യുകെയില്‍ ഇനി മുതല്‍ നോ ഫോള്‍ട്ട് വിവാഹ മോചനങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍ അരങ്ങൊരുങ്ങുന്നു. വിവാഹമോചന നിയമങ്ങളില്‍ വരുത്താനിരിക്കുന്ന സുപ്രധാന മാറ്റത്തിലൂടെയാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ഇതനുസരിച്ച് വിവാഹമോചനം ലഭിക്കണമെങ്കില്‍ പങ്കാളിയുടെ മേല്‍ ആരോപിക്കുന്ന കുറ്റം തെളിയിക്കണമെന്ന വ്യവസ്ഥ ഇല്ലാതാകും. പരസ്ത്രീ ബന്ധം, അസ്വാഭാവികമായ പെരുമാറ്റം, ഉപേക്ഷിച്ചു പോകല്‍ തുടങ്ങിയ കാരണങ്ങളാണ് സാധാരണ ഗതിയില്‍ വിവാഹമോചനത്തിന് കാരണങ്ങളായി കേസുകളില്‍ ഉന്നയിക്കാറുള്ളത്. ഇവ ഇനി മുതല്‍ തെളിയിക്കപ്പെടേണ്ടതില്ല. നിയമത്തില്‍ 50 വര്‍ഷത്തിനു ശേഷമാണ് മാറ്റം വരുത്തിയിട്ടുള്ളത്.

പങ്കാളികള്‍ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങള്‍ തെളിഞ്ഞില്ലെന്നത് വിവാഹമോചനം തടയുന്നതിന് ഉപയോഗപ്പെടുത്തുന്നത് സാധാരണമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമത്തില്‍ അഴിച്ചുപണി നടത്താമെന്ന് ജസ്റ്റിസ് സെക്രട്ടറി അറിയിച്ചത്. ഫോള്‍ട്ട് ബേസ്ഡ് വിവാഹ മോചന സമ്പ്രദായം തന്നെ നിര്‍ത്തലാക്കാനും ഇക്കാര്യത്തില്‍ ലെജിസ്ലേഷന്‍ പാസാക്കുന്നതിനായുള്ള കണ്‍സള്‍ട്ടേഷന്‍ പ്രഖ്യാപിക്കാനും തയ്യാറാണെന്ന് സെക്രട്ടറി ഡേവിഡ് ഗോക്ക് അറിയിച്ചു. പുതിയ നിയമമനുസരിച്ച് വിവാഹമോചനങ്ങള്‍ പൂര്‍ത്തിയാകുന്നതിനായി ആറു മാസത്തെ സമയം ജസ്റ്റിസ് മിനിസ്ട്രി നിശ്ചയിക്കും. ഇക്കാലയളവില്‍ വേറിട്ടു താമസിക്കുന്നത് പോലും വിവാഹമോചനത്തിനുള്ള നിയമപരമായ കാരണമായി കണക്കാക്കുന്നതാണ്.

സിവില്‍ പാര്‍ട്ണര്‍ഷിപ്പുകളിലും ഇതേ വ്യവസ്ഥകള്‍ ബാധകമായിരിക്കും. നിലവിലുള്ള നിയമം കുടുംബങ്ങളില്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണതകളും ഇത് മാറ്റാന്‍ പ്രേരകമായിട്ടുണ്ടെന്നാണ് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. യുകെയിലെ ഏറ്റവും മുതിര്‍ന്ന ഫാമിലി ജഡ്ജ് സര്‍.ജെയിംസ് മൂണ്‍ബി ഡൈവോഴ്‌സ് നിയമത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പറഞ്ഞിരുന്നു.