50 കഴിഞ്ഞ സ്ത്രീകള്‍ കൂടുതലായി ഡ്രൈവിംഗ് പഠനത്തിനെത്തുന്നതിന് കാരണം വിവാഹമോചനമെന്ന് വെളിപ്പെടുത്തല്‍. ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പ്രസിഡന്റ് എഡ്മണ്ട് കിംഗ് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സ്വതന്ത്രമായി ജീവിതം നയിക്കുന്നതിനുള്ള ആദ്യ പടിയെന്ന നിലയിലാണ് സ്ത്രീകള്‍ ഡ്രൈവിംഗ് പഠനം തെരഞ്ഞെടുക്കുന്നതെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു. 2017-18 വര്‍ഷത്തില്‍ ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്ന സ്ത്രീകളുടെ എണ്ണം കാര്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ഗവണ്‍മെന്റ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നാലു വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ 31 ശതമാനം വര്‍ദ്ധന ഇതിലുണ്ടായി. 2017-18 വര്‍ഷത്തില്‍ ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയ 50 വയസു കഴിഞ്ഞവരുടെ എണ്ണം 17,464 ആണ്.

ടെസ്റ്റ് പാസാകുന്നവരുടെ എണ്ണത്തില്‍ 33 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 4033ല്‍ നിന്ന് 5350 ആയാണ് ഇത് ഉയര്‍ന്നത്. വിവാഹമോചനം തന്നെയാണ് സ്ത്രീകളെ ഇതിന് പ്രേരിപ്പിക്കുന്നതെന്നാണ് മോട്ടാറിംഗ് വിദഗ്ദ്ധര്‍ പറയുന്നത്. മുമ്പ് പങ്കാളികളെ ആശ്രയിച്ചിരുന്ന ഇവര്‍ സ്വതന്ത്രരാകുമ്പോള്‍ ഡ്രൈവിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്. 2017ല്‍ 101,000ലേറെ ദമ്പതികള്‍ വിവാഹമോചനം നേടിയിട്ടുണ്ട്. 55നും 59നുമിടയില്‍ പ്രായമുള്ള സ്ത്രീകളുടെ വിവാഹ മോചന നിരക്ക് ആയിരം ദമ്പതികളില്‍ 5.8 ആണ്. പത്തു വര്‍ഷം മുമ്പ് ഇത് 5.2 മാത്രമായിരുന്നു. സ്ത്രീകളില്‍ പലര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടാകാറില്ല. എന്നാല്‍ വിവാഹമോചനത്തിനു ശേഷം ഒറ്റയ്ക്കാകുമ്പോള്‍ ഇവര്‍ക്ക് അത് അത്യാവശ്യമായി മാറുകയാണെന്ന് എഡ്മണ്ട് കിംഗ് പറയുന്നു.

ജനങ്ങള്‍ നഗരങ്ങളില്‍ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് ചേക്കേറുന്നതിന്റെ ഫലം കൂടിയാണ് സ്ത്രീകള്‍ കൂടുതല്‍ ഡ്രൈവിംഗിലേക്ക് തിരിയുന്നതെന്ന് ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് ഏജന്‍സി പുറത്തു വിടുന്ന കണക്കുകള്‍ പറയുന്നു. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിനെ ആശ്രയിക്കാന്‍ കഴിയാത്ത ഗ്രാമപ്രദേശങ്ങളില്‍ സ്വയം വാഹനങ്ങള്‍ ഓടിക്കേണ്ടി വരും. 50കളിലുള്ള സ്ത്രീകള്‍ ആദ്യമായി ഡ്രൈവിംഗ് സീറ്റുകളിലേക്ക് എത്തുന്നത് വര്‍ദ്ധിക്കുകയാണെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട് തലവന്‍ ജിം ഓ’സള്ളിവന്‍ കഴിഞ്ഞ മാസം ഒരു കോണ്‍ഫറന്‍സില്‍ പറഞ്ഞിരുന്നു.