ടണ്‍ കണക്കിന് ആശുപത്രി മാലിന്യം സംസ്‌കരിക്കാതെ കൂട്ടിയിട്ട സംഭവം; ക്ലിനിക്കല്‍ വെയിസ്റ്റ് ഡിസ്‌പോസല്‍ കമ്പനിയുടെ കരാര്‍ റദ്ദാക്കി

ടണ്‍ കണക്കിന് ആശുപത്രി മാലിന്യം സംസ്‌കരിക്കാതെ കൂട്ടിയിട്ട സംഭവം; ക്ലിനിക്കല്‍ വെയിസ്റ്റ് ഡിസ്‌പോസല്‍ കമ്പനിയുടെ കരാര്‍ റദ്ദാക്കി
October 10 05:56 2018 Print This Article

മനുഷ്യ ശരീരഭാഗങ്ങള്‍ ഉള്‍പ്പെടെ ടണ്‍ കണക്കിന് ആശുപത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കാതെ കൂട്ടിയിട്ട സംഭവത്തില്‍ ക്ലിനിക്കല്‍ വെയിസ്റ്റ് ഡിസ്‌പോസല്‍ കമ്പനിയുടെ കരാര്‍ റദ്ദാക്കി. എന്‍എച്ച്എസ് ആശുപത്രികളില്‍ നിന്നുള്ള മാലിന്യ നിര്‍മാര്‍ജ്ജനത്തിന് കരാറെടുത്തിട്ടുള്ള ഹെല്‍ത്ത്‌കെയര്‍ എന്‍വയണ്‍മെന്റല്‍ സര്‍വീസസുമായുള്ള കരാറാണ് റദ്ദാക്കിയത്. ഹെല്‍ത്ത് മിനിസ്റ്റര്‍ സ്റ്റീഫന്‍ ബാര്‍ക്ലേയ്‌സ് കോമണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. 15 എന്‍എച്ച്എസ് ട്രസ്റ്റുകളാണ് കമ്പനിക്കെതിരെ ടെര്‍മിനേഷന്‍ നോട്ടീസ് നല്‍കിയിരുന്നത്. കമ്പനിയുടെ മാലിന്യ സംഭരണ കേന്ദ്രത്തില്‍ അതിന്റെ ശേഷിയേക്കാള്‍ അഞ്ചിരട്ടി മാലിന്യം കൂട്ടിയിട്ടിരിക്കുന്നതായി ഹെല്‍ത്ത് സര്‍വീസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുറിച്ചു മാറ്റിയ അവയവങ്ങളും ക്യാന്‍സര്‍ ചികിത്സയുടെ അവശിഷ്ടങ്ങളുമടക്കം 350 ടണ്ണോളം മാലിന്യമാണ് കൂട്ടിയിട്ടിരിക്കുന്നതെന്നാണ് എച്ച്എസ്‌ജെ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തര യോഗം വിളിക്കണമെന്നും എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്കും മറ്റു പബ്ലിക് സര്‍വീസുകള്‍ക്കുമായി യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും എച്ച്എസ്‌ജെ ആവശ്യപ്പെട്ടിരുന്നു. എന്തായാലും എന്‍എച്ച്എസ് സേവനങ്ങള്‍ സാധാരണ മട്ടില്‍ തുടരുമെന്ന് ഉറപ്പു നല്‍കുന്നതായി ബാര്‍ക്ലേ ഹൗസ് ഓഫ് കോമണ്‍സില്‍ വ്യക്തമാക്കി. രോഗികള്‍ക്കോ പൊതുജനങ്ങള്‍ക്കോ യാതൊരു വിധ ആരോഗ്യ പ്രശ്‌നങ്ങളും മാലിന്യം മൂലം ഉണ്ടാകില്ലെന്നും മിനിസ്റ്റര്‍ വ്യക്തമാക്കി.

ഹെല്‍ത്ത്‌കെയര്‍ എന്‍വയണ്‍മെന്റല്‍ സര്‍വീസസ് ആശുപത്രികളില്‍ നിന്നും പബ്ലിക് സര്‍വീസുകളില്‍ നിന്നും നടത്തുന്ന മാലിന്യ ശേഖരണം സംബന്ധിച്ച് ജൂലൈ 31ന് എന്‍വയണ്‍മെന്റ് ഏജന്‍സി ആശങ്ക അറിയിച്ചിരുന്നു. വെസ്റ്റ് യോര്‍ക്ക്ഷയറിലെ നോര്‍മാന്റണിലെ സൈറ്റിലാണ് മാലിന്യങ്ങള്‍ സംഭരിച്ചിരിക്കുന്നത്. കമ്പനി നിയമാനുസൃതവും കരാര്‍ നിബന്ധനകള്‍ അനുസരിച്ചുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിയിക്കാന്‍ എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റ് 48 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനു സാധിക്കാതെ വന്നതോടെയാണ് കരാര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles