ദിലീപിന്റെ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കും; ആരോഗ്യനില മോശമാകാൻ കാരണം കാവ്യയെ അറസ്റ്റ് ചെയ്യുമോയെന്ന ഭയം

ദിലീപിന്റെ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കും; ആരോഗ്യനില  മോശമാകാൻ കാരണം കാവ്യയെ അറസ്റ്റ് ചെയ്യുമോയെന്ന ഭയം
August 07 09:42 2017 Print This Article

നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കും. എന്നാല്‍ വീണ്ടും റിമാന്‍ഡ് ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. നാളെ ജാമ്യാപേക്ഷ നല്‍കുന്നില്ലെങ്കില്‍ കോടതി വീണ്ടും റിമാന്‍ഡ് ചെയ്യാനാണു സാധ്യത. നിലവിലുള്ള അഭിഭാഷകനെ മാറ്റിയാണു ദിലീപ് ജാമ്യത്തിനു നീക്കം നടത്തുന്നത്. അപ്പുണ്ണിയെ കണ്ടെത്തിയില്ലെന്നും നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താനായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണു പ്രോസിക്യൂഷന്‍ അന്നു ജാമ്യാപേക്ഷയെ എതിര്‍ത്തത്. െ്രെഡവറും സഹായിയുമായ അപ്പുണ്ണി ഒളിവില്‍ കഴിഞ്ഞ സാഹചര്യത്തിലായിരുന്നു നേരത്തേ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ ഈ സാഹചര്യങ്ങള്‍ ഇപ്പോഴില്ല. ഇതാകും കോടതിയില്‍ ദിലീപിനായി ഉയര്‍ത്തുന്ന വാദം. ബി രാമന്‍പിള്ളയാണ് ദിലീപിന്റെ പുതിയ അഭിഭാഷകന്‍. അഡ്വ രാംകുമാറിനെ മാറ്റിയാണ് രാമന്‍പിള്ളയെ നിയോഗിച്ചിരിക്കുന്നത്. നിലവിലെ റിമാന്‍ഡ് കാലയളവില്‍ ഒരുവട്ടം ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനാല്‍ പുതിയ ജാമ്യാപേക്ഷ നാളെത്തന്നെ നല്‍കണോ എന്ന കാര്യത്തില്‍ പ്രതിഭാഗത്ത് ആശയക്കുഴപ്പമുണ്ടെന്നാണു വിവരം. പൊലീസിനു മുന്‍പില്‍ കീഴടങ്ങിയ അപ്പുണ്ണിയെ ചോദ്യം ചെയ്തു വിട്ടയച്ച സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത് എങ്ങനെ അനുകൂലമായി ഉപയോഗിക്കാമെന്നാണു രാമന്‍പിള്ള ആലോചിക്കുന്നത്. പ്രതി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന വാദം പ്രോസിക്യൂഷന്‍ ഇനിയും ഉയര്‍ത്തും. വിചാരണ കഴിയും വരെ ദിലീപ് ജയിലില്‍ കിടക്കണമെന്ന നിലപാടാണ് പ്രോസിക്യൂഷനുള്ളത്. അതുകൊണ്ട് തന്നെ ജാമ്യാപേക്ഷയെ ഇനിയും എതിര്‍ക്കും. അതേസമയം ആരോഗ്യനില മോശമാണെന്ന വാദം ജാമ്യം ലഭിക്കാനുള്ള ദിലീപിന്റെ അടവാണെന്നാണ് മറ്റ് തടവുകാരുടെ ആരോപണം. ആരോഗ്യനില വഷളാണെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് സഹിതം കോടതിയെ സമീപിക്കാനും അതുവഴി ജാമ്യം നേടാനുമുള്ള ശ്രമമാണ് നടന്‍ നടത്തുന്നതെന്നാണ് സഹതടവുകാരുടേയും ചില വാര്‍ഡന്മാരുടേയും ആരോപണം. കേസില്‍ അനുബന്ധ കുറ്റപത്രം ഒരുമാസത്തിനകം നല്‍കാനാണ് നീക്കം. നിലവില്‍ 11ാം പ്രതിയായ നടന്‍ ദിലീപ് പുതിയ കുറ്റപത്രത്തില്‍ രണ്ടാം പ്രതിയാകും. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. ഗൂഢാലോചന നടത്തിയവര്‍, തെളിവ് നശിപ്പിച്ചവര്‍ എന്നിങ്ങനെ 13 പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടാവുക. കൂട്ടമാനഭംഗത്തിനുള്ള വകുപ്പുകള്‍ അടക്കമാണ് സുനിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിനെതിരായ കുറ്റം. ഗൂഢാലോചന തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ തെളിവും ലഭിച്ചതായി അന്വേഷണസംഘം അവകാശപ്പെടുന്നു. അതിനുമുമ്പ് നിര്‍ണായകമായ രണ്ട് അറസ്റ്റുകൂടി ഉണ്ടാകുമെന്നാണ് അറിയുന്നത്. സംവിധായകന്‍ നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്യലിന് വീണ്ടും വിളിച്ചുവരുത്തും. കാവ്യ മാധവനെയും മാതാവിനെയും വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. ഇവര്‍ക്കെതിരെ മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയാത്തതാണ് രണ്ടാംഘട്ട മൊഴിയെടുക്കല്‍ വൈകാന്‍ കാരണം. 20 വര്‍ഷം വരെ തടവ് ലഭിക്കാനുള്ള കുറ്റങ്ങള്‍ ചുമത്തിയായിരിക്കും ദിലീപിനെതിരായ കുറ്റപത്രം തയാറാക്കുന്നത്. ആദ്യഘട്ടത്തില്‍ പള്‍സര്‍ സുനി, നടിയുടെ െ്രെഡവറായിരുന്ന മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സലീം, പ്രദീപ്, ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിക്കൊടുത്ത ചാള്‍സ് ആന്റണി എന്നിവരായിരുന്നു പ്രതികള്‍. എന്നാല്‍ കേസ് അന്വേഷണം അവസാന ഘട്ടത്തിലായതിനാല്‍ ഉടന്‍ ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് ദിലീപ്. ഇതിനുള്ള പ്രാര്‍ത്ഥനകള്‍ സജീവമാക്കുകയാണ് നടനും കുടുംബവും..

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles