നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയെന്നു പോലീസ്. കോടതിയില്‍ ദിലീപിനെതിരെ രഹസ്യമൊഴി നല്‍കിയ സാക്ഷിയെ ഉള്‍പ്പെടെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍. ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് പ്രോസിക്യൂഷന്‍ വാദം നടക്കവേ ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിക്കുമെന്നാണു വിവരം.

അതേസമയം, ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് നല്‍കിയത് ഒന്നര കോടിയുടെ ക്വട്ടേഷനാണെന്ന് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു. പോലീസ് പിടികൂടിയാല്‍ മൂന്നു കോടി നല്‍കാമെന്നും സുനിക്ക് ദിലീപ് ഉറപ്പുനല്‍കിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്ന് ഇതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നും ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ഹൈക്കോടതിയില്‍ മൂന്നാമതും നല്‍കിയ ജാമ്യഹര്‍ജിയില്‍ ഇന്നലെ ദിലീപിന്റെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായിരുന്നു. ദിലീപിനെതിരേ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം പലകാര്യങ്ങളും മറച്ചു വച്ചിരിക്കുകയാണെന്നും അന്വേഷണവിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും ദിലീപിന്റെ അഭിഭാഷന്‍ ചൂണ്ടിക്കാട്ടി. പോലീസ് നിയമപരമല്ലാതെ തെളിവുകള്‍ ഉണ്ടാക്കുന്നു. പള്‍സര്‍ സുനി പറയുന്ന കഥകള്‍ക്കു പിന്നാലെ പോലീസ് പായുകയാണ്. യുക്തിഭദ്രമായ അന്വേഷണം നടക്കുന്നില്ല. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഏഴുമാസം കഴിഞ്ഞിട്ടും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതു പോലീസിന്‍ന്റെ വീഴ്ചയാണ്. ഇതിന്റെ പേരിലാണ് ദിലീപിന്റെ ജാമ്യം നിഷേധിക്കുന്നത്. മൊബൈല്‍ നശിപ്പിച്ചെന്ന മൊഴിയില്‍ അന്വേഷണം നടന്നിട്ടില്ല. തനിക്കെതിരേ എന്തൊക്കെ കുറ്റങ്ങളാണു പോലീസ് ആരോപിക്കുന്നതെന്നു ദിലീപിന് അറിയില്ല.

സുനിയുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുമ്പോള്‍ തെളിവായി ഒരു ഫോണ്‍കോള്‍ പോലും ഇല്ല. ദിലീപിനെ വിചാരണത്തടവുകാരനാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇന്നലെ രാവിലെ സിംഗിള്‍ബെഞ്ച് ഹര്‍ജി പരിഗണിക്കുമ്പോള്‍ തന്റെ വാദങ്ങള്‍ക്കായി ഒന്നര മണിക്കൂര്‍ വേണമെന്നു ദിലീപിന്റെ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് കോടതി ഇതനുവദിച്ചു. പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയാക്കി പ്രോസിക്യൂഷന്‍ വാദം കേള്‍ക്കുന്നത് കോടതി ഇന്നത്തേക്കു മാറ്റുകയായിരുന്നു. ഇതിനിടെ നടന് ജാമ്യം ലഭിക്കുന്നത് തടയാന്‍ പുതിയ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്. അന്വേഷണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കേ ജാമ്യം നല്‍കരുതെന്നും കുറ്റപത്രം ഉടനെ സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. നേരത്തെ രണ്ടുതവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.