അടുത്തിടെ കണ്ടെത്തിയ ഡിസീസ് എക്‌സ് എന്ന പകര്‍ച്ചവ്യാധി സിക, എബോള എന്നിവയ്‌ക്കൊപ്പം മാരകമായേക്കാമെന്ന് ലോകാരോഗ്യ സംഘടന. മനുഷ്യവംശത്തിന്റെ തന്നെ നിലനില്‍പിന് ഭീഷണിയാകാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധി എന്നാണ് സംഘടന ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതുവരെ മനുഷ്യരില്‍ ഇത് കണ്ടെത്തിയിട്ടില്ലെങ്കിലും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് ഇത് എത്തിപ്പെടാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. വാക്‌സിനുകളുടെ അഭാവവും പുതിയ രോഗമായതിനാല്‍ വേണ്ടത്ര പഠനങ്ങള്‍ നടത്താത്തതും മൂലം ആരോഗ്യമേഖലയില്‍ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമുണ്ടാക്കാനിടയുള്ള രോഗങ്ങളുടെ പട്ടിക ലോകാരോഗ്യ സംഘടന കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. അവയില്‍ ഡിസീസ് എക്‌സിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രോഗബാധ ഇതേവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ബാധിച്ചാല്‍ വന്‍തോതില്‍ മരണങ്ങള്‍ക്ക് കാരണമാകാവുന്ന രോഗങ്ങളുടെ പട്ടികയിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിക, എബോള, ലാസ ഫീവര്‍, റിഫ്റ്റ് വാലി ഫീവര്‍ തുടങ്ങിയവയാണ് പട്ടികയില്‍ ഇടം നേടിയിട്ടുള്ള മറ്റ് അപകടകാരികളായ പകര്‍ച്ചവ്യാധികള്‍. ഈ രോഗം ലോകത്തെവിടെ നിന്ന് വേണമെങ്കിലും പ്രത്യക്ഷപ്പെടാമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാമെന്ന സാധ്യതയ്ക്കാണ് ഇവര്‍ മുന്‍തൂക്കം നല്‍കുന്നത്. സൂണോട്ടിക് രോഗങ്ങള്‍ എന്നാണ് മൃഗങ്ങളില്‍ നിന്ന് പകരുന്ന രോഗങ്ങള്‍ അറിയപ്പെടുന്നത്.

അടുത്ത കാലത്ത് ലോകത്തുണ്ടായ വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധികളെല്ലാം തന്നെ സൂണോട്ടിക് രോഗങ്ങളായിരുന്നുവെന്ന് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞന്‍ ഡോ. ബെര്‍ണാഡെറ്റ് മോര്‍ഗ് പറയുന്നു. ആവാസവ്യവസ്ഥയിലും മനുഷ്യന്റെ സ്വാഭാവിക വാസസ്ഥലങ്ങളിലു ഉണ്ടാകുന്ന മാറ്റവും ആധുനിക യാത്രാ സൗകര്യങ്ങളും മറ്റും ഇത്തരം രോഗങ്ങള്‍ മറ്റിടങ്ങളിലേക്ക് പകരാന്‍ കാരണമാകുന്നതായും അദ്ദേഹം വ്യക്തമാക്കി. ഈ വൈറസുകള്‍ നമ്മുടെ ശത്രുക്കളാണ്. എന്നാല്‍ ശത്രുവിനേക്കുറിച്ച് നമുക്ക് വ്യക്തമായ ധാരണയില്ലെന്നതാണ് വാസ്തവമെന്നും അദ്ദേഹം പറഞ്ഞു. എച്1എന്‍1, സാര്‍സ്, മെര്‍സ്, സിക തുടങ്ങിയ മാരക വൈറസുകളെല്ലാം തന്നെ സൂണോട്ടിക് ആയിരുന്നെന്നും ശാസ്ത്രലോകം വ്യക്തമാക്കുന്നു.