നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന സാക്ഷികളില്‍ ഒരാള്‍ കൂറുമാറിയത് പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. കൂടുതല്‍ പേര്‍ ഇനിയും ഇത്തരത്തില്‍ കൂറുമാറിയേക്കും എന്ന ഭയവും പോലീസിനുണ്ട്. എന്നാല്‍ അതിനെയെല്ലാം മറി കടക്കാനുള്ള പദ്ധതികളും അണിയറയില്‍ ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേസിലെ നിര്‍ണായക സാക്ഷിയായ ലക്ഷ്യയിലെ ജീവനക്കാരനാണ് ഒടുവില്‍ മൊഴി മാറ്റിയിരിക്കുന്നത്. ഇനി ആരെങ്കിലും കൂറുമാറിയാല്‍ അവര്‍ക്കെതിരെ കേസ് എടുക്കാനും പോലീസ് ആലോചിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നാദിര്‍ഷയും കാവ്യ മാധവനും അടക്കമുള്ളവരുടെ മൊഴികള്‍ നിര്‍ണായകമാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ പലരും കൂറുമാറിയേക്കും എന്ന ഭയം പോലീസിനുണ്ട്. ഇതുവരെ ഒരു സാക്ഷി മാത്രമാണ് മൊഴിമാറ്റി പറഞ്ഞിട്ടുള്ളത്. കൂറുമാറ്റം എന്ന ഭയം പോലീസിന് ആദ്യമേ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുപതില്‍ പരം പേരുടെ രഹസ്യ മൊഴി പോലീസ് രേഖപ്പെടുത്തിയത്. ഇത്തരത്തില്‍ രഹസ്യ മൊഴി നല്‍കിയവര്‍ എന്ത് വിവരം ആണ് കൈമാറിയിട്ടുള്ളത് എന്നതിലും ഇപ്പോള്‍ ആശയക്കുഴപ്പം ഉണ്ട്. പോലീസിന് നല്‍കിയ മൊഴി തന്നെ ആണോ മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയത് എന്ന കാര്യം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

കേസില്‍ നാദിര്‍ഷയെ പോലീസ് പല തവണ ചോദ്യം ചെയ്തിരുന്നു. നാദിര്‍ഷയുടെ വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിചാരണ വേളയില്‍ നാദിര്‍ഷ മൊഴിമാറ്റുമോ എന്ന സംശയം പോലീസിനുണ്ട്. ദിലീപിന്റെ ഭാര്യയും നടിയും ആയ കാവ്യ മാധവന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സുനിയെ അറിയുകയേ ഇല്ലെന്നാണ് കാവ്യ പറഞ്ഞിട്ടുള്ളത്. എന്നാല്‍ താന്‍ കാവ്യയുടെ ഡ്രൈവര്‍ ആയി ജോലി ചെയ്തിട്ടുണ്ട് എന്നായിരുന്നു സുനിയുടെ വെളിപ്പെടുത്തല്‍. പോലീസ് ആദ്യം റിമി ടോമിയില്‍ നിന്ന് ഫോണില്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അതിന് ശേഷം റിമി ടോമിയുടെ രഹസ്യ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തുകയും ചെയ്തു. റിമി ടോമി എന്താണ് മൊഴിയില്‍ പറഞ്ഞത് എന്നത് ഇപ്പോഴും വ്യക്തമല്ല. കേസില്‍ ഏറെ നിര്‍ണായകമാകേണ്ടിയിരുന്നത് മഞ്ജു വാര്യരുടെ മൊഴി ആയിരുന്നു. എന്നാല്‍ സാക്ഷിയാകാന്‍ മഞ്ജു വാര്യര്‍ തയ്യാറാകാത്തത് പോലീസിനെ കുഴക്കുന്നുണ്ട്. ദിലീപ് ജയിലില്‍ ഉള്ള സമയത്താണ് ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയത്. ദിലീപ് പുറത്തിറങ്ങിയ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ ഇത്തരത്തില്‍ മൊഴിമാറ്റിയേക്കും എന്ന ആശങ്ക അന്വേഷണ സംഘത്തിനുണ്ട്. കൂറുമാറ്റം തടയാനുള്ള ശ്രമങ്ങളും പോലീസ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കൂറുമാറിയവരെ പ്രതിയാക്കിയേക്കും എന്ന സൂചനയും പോലീസ് പുറത്ത് വിടുന്നത്. നിലവില്‍ കൂറുമാറിയ സാക്ഷിയെ കാവ്യ മാധവന്റെ ഡ്രൈവര്‍ പലതവണ ഫോണില്‍ വിളിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപുമായി അടുപ്പമുള്ള ഒരു അഭിഭാഷകന്റെ ഇടപെടലും പോലീസ് സംശയിക്കുന്നുണ്ട്. കേസിലെ ഏതെങ്കിലും സാക്ഷികള്‍ സ്വാധീനിക്കപ്പെട്ടു എന്ന് തെളിഞ്ഞാല്‍ അത് തിരിച്ചടിയാവുക ദിലീപിന് തന്നെയാണ്. ജാമ്യ വ്യവസ്ഥകളുടെ ലംഘനമായും അത് വിലയിരുത്തപ്പെടും.
ജാമ്യത്തില്‍ ഇറങ്ങിയ ദിലീപിന്റെ നീക്കങ്ങള്‍ കരുതലോടെ ആണ്. ഇതുവരെ ഒരു പരസ്യ പ്രസ്താവന പോലും താരം നടത്തിയിട്ടില്ല. ജാമ്യ വ്യവസ്ഥകള്‍ എല്ലാം പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കിയാണ് എല്ലാ നീക്കങ്ങളും.