ബർലിൻ∙ യൂറോപ്പിൽ പ്രായഭേദമെന്ന്യ പ്രഭാത റൊട്ടിയോടൊപ്പം ഉപയോഗിക്കുന്ന നുട്ടല്ല ക്രീമിന്റെ വിതരണം നിലച്ചതായി റിപ്പോർട്ട്. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ളതാണ് നുട്ടല്ല. ചോക്ലേറ്റും, നട്ട്സും ചേർന്ന വിവിധയിനം നുട്ടല്ല ക്രീമുകൾ മാർക്കറ്റിൽ ലഭ്യമായിരുന്നു.

നുട്ടല്ല ഫ്രാൻസിലെ കമ്പനിയാണ് ഉൽപാദിപ്പിക്കുന്നത്. ഫ്രാൻസിൽ നിന്ന് തന്നെയാണ് നുട്ടല്ലയുടെ വിതരണം യൂറോപ്യൻ രാജ്യങ്ങളിൽ നടക്കുന്നത്. ആയിരകണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന ഈ കമ്പനിയിൽ തൊഴിൽ സ്തംഭിച്ചിരിക്കുകയാണ്.

ശമ്പള വർദ്ധനയ്ക്കു വേണ്ടി തൊഴിലാളികൾ തെരുവിലിറങ്ങിയിരിക്കുകയാണ്. ശമ്പളത്തിൽ നാലര ശതമാനം വർധനവും ഓരോ തൊഴിലാളിയ്ക്ക് തൊള്ളായിരം യൂറോയുടെ ബോണസുമാണ് തൊഴിൽ സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്. മാനേജ്മെന്റ് കണ്ണ് തുറന്നില്ലെങ്കിൽ സമരം നീളുമെന്ന് തൊഴിലാളികൾ മുന്നറിയിപ്പ് നൽകി.