ആഗ്ര: പഠനചിലവ് താങ്ങാനാകാതെ സ്വന്തം വൃക്ക ദാനം ചെയ്യാനൊരുങ്ങി ദളിത് വിദ്യാര്‍ത്ഥി. വാരാണസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയോടനുബന്ധിച്ചുള്ള ഐഐടിയില്‍ രണ്ടാം വര്‍ഷ മൈനിംഗ് വിദ്യാര്‍ത്ഥി മഹേഷ് വാല്‍മീകിയാണ് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായിട്ടും ദളിതനാണെന്ന കാരണത്താല്‍ വൃക്ക സ്വീകരിക്കാന്‍ ആരും തയ്യാറാകാത്ത സാഹചര്യമുണ്ടായത്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ രോഹിത് വെമുല ജീവനൊടുക്കിയതോടെ ജാതി രാഷ്ട്രീയം ചര്‍ച്ചയാകുന്നതിനിടെയാണ് നമ്മുടെ രാജ്യത്ത് മറ്റൊരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്നു മഹേഷ് വാല്‍മീകിയുടെ വാര്‍ത്ത പുറത്തുവരുന്നത്.
ഐഐടിയില്‍ രണ്ടാം വര്‍ഷവിദ്യാര്‍ഥിയാണ് മഹേഷ് വാല്‍മീകി. 2.7 ലക്ഷം രൂപയാണ് വായ്പയിനത്തില്‍ തിരിച്ചടയ്ക്കാനുണ്ടായിരുന്നത്. പക്ഷേ പണം കണ്ടെത്താന്‍ വേറെ മാര്‍ഗം ഇല്ലാതായപ്പോഴാണ് വൃക്ക ദാനം ചെയ്യാന്‍ മഹേഷ് തീരുമാനിച്ചത്. വൃക്ക ദാനം ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ ജാതിയേതാണെന്നായിരുന്നു സ്വീകരിക്കാനെത്തിയവരുടെ ചോദ്യം. ദളിതനാണെന്നറിഞ്ഞപ്പോള്‍ പലരും താല്‍പര്യം കാട്ടാതെ മടങ്ങുകയാണു ചെയ്തത്. ഇപ്പോള്‍ പണം കണ്ടെത്താനാകാതെ സ്വന്തം ഗ്രാമത്തിലേക്കു മടങ്ങിയ മഹേഷ് ഇപ്പോള്‍ തൂപ്പുകാരന്റെ ജോലി ചെയ്യുകയാണ്.

പഠനത്തില്‍ മിടുക്കനായ മഹേഷ് എണ്‍പത്തഞ്ചുശതമാനം മാര്‍ക്കോടെയാണ് പത്താം ക്ലാസ് പാസായത്. സ്‌കൂള്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പഠനച്ചെലവു കണ്ടെത്താനായി തൂപ്പുജോലി ചെയ്തിരുന്നു. തുടര്‍ന്ന് പന്ത്രണ്ടാം ക്ലാസില്‍ എഴുപതു ശതമാനം മാര്‍ക്കും നേടി. പിന്നീട് ഐഐടിയിലേക്കുള്ള പ്രവേശനപരീക്ഷയിലും ജയം നേടി. അതേസമയം പഠനത്തില്‍ മിടുക്കനായിരുന്നു മഹേഷ് എന്ന് ഐഐടി അധ്യാപകരും പറയുന്നു.

വാരാണസിയിലെയും അള്‍വാറിലെയും നിരവധി ആശുപത്രികളില്‍ താന്‍ വൃക്കദാനം ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചു പോയിരുന്നെന്നു മഹേഷ് വാല്‍മീകി പറയുന്നു. മഹേഷിന്റെ ദുരവസ്ഥ അറിഞ്ഞു മഗ്‌സസേ പുരസ്‌കാര ജേതാവ് സന്ദീപ് പാണ്ഡേയെത്തി ഐഐടി പൂര്‍വവിദ്യാര്‍ഥികളില്‍നിന്നു പണം സമാഹരിച്ചു വായ്പ തിരിച്ചടച്ചു. പക്ഷേ, തളര്‍ന്നുകിടക്കുന്ന പിതാവിനും രോഗബാധിതയായ മാതാവിനും സഹായമായി മഹേഷ് ഇപ്പോഴും തൂപ്പു ജോലി തുടരുകയാണ്.