ലണ്ടന്‍: ഭൂമിക്ക് ഏറ്റവും വലിയ ഭീഷണിയാണ് വര്‍ദ്ധിച്ചു വരുന്ന പ്ലാസ്റ്റിക് മാലിന്യം. ഏറ്റവും കുറഞ്ഞ വേഗത്തില്‍ നശിക്കുന്ന വസ്തുക്കൡ ഒന്നാണ് പ്ലാസ്റ്റിക്. കോടിക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് മാലിന്യം കുഴിച്ചു മൂടുന്നുണ്ടെന്നാണ് കണക്ക്. ഇത് പരിസ്ഥിതിക്കും സൂക്ഷ്മജീവികള്‍ ഉള്‍പ്പെടുന്ന ആവാസ വ്യവസ്ഥയ്ക്കും ഉണ്ടാക്കുന്ന നാശം ചെറുതല്ല. പക്ഷേ ഈ പ്രശ്‌നത്തിനു പ്രകൃതിതന്നെ പരിഹാരമൊരുക്കിയിരിക്കുന്നു എന്ന വിവരമാണ് പുറത്തു വരുന്നത്. പ്ലാസ്റ്റിക് തിന്ന് ജീവിക്കാന്‍ കഴിയുന്ന തരം കൃമികളെ കണ്ടെത്തിയെന്നാണ് വിവരം.

തേനീച്ചക്കൂടുകളില്‍ കാണുന്ന വാക്‌സ് വേമുകളാണ് ഇവ. ഫെഡറിക ബെര്‍ട്ടോച്ചിനി എന്ന തേനീച്ച കര്‍ഷകയാണ് ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നത്. തേനീച്ചക്കൂടുകളില്‍ പരാദമായി ജീവിക്കുന്ന ഇവ തേനീച്ചക്കൂട്ടിലെ മെഴുകിലാണ് വളരുന്നത്. ഇവയുടെ ഭക്ഷണവും ഇതുതന്നെ. ഇവയെ കൂടുകളില്‍ നിന്ന മാറ്റി പ്ലാസ്റ്റിക് ബാഗുകളില്‍ സൂക്ഷിച്ചപ്പോളാണ് ബാഗുകളില്‍ ദ്വാരങ്ങള്‍ വീണത് ശ്രദ്ധിച്ചത്. ഈ കൃമികള്‍ പ്ലാസ്റ്റിക് ഭക്ഷണമാക്കുകയായിരുന്നു.

സ്‌പെയിനിലെ കാന്റാബ്രിയയില്‍ ബയോമെഡിസിന്‍, ബയോടെക്‌നോളജി പ്രൊഫസര്‍ കൂടിയായ ഇവര്‍ ഇത് ശ്രദ്ധിക്കുകയും കൂടുതല്‍ പഠനങ്ങള്‍ നടത്തുകയും ചെയ്തു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ പാവ്‌ലോ ബോംബെല്ലി, ക്രിസ്റ്റഫര്‍ ഹോവ് എന്നിവരുമായി ചേര്‍ന്ന് നടത്തിയ നിരീക്ഷണത്തില്‍ ഈ പുഴുക്കള്‍ പ്ലാസ്റ്റിക് തിന്നുന്നതായി വ്യക്തമായി. ഒരു എന്‍സൈമാണ് പുഴുക്കള്‍ക്ക് ഈ കഴിവ് നല്‍കുന്നത്. ഇവയെ വ്യാവസായികമായി ഉല്‍പാദിപ്പിച്ചാല്‍ ലോകം നേരിടുന്ന വലിയൊരു ഭീഷണിക്കാവും പരിഹാരമാകുക.