസവും വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. നടിക്കെതിരെ ക്വട്ടേഷന്‍ നല്കാന്‍ ദിലീപിനെ പ്രേരിപ്പിച്ചത് വ്യക്തിവിരോധമാണെന്ന് ചിത്രീകരിക്കപ്പെടുന്നുണ്ടെങ്കിലും അക്രമത്തിന്റെ വലിപ്പവും വ്യാപ്തിയും ഇതിലും വളരെയേറെയാണെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. അമ്മയുള്‍പ്പെടെയുള്ള പല സിനിമാ സംഘടനകളും സംശയ നിഴലിലും അന്വേഷമ പരിധിയിലുമാണ്. അന്വേഷണം സത്യസന്ധവും സുതാര്യവുമായി മുന്നേറിയാല്‍ ഇപ്പോള്‍ ഉണ്ടായതില്‍ വലിയ കൊടുങ്കാറ്റുകള്‍ ആണ് മലയാള സിനിമയില്‍ സംഭവിക്കാന്‍ പോകുന്നത്. മലയാള സിനിമാ വ്യവസായത്തിലേക്ക് വന്‍തോതില്‍ ഹവാലപ്പണം ഒഴുകുന്നുണ്ടെന്നാമ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുന്ന വിവരം. ഇതേത്തുടര്‍ന്ന് ട്വന്റി-20 സിനിമയുടെ നിര്‍മാണത്തിനു ശേഷമുള്ള ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇത് സിനിമാരംഗത്തെ പല പ്രമുഖരിലേക്കും താരസംഘടനകളിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇതിനു മുമ്പ് ആദായ നികുതി പരിശോധയെത്തുടര്‍ന്ന് താരസംഘടനയ്ക്ക് പിഴയടക്കേണ്ടി വന്നിരുന്നു. ദിലീപടക്കം പല താരങ്ങളും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് കുന്നുകൂടിയ സ്വത്തിന് ഉടമകളായിരുന്നു. താര ക്രിക്കറ്റിന്റെ സംഘാടനം സംബന്ധിച്ചും പലതും സംശയത്തിന്റെ നിഴലിലാണ്.

സാഹചര്യങ്ങള്‍ ഇത്തരത്തിലായിരിക്കെ മുങ്ങുകയാണെങ്കില്‍ തങ്ങള്‍ ഒറ്റക്കായിരിക്കില്ല എന്ന സന്ദേശമാണ് ദിലീപിന്റെ സഹോദരന്‍ അനൂപ് സിനിമാലോകത്തിന് നല്‍കാന്‍ ശ്രമിക്കുന്നത്. എല്ലാവരുടെയും പണി കഴിയട്ടെ, അപ്പോള്‍ ഞങ്ങള്‍ തുടങ്ങും എന്നാണ് അനൂപ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. പല താരങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ വരുന്നത് കള്ളപ്പണവും ഹവാലയും മറയ്ക്കാനാണോ എന്ന സംശയം പൊതുവില്‍ ഉയര്‍ന്നു വരാറുണ്ട്.

ഇതിനിടയില്‍ കലാഭവന്‍ മണിയുടെയും ശ്രീനാഥിന്റെയും മരണത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ചുകൊണ്ട് ബന്ധുക്കള്‍ ആരോപണവുമായി രംഗത്തെത്തി. മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ശ്രീനാഥിന്റെ മരണം സംഭവിക്കുന്നത്. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തതായാണ് പുറംലോകം അറിഞ്ഞിരിക്കുന്നത്. എന്നാല്‍ ആത്മഹത്യയല്ല കൊലപാതകമാണെന്നും അതിന് സിനിമയുമായി ബന്ധമുണ്ടെന്നും ആരോപിച്ച് സഹോദരന്‍ സത്യനാഥ് ഡിജിപിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.

ദിലീപുമായുള്ള ബന്ധത്തിന്റെ പേരില്‍ വിവാദത്തിലായിരിക്കുന്ന രണ്ട് പ്രമുഖരാണ് കൊല്ലം എംഎല്‍എ മുകേഷും ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും. നടി ആക്രമിക്കപ്പെട്ട രാത്രിയില്‍ ദിലീപ് മറ്റാരുടെയും ഫോണ്‍കോള്‍ സ്വീകരിച്ചില്ലെങ്കിലും മുകേഷിന്റെ ഫോണ്‍ നാല് തവണ അറ്റന്‍ഡ് ചെയ്തിരുന്നു. പള്‍സര്‍ സുനി മുകേഷിന്റെ മുന്‍ ഡ്രൈവറാണെന്നതും സംശയങ്ങള്‍ ഇരട്ടിപ്പിക്കുന്നു. ഇതുപോലതന്നെ അന്‍വര്‍ സാദത്തിന് ദിലീപുമായുള്ള ബന്ധങ്ങളും സംശയാസ്പദമാണ്. തങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ്, സാമ്പത്തിക ഇടപാടുകള്‍ ഇല്ലെന്നും അന്‍വര്‍ സാദത്ത് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Read more.. കാവ്യാ മാധവന്റെ മനസ്സ് ഇപ്പോൾ എങ്ങനെയാവും എന്ന് ഊഹിച്ചു നോക്കാൻ എനിക്കറിയില്ല; മഞ്ജുവിന്റെ സ്ഥാനത്ത് ഞാനാണെങ്കിൽ ദിലീപിനായി നെഞ്ചുരുകി പ്രാർഥിക്കുമായിരുന്നെന്നു അഭിഭാഷകയായ സംഗീത ലക്ഷ്മണ