പൗരത്വ നിയമ പ്രക്ഷോഭം സംബന്ധിച്ചുള്ള ആലോചനകൾക്കായി കോൺഗ്രസ് പ്രസിഡണ്ട് സോണിയ ഗാന്ധി വിളിക്കുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി. ഇടതുപക്ഷവും കോൺഗ്രസ്സും വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് മമത ആരോപിക്കുന്നു. താൻ ഒറ്റയ്ക്ക് ദേശീയ പൗരത്വ പട്ടികയ്ക്കെതിരെയും പൗരത്വ നിയമത്തിനെതിരെയും പോരാടുമെന്നും അവർ പറഞ്ഞു.

കഴിഞ്ഞദിവസം ദേശീയ പണിമുടക്കിന്റെ ഭാഗമായി നടന്ന പ്രകടനങ്ങളിൽ സംസ്ഥാനത്ത് പല ഭാഗങ്ങളിലും റോഡ് തടയലുകളും ബസ്സുകൾക്കു നേരെയുള്ള ആക്രമണങ്ങളും ഉണ്ടായിരുന്നു. ഇതാണ് മമതയെ പ്രകോപിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.

സംസ്ഥാനത്തെ പ്രതിപക്ഷത്തിന്റെ നിലപാടും അവരുടെ ദേശീയതലത്തിലെ നിലപാടും തമ്മിൽ യോജിക്കുന്നില്ലെന്ന് അവർ ആരോപിച്ചു. ഇക്കാരണത്താൽ തന്നെ ജനുവരി 13ന് നിശ്ചയിച്ചിട്ടുള്ള യോഗത്തിൽ താൻ പങ്കെടുക്കില്ലെന്നും അവർ പറഞ്ഞു. ബംഗാൾ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകരയായിരുന്നു മമത.

ഡൽഹിയിലെ ഇതര പ്രതിപക്ഷ പാർട്ടികൾ തന്നോട് ക്ഷമിക്കണമെന്നും മമത പറഞ്ഞു. ഒരുമിച്ചു നിൽക്കണമെന്ന ആശയം താനായിരുന്നു കൊണ്ടുവന്നതെന്നും അവർ അവകാശപ്പെട്ടു. എന്നാൽ കഴിഞ്ഞദിവസം സംസ്ഥാനത്ത് നടന്ന സംഭവങ്ങൾ ഇത്തരമൊരു ഒരുമിക്കലിനുള്ള സാധ്യത ഇല്ലാതാക്കിയെന്നും അവർ പറഞ്ഞു. ബംഗാളിൽ പൗരത്വ നിയമമോ പൗരത്വ പട്ടികയോ നടപ്പാക്കാൻ താനനുവദിക്കില്ലെന്നും മമത വ്യക്തമാക്കി.