തനിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്ന ലൈംഗികാരോപണ പരാതിക്കു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംവിധായകന്‍ കമല്‍. ചലച്ചിത്ര അക്കാദമായിലെ ഒരു മുന്‍ അംഗത്തിന് ഇതില്‍ പങ്കുണ്ടെന്നു സംശയിക്കുന്നതായും ഈ വിഷയത്തില്‍ ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിച്ചപ്പോള്‍ കമല്‍ പരാതിയുയര്‍ത്തി.

തന്റെ പേര് നശിപ്പിക്കാനായി കെട്ടിച്ചമച്ച അടിസ്ഥാനരഹിതമായ ആരോപണമാണിത്. ഈ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. ഒരു വര്‍ഷം മുന്‍പ് എന്റെ പേരില്‍ വക്കീല്‍ നോട്ടീസ് ലഭിച്ചെന്നത് സത്യമാണ് എന്നാല്‍ ആരോപണം വ്യാജമായതിനാല്‍ എന്റെ വക്കീലിന്റെ നിര്‍ദേശപ്രകാരം പരാതിക്കാരിയുടെ തുടര്‍നടപടിക്കായി കാത്തിരുന്നു. അങ്ങനെ ഉണ്ടാവാത്തത് കാരണം ഞാനത് ഗൗനിച്ചില്ല; കമല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കാസ്റ്റിംഗ് ഒരു ടീമിന്റെ നേതൃത്വത്തിലാണ് നടന്നത്. പരാതിക്കാരിയായ നടി ഇതുമായി ബന്ധപ്പെട്ട് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് പോലും ഇടാത്തതെന്താണെന്നും കമല്‍ ചോദിച്ചു. കമാലുദീന്‍ മുഹമ്മദ് മജീദ് എന്നാണ് എന്നെ അവര്‍ വിളിച്ചത്. കമല്‍ എന്നാണ് ഞാന്‍ സിനിമമേഖലയില്‍ അറിയപ്പെടുന്നത്. കമാലുദ്ദീനെ മലയാള സിനിമയയ്ക്ക് അറിയില്ല; കമല്‍ ചൂണ്ടിക്കാണിക്കുന്നു.

ചലച്ചിത്ര അക്കാദമിയില്‍ നിന്നും അടുത്തിടെ രാജിവച്ചൊരു അംഗമാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നതെന്നും എന്നാല്‍ ഇതിനുള്ള തെളിവുകളൊന്നും തന്റെ കൈയില്‍ ഇല്ലെന്നും കമല്‍ പറയുന്നു. എന്റെ വക്കീലിനും അക്കാദമിയിലെ മുന്‍ അംഗത്തിനും മാത്രമെ ഈ വക്കീല്‍ നോട്ടീസിനെപ്പറ്റി അറിയൂ. ആഭ്യന്തരപ്രശ്‌നങ്ങളെ തുടര്‍ന്ന് ആ അംഗം അടുത്തിടെ രാജിവച്ചിരുന്നു. അയാളോ ഈ വിഷയം ഉയര്‍ത്തിക്കാട്ടിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പക്ഷേ, അതു തെളിയിക്കാന്‍ എന്റെ പക്കല്‍ രേഖയില്ല; കമലിന്റെ വാക്കുകള്‍. ഈ ആരോപണങ്ങള്‍ക്കെല്ലാം ഉത്തരവാദികളായവര്‍ക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്ന കാര്യം പരിഗണനയിലാണെന്നും കമല്‍ ടൈംസം ഓഫ് ഇന്ത്യയോടുള്ള സംസാരത്തില്‍ വ്യക്തമാക്കി.

സിനിമയില്‍ വേഷം നല്‍കാമെന്നു പറഞ്ഞാണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ കമലിനെതിരേ ഒരു യുവനടി ആരോപണം ഉയര്‍ത്തിയത്. പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയിലെ നായിക വേഷം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നും ആമി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലും ലൈംഗിക ചൂഷണം നടന്നിരുന്നുവെന്നും നടി ആരോപിച്ചിരുന്നു. ഫ്‌ളാറ്റിലും വീട്ടിലും വച്ച് പീഢനം നടന്നുവെന്നും കമല്‍ തന്നോട് വിശ്വാസ വഞ്ചന കാണിച്ചെന്നും യുവതി ആരോപിക്കുന്നു. ആട്ടില്‍തോലിട്ട ചെന്നായ ആണെന്നായിരുന്നു യുവതി അയച്ച വക്കീല്‍ നോട്ടീസില്‍ കമലിനെ കുറ്റപ്പെടുത്തിയിരുന്നത്.